ഉത്തരേന്ത്യൻ മാതൃക; നിർബന്ധിത മതപരിവർത്തനം തടയാൻ കർണാടക നിയമം

ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ മുമ്പേ ഈ നിയമം കൊണ്ടുവന്നിരുന്നു. മതപരിവര്‍ത്തനത്തിനായി വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

Samayam Malayalam
ക‍ര്‍ണാടക നിയമസഭ സമ്മേളനം പുരോഗമിക്കുന്നു -PTI Photo
| 23 Sept 2021, 2:24 pm
നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാനായി കര്‍ണാടകയും പുതിയ നിയമം കൊണ്ടു വരുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ മുമ്പേ ഈ നിയമം കൊണ്ടുവന്നിരുന്നു. അതിനു പിന്നാലെയാണ് കര്‍ണാടകത്തിന്റെ നീക്കം.

'മതപരിവര്‍ത്തനത്തിന്റെ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ആളുടെ നിര്‍ബന്ധിച്ച് മതം മാറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായി വേണ്ട നടപടി സ്വീകരിക്കും. ആവശ്യമായ ജാഗ്രതയും പാലിക്കും. രാജ്യത്തുടനീളം മതപരിവര്‍ത്തനത്തിനായി വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് ചുക്കാന്‍ പിടിക്കുന്നവരെ നിയന്ത്രിക്കാനായി ഉടനെ മതപരിവര്‍ത്തന വിരുദ്ധ ബില്‍ കൊണ്ടുവരും.'-- കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റ് മൂന്ന് സംസ്ഥാനങ്ങളും നടപ്പിലാക്കിയ നിയമത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടകത്തിന് പുറമേ ഹരിയാനയും മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനായി അന്തിമ കരട് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

നിയമം ഇത്ര കാലയളവില്‍ നടപ്പിലാക്കുമെന്ന ഉത്തരവുകള്‍ ഒന്നും തന്നെ കര്‍ണാടക പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ നിയമപ്രകാരം എല്ലാം നടക്കുകയാണെങ്കില്‍ ബില്‍ ശീതകാല സമ്മേളനം നിയമസഭയില്‍ നടക്കുമ്പോള്‍ അവതരിപ്പിച്ചേക്കുമെന്നാണ് സംസ്ഥാന നിയമ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ദളിത്, പിന്നോക്ക വിഭാഗങ്ങളേയും മുസ്ലിം സമുദായങ്ങളേയും ലക്ഷ്യം വെച്ച് ചില പള്ളികളും മിഷണറിമാരും മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് നിരവധി ബിജെപി നിയമസഭാ അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് നിയമം നടപ്പിലാക്കുമെന്നുള്ള പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.

ബല പ്രയോഗത്തിലൂടേയോ, മറ്റുള്ളവരുടെ പ്രേരണ മൂലമോ നിര്‍ബന്ധിത മത പരിവര്‍ത്തനം സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണെന്ന് ഹൊസദുര്‍ഗയിലെ ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ ശൂന്യവേളയില്‍ വിഷയമായി അവതരിപ്പിച്ചിരുന്നു.

തന്റെ അമ്മ ക്രിസ്തുമതം സ്വീകരിച്ചുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തന്റെ അമ്മ തന്നെ വലിയ ഉദാഹരണമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

'എന്റെ ഹൊസദുര്‍ഗ മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സുവിശേഷകര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുണ്ട്. ഹിന്ദു മതത്തില്‍ നിന്നായി ഏകദേശം 20,000 ആളുകളെയാണ് അവര്‍ ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ത്തത്'-- അദ്ദേഹം ആരോപിച്ചു.
ചില പള്ളികളും ക്രിസ്ത്യന്‍ മിഷണറിമാരും നിരപരാധികളായ മനുഷ്യരേയും രോഗശാന്തി വാഗ്ദാനം ചെയ്ത രോഗികളേയുമാണ് കൂടുതലായും അവരുടെ മതത്തിലേക്ക് മാറ്റിയത്. ഇവരോട് കൂടുതല്‍ അടുത്ത് അവരുടെ ചിന്തകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് അടുപ്പിക്കാനായി ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീട്ടിലെ എല്ലാ ദേവന്മാരുടേയും ദേവികളുടേയും ചിത്രങ്ങള്‍ നീക്കണമെന്നും നെറ്റിയില്‍ കുങ്കുമം തൊടരുതെന്നുമാണ് ഒരു പള്ളി തന്റെ അമ്മയോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ശേഖര്‍ വെളിപ്പെടുത്തിയത്.

'വീട്ടില്‍ പൂജകള്‍ നടത്തുക എന്നത് ഇപ്പോള്‍ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുകയാണ്.' -- ശേഖര്‍ പറയുന്നു.

'ആരെങ്കിലും അത്തരം പ്രവൃത്തികളെ എതിര്‍ത്താല്‍ അവര്‍ക്കെതിരെ എസ് സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെയ്‌തെന്ന് ആരോപിച്ച് വ്യാജ കേസ് ഫയല്‍ ചെയ്യും. അതുമല്ലെങ്കില്‍ അതിലും മോശമായ ബലാത്സംഗ കുറ്റം ചുമത്തി അവരെ അകത്തിടും.'-- അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകത്തില്‍ മതപരിവര്‍ത്തനങ്ങളില്‍ വര്‍ദ്ധനവുണ്ടായതില്‍ മുന്‍ സ്പീക്കര്‍ കെജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് ചവാന്‍ തുടങ്ങിയവര്‍ ആശങ്ക പ്രകടിപ്പിച്ചു. വിജയപുര ജില്ലയില്‍ ഏതാണ്ട് 50000ത്തോളം വരുന്ന ലംബാനി സമുദായത്തില്‍ വലിയൊരു വിഭാഗം ജനങ്ങളേയും സുവിശേഷകര്‍ ലക്ഷ്യം വെച്ചിരിക്കുകയാണെന്നാണ് ചവാന്‍ ആരോപിക്കുന്നത്.

ഇതെല്ലാം അനാവശ്യവും അസാധുവുമായ പ്രസ്താവനകളാണെന്നും ഇത്തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ വ്യാപിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ ജോര്‍ജ് പറഞ്ഞു.

'പള്ളികള്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതേത് പള്ളിയാണെന്ന് കൂടി എംഎല്‍എ വ്യക്തമാക്കണം.' അദ്ദേഹം പറഞ്ഞു.

വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ സ്പീക്കറായ വിശ്വേശര്‍ ഹെഗ്‌ഡെ കഗേരി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനും മറ്റ് ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതു പോലെയുള്ള മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയമപ്രകാരം മതവിശ്വാസികളായ ദമ്പതികളെ പരസ്പരം വിവാഹം കഴിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അത്തരം വിവാഹങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍.


****
[Compiled by ശ്രുതി സി.ആർ]