ആപ്പ്ജില്ല

മൊബൈൽ പണ വിനിമയങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ്; പേടിഎമ്മും, എച്ച്ഡിഎഫ്സി എർ​ഗോയും ചേർന്നുള്ള പദ്ധതി

ഇനി മൊബൈൽ വിനിമയങ്ങൾക്കും ഇൻഷുറൻസിന്റെ കരുതൽ. പേടിഎമ്മും, എച്ച്ഡിഎഫ്സി എർ​ഗോയും ചേർന്നാണ് ഡിജിറ്റൽ യു​ഗത്തിൽ ഉപഭോക്താക്കൾക്ക് സുരക്ഷയൊരുക്കുന്നത്. വൈകാതെ ഉയർന്ന പരിധിയുള്ള വിനിമയങ്ങളിലേക്കും കവറേജ് വർധിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സുരക്ഷ നൽകാൻ ഈ പോളിസിക്കു സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Authored byശിവദേവ് സി.വി | Samayam Malayalam 20 Dec 2022, 1:43 pm
പേടിഎമ്മിന്റെ ഉടമസ്ഥാവകാശമുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ്, 'പേടിഎം പേയ്മെന്റ് പ്രൊട്ടക്ട്' എന്ന പേരിൽ പുതിയ ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാൻ ലോഞ്ച് ചെയ്തു. എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസുമായി ചേർന്നു കൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ആപ്പുകളിലൂടെയും, വാലറ്റുകളിലൂടെയും നടത്തുന്ന യുപിഐ വിനിനമയങ്ങൾ ഇതിലൂടെ ഇൻഷുർ ചെയ്യാൻ സാധിക്കും.
Samayam Malayalam paytm thumb
Representative Image (പ്രതീകാത്മക ചിത്രം)


ഈ പുതിയ ഇൻഷുറൻസിലൂടെ ഉപഭോക്താക്കൾക്ക് സ്വയം സുരക്ഷയൊരുക്കാൻ സാധിക്കും. മൊബൈൽ ഫോണിലൂടെ വഞ്ചനാപരമായ വിനിമയങ്ങൾ നടന്നാൽ, 10,000 രൂപ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കും. എന്നാൽ ഉടൻ തന്നെ ഉയർന്ന തോതിലുള്ള വിനിമയങ്ങൾക്കും കവറേജ് ഏർപ്പെടുത്തും.

ഒരു ലക്ഷം രൂപ വരെയുള്ള വിനിമയങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഉടൻ ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഈ പ്രൊഡക്ട്, ഡിജിറ്റൽ പേയ്മെന്റ് അനുഭവങ്ങൾ വർധിപ്പിക്കാൻ സഹായകമാവും. രാജ്യത്താകമാനമുള്ള ഡിജിറ്റൽ വിനിമയങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നും പേടിഎം അറിയിച്ചു.

Also Read : ഗൂഗിൾ നിങ്ങൾക്ക് സൗജന്യമായി സേവനങ്ങൾ നൽകുന്നതെങ്ങനെ? വരുമാനം എവിടെ നിന്ന് ലഭിക്കും?

സൗകര്യപ്രദമായ ക്ലെയിമുകൾ നൽകുന്ന കവറേജാണ് കമ്പനി നൽകുന്നതെന്ന് പേടിഎം പെയ്മെന്റ്സ് ഹെഡും, ലെൻഡിങ് സിഇഒ യുമായ ഭാവേഷ് ഗുപ്ത പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷ നൽകുകയും, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എച്ച്ഡിഎഫ്സി എർഗോയുമായുള്ള പങ്കാളിത്തത്തിലൂടെ സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റുകൾ രാജ്യത്ത് നടത്താൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൊബൈൽ വാലറ്റുകളുടെയും, യുപിഐ പേയ്മെന്റിന്റെയും ഉപയോഗം രാജ്യത്ത് വളരെയധികം വർധിച്ചതായി എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസിന്റെ റീടെയിൽ ബിസിനസ് പ്രസിഡന്റ് പർത്താനിൽ ഘോഷ് അഭിപ്രായപ്പെട്ടു. ലളിതമായും, സൗകര്യപ്രദമായും ഇവ ഉപയോഗിക്കാനാകുമെന്നത് നേട്ടമാണ്. എന്നാൽ ഇത് സൈബർ കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുന്നു. പേടിഎമ്മുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, സൈബർ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന തങ്ങളുടെ പ്രതിജ്ഞ പാലിക്കാൻ ഇതിലൂടെ സാധിക്കും. ഈ സമഗ്രമായ ഇൻഷുറൻസ് ഓഫറിങ്ങും, പേടിഎമ്മിന്റെ ഡിജിറ്റൽ ആക്സിസും ചേരുമ്പോൾ ഡിജിറ്റൽ രംഗത്ത് വളർച്ചയുണ്ടാകും. ഈ ശ്രമം സാമ്പത്തികമായി എല്ലാവരെയും ഉൾ‌ക്കൊള്ളുന്നു. ഇതിലൂടെ രാജ്യത്തുള്ള സൈബർ ഫ്രോഡുകളെ ചെറുക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്