Please enable javascript.Saudi Arabia Film Commission (SFC),74ാമത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയും; സിനിമാ മേഖലയില്‍ കൂടുതല്‍ നിക്ഷേപം - saudi arabia to participate in 74th berlin film festival - Samayam Malayalam

74ാമത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയും; സിനിമാ മേഖലയില്‍ കൂടുതല്‍ നിക്ഷേപം

Authored byനിഷാദ് അമീന്‍ | Samayam Malayalam 15 Feb 2024, 4:10 pm
Subscribe

പതിറ്റാണ്ടുകളായി രാജ്യത്ത് സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സമീപകാലത്താണ് ഒഴിവാക്കിയത്. ഡസന്‍ കണക്കിന് തിയേറ്ററുകള്‍ സ്ഥാപിച്ചും സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കിയും ഈ മേഖലയില്‍ വന്‍ നിക്ഷേപം നടത്തിയും പ്രാദേശിക ചലച്ചിത്ര വ്യവസായം ശക്തിപ്പെടുത്തിവരികയാണ് സൗദി. സൗദിയെ ആഗോള ചലച്ചിത്ര ലക്ഷ്യസ്ഥാനമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.

ഹൈലൈറ്റ്:

  • ചലച്ചിത്ര മേളയില്‍ സൗദിയുടെ പ്രത്യേക പവലിയനുണ്ടാവും
  • സൗദിയിലെ ഓര്‍ഗനൈസേഷനുകള്‍ പവലിയനുമായി സഹകരിക്കും
  • സിനിമകളില്‍ അറബ് ഉള്ളടക്കം മെച്ചപ്പെടുത്താന്‍ ശ്രമം

berlin film fest
റിയാദ്: ഇന്ന് മുതല്‍ ഫെബ്രുവരി 25 ഞായര്‍ വരെ നടക്കുന്ന 74-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദി അറേബ്യ പങ്കെടുക്കുമെന്ന് സൗദി ഫിലിം കമ്മീഷന്‍ (എസ്എഫ്‌സി) അറിയിച്ചു. മേളയില്‍ സൗദിയുടെ പ്രത്യേക പവലിയനുണ്ടാവും. ഫിലിം അല്‍ഉല, കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഫണ്ട്, നിയോം, ഇന്‍വെസ്റ്റ് സൗദി, റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ എന്നിവയുള്‍പ്പെടെ വിവിധ ഓര്‍ഗനൈസേഷനുകള്‍ സൗദി പവലിയനുമായി സഹകരിക്കും.
സൗദിയെ ആഗോള ചലച്ചിത്ര ലക്ഷ്യസ്ഥാനമായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. പ്രാദേശിക ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ചും രാജ്യത്ത് സിനിമ നിര്‍മാണം വര്‍ധിപ്പിച്ചും അന്താരാഷ്ട്ര മേളകളിലൂടെ പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിച്ചും ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.


സൗദി അറേബ്യയിലെ ആകര്‍ഷകമായ ചിത്രീകരണ സ്ഥലങ്ങളുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള നിര്‍മാതാക്കളെ പ്രചോദിപ്പിക്കുകയാണ് പവലിയന്‍ ലക്ഷ്യമിടുന്നതെന്ന് എസ്എഫ്സി സിഇഒ അബ്ദുല്ല അല്‍ ഇയാഫ് പറഞ്ഞു. സൗദി പ്രതിഭകളെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുക, ഈ രംഗത്തെ അറിവുകള്‍ പങ്കുവയ്ക്കുകയും സാംസ്‌കാരിക വിനിമയം സാധ്യമാക്കുകയും ചെയ്യുക, സൗദി ചലച്ചിത്ര വ്യവസായത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേളയില്‍ പങ്കെടുക്കുന്നത്.

Valentine Day Proposal: പ്രണയിനിയോട് മനസ്സമ്മതം തേടാന്‍ യുവാവ് തെരഞ്ഞെടുത്തത് ദുബായ് വിമാനത്താവളത്തിന്റെ മേല്‍ക്കൂര
കാന്‍, ടൊറന്റോ, വെനീസ് തുടങ്ങിയ പ്രശസ്തമായ ചലച്ചിത്ര മേളകളിലെ സൗദി ഫിലിം കമ്മീഷന്‍ സാന്നിധ്യമറിയിച്ചിരുന്നു. ഈ പങ്കാളിത്തത്തിലൂടെ ചലനാത്മകമായ ഒരു ചലച്ചിത്ര സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ആഗോളതലത്തില്‍ സൗദി ചലച്ചിത്ര പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതിനും സാധിച്ചിരുന്നു.

'തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യും'; പ്രസംഗം വിലക്കിയതിനെതിരെ ഫാത്തിമ തഹിലിയ
അതേസമയം, സിനിമാ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനും ലോക സിനിമകളില്‍ അറബ് ഉള്ളടക്കം മെച്ചപ്പെടുത്താനും തീരുമാനിച്ചതായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശെയ്ഖ് വെളിപ്പെടുത്തി. സിനിമാ നിര്‍മാണ, വിതരണ, വ്യവസായ മേഖലയില്‍ അറബ് ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ബിഗ് ടൈം ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്ന പേരില്‍ പുതിയ നിധി സ്ഥാപിക്കും.

സിനിമാ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം കമ്പനികളും വ്യക്തികളും ഫണ്ടില്‍ പങ്കാളിത്തം വഹിക്കും. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് മുഖ്യ സ്‌പോണ്‍സര്‍. സഹസ്പോണ്‍സറായി സാംസ്‌കാരിക മന്ത്രാലയവും ഫണ്ടിറിക്കും. സില സ്റ്റുഡിയോ കമ്പനി, എസ്എംസി മീഡിയ കമ്പനി, അല്‍ആലമിയ കമ്പനി, റോട്ടാന ഓഡിയോ ആന്റ് വിഷ്വല്‍സ് കമ്പനി, ബെഞ്ച്മാര്‍ക്ക് കമ്പനി, പൈസ്‌ക്വയര്‍ ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍ കമ്പനി എന്നീ സ്ഥാപനങ്ങളാണ് ഫണ്ടില്‍ പങ്കാളിത്തം വഹിക്കുക.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ