ആപ്പ്ജില്ല

'ആർക്കുവേണ്ടിയാണ് ജീവൻ പണയം വെച്ചുള്ള കരിങ്കൊടി പ്രതിഷേധം?'

യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധത്തെക്കുറിച്ച് ശരണ്യ എം ചാരു. കരിങ്കൊടി പ്രതിഷേധമൊക്കെ ഏത് കാലത്തെ സമരമുറയാണെന്നും ആർക്കുവേണ്ടിയാണ് ജീവൻ പണയം വെച്ചു റോഡിൽ ഇറങ്ങി ഈ കറുത്ത തുണി വീശിക്കാണിക്കുന്നതെന്നും ശരണ്യ എം ചാരു ചോദിക്കുന്നു. കരിങ്കൊടി കാണിക്കൽ കാലഹരണപ്പെട്ടൊരു പ്രതിഷേധ രീതിയാണെന്നാണ് ശരണ്യ എം ചാരുവിൻ്റെ അഭിപ്രായം.

Edited byദീപു ദിവാകരൻ | Samayam Malayalam 29 Nov 2023, 4:12 pm
ശരണ്യ എം ചാരു
Samayam Malayalam youth congress black flag protest
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി വീശുന്നു. Photo: Facebook


ഈ കരിങ്കൊടി പ്രതിഷേധമൊക്കെ ഏത് കാലത്തെ സമരമുറയാണെന്ന് പ്രിയപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടക്കെങ്കിലും ഒന്ന് ആലോചിക്കുന്നത് നല്ലതാണെന്നാണ് കഴിഞ്ഞ ദിവസത്തെ കരിങ്കൊടി പ്രതിഷേധത്തിൻ്റെ വീഡിയോ കാണുമ്പോൾ ആദ്യം തോന്നിയത്. ആർക്കുവേണ്ടിയാണ് നേതാക്കളേ, നിങ്ങൾ ഇങ്ങനെ ജീവൻ പണയം വെച്ചു റോഡിൽ ഇറങ്ങി ഈ കറുത്ത തുണി വീശിക്കാണിക്കുന്നത്. മുഖ്യന്റെ എസ്‌കോട്ട് വാഹനം വരുന്ന വരവ് കണ്ടോ, ഇടിച്ചു തെറിപ്പിച്ചിട്ട് പോകും എന്നല്ലാതെ നിങ്ങളെ ഒന്ന് ആശുപത്രിയിലേക്ക് പോലും കൊണ്ടുപോകില്ല ഇവരാരും.

എന്തെങ്കിലും പറ്റിയാൽ നിങ്ങൾക്കും കുടുംബത്തിനും പോയി എന്നല്ലാതെ വേറെ ഒന്നും ഇന്നാട്ടിൽ ഈ പ്രതിഷേധംകൊണ്ട് സംഭവിക്കില്ല. കൂടിപ്പോയാൽ രണ്ട് കോളം വാർത്ത, അതിലും കൂടിപ്പോയാൽ ഒരാഴ്ച സ്വന്തം പാർട്ടിക്കാർ ചിലപ്പോ പ്രതിഷേധിക്കുമായിരിക്കും, അത് കഴിഞ്ഞാൽ അവരും എന്തിന് സ്വന്തം വീട്ടുകാരെ പോലും മറക്കും. പിന്നെ ആകെ ഒരു ഗുണമുള്ളത് ജീവൻ പോകാതെ, കൈയോ കാലോ പൊട്ടി കിടപ്പിലാണെങ്കിൽ ഒരു കേസ് പോലീസ് സ്വന്തം പേരിൽ കടലാസിലാക്കി കീശയിൽ തരുമെന്നത് മാത്രമാണ്. ശിഷ്ഠകാലം അതിന്റെ പിന്നാലെ നടക്കാം എന്നതൊരു ഗുണമാണ്. അതും പേർസണലാണ്. മറക്കരുത്.


ഈ കറുത്ത തുണിയെ കേരളത്തിന്റെ ഇരട്ടച്ചങ്കന് ഇത്രേം പേടിയാണല്ലോ എന്നാകും തിരിച്ചുള്ള ചോദ്യം. ശരിയാണ്, അങ്ങേർക്കീ തുണി കാണുമ്പോ പേടിച്ചിട്ട് ചിലപ്പോ മുട്ട് വിറയ്ക്കുന്നുണ്ടെങ്കിൽ കൂടി സ്വന്തം ജീവൻ പണയം വെച്ചിട്ടല്ല നിങ്ങളത് ചെയ്യേണ്ടത്. കുറേ കൂടി ബോധവും വെളിവും കാണിക്കാൻ പഠിക്കൂ, കുറേ കൂടി മികച്ച പ്രതിഷേധ രീതികൾ സംഘടിപ്പിക്കൂ. പ്രതിഷേധിക്കുന്നത് എന്തിനാണ്?, നിലവിലുള്ള രീതിയോടുള്ള വിയോജിപ്പ് അറിയിക്കാൻ മാത്രമല്ലല്ലോ, വിയോജിപ്പുള്ള രീതികൾ മാറ്റപ്പെടാൻ കൂടി അല്ലേ..? അതിന് ജീവൻ കളഞ്ഞുള്ള ഈ രീതി തന്നെ വേണോ എന്നൊന്ന് ആലോചിച്ചു നോക്ക്.

NB: ഇതിപ്പോ കഴിഞ്ഞ ഭരണത്തിന്റെ കാലത്ത് ഡിവൈഎഫ്ഐ ചെയ്തപ്പോഴും നാളെ മറ്റാരെങ്കിലും ചെയ്താലും ഇത് തന്നെയാണ് നിലപാട്. കരിങ്കൊടി കാണിക്കൽ കാലഹരണപ്പെട്ടൊരു പ്രതിഷേധ രീതിയാണ്. പിന്നെ, ഒരു പ്രതിഷേധത്തെ അടിച്ചമർത്തേണ്ടത് പ്രതിഷേധിക്കുന്നവന്റെ ദേഹത്തേക്ക് വാഹനം ഓടിച്ചു കയറ്റിയിട്ടുമല്ല. നമ്മളിനിയും ഒരുപാട് കാര്യങ്ങളിൽ അപ്ഡേറ്റ് ആകാനുണ്ട്.


(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ