ആപ്പ്ജില്ല

ട്രെയിൻ യാത്രയിൽ മൊട്ടിട്ട പ്രണയം, കോട്ടയംകാരിയെ വിവാഹം കഴിച്ച സുശീൽ കുമാർ മോദി; വാജ്പേയിയുടെ മനം കവർന്ന ദമ്പതികൾ

കോട്ടയം പൊൻകുന്നത്തെ ക്രിസ്ത്യൻ കുടുംബാംഗമായ ജെസ്സി ജോ‍ർജ് ആണ് സുശീൽ കുമാർ മോദിയുടെ ഭാര്യ. 1986 ഓഗസ്റ്റ് 13നായിരുന്നു ഇരുവരുടെയും വിവാഹം. ഒരു ട്രെയിൻ യാത്രയിൽ മൊട്ടിട്ട പ്രണയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. കോളേജ് പ്രൊഫസറായിരുന്നു ജെസ്സി ജോ‍‍ർജ്. ഉത്ക‍ർഷ് തഥാ​ഗത്, അക്ഷയ് അമൃതാൻഷു എന്നിവ‍രാണ് മക്കൾ.

Authored byദീപു ദിവാകരൻ | Samayam Malayalam 14 May 2024, 9:52 am

ഹൈലൈറ്റ്:

  • സുശീൽ കുമാർ മോദി കേരളത്തിൻ്റെ മരുമകൻ.
  • ഭാര്യ ജെസ്സി ജോർജ് കോട്ടയം പൊൻകുന്നം സ്വദേശിനി.
  • 1986ലാണ് ഇരുവരും വിവാഹിതരാകുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sushil Kumar Modi Love Story
സുശീൽ കുമാർ മോദി, സുശീൽ കുമാർ മോദിയുടെ വിവാഹത്തിന് വാജ്പേയി എത്തിയപ്പോൾ (Photo: Sushil Kumar Modi | Facebook).
പാറ്റ്ന: അന്തരിച്ച മുതി‍ർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീൽ കുമാർ മോദിക്ക് കേരളവുമായി അത്ര ചെറുതല്ലാത്ത ഒരു ബന്ധമുണ്ട്. മലയാളിയായ ജെസ്സി ജോ‍ർജ് ആണ് സുശീൽ കുമാർ മോദിയുടെ ഭാര്യ. കോട്ടയം പൊൻകുന്നത്തെ ക്രിസ്ത്യൻ കുടുംബാംഗമായ ജെസ്സിയുടെയും ബിഹാർ പാറ്റ്ന സ്വദേശിയായ സുശിൽ കുമാർ മോദിയുടെയും വിവാഹം സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്നതാണ്. ജാതിയുടെയും മതത്തിൻ്റെയുമൊക്കെ അതിർവരമ്പുകൾ സജീവമായിരുന്ന 80കളിലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് എത്തുന്നതും.
പാറ്റ്ന സയൻസ് കോളേജിൽനിന്ന് ബോട്ടണിയിൽ ബിരുദം നേടിയ സുശീൽ കുമാർ മോദി ഉപരിപഠനത്തിനായി പാറ്റ്ന സർവകലാശാലയിൽ എത്തിയ കാലം. ബോട്ടണിയിൽ തന്നെ ബിരുദാനന്തര ബിരുദത്തിന് ചേ‍ർന്ന സുശീൽ, ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി 19 മാസം ജയിൽവാസം അനുഭവിച്ചു. പിന്നീട് എബിവിപിയുടെ നേതൃനിരയിലേക്ക് എത്തിയതിനിടെയാണ് സുശീൽ ജെസ്സി ജോ‍ർജിനെ കണ്ടുമുട്ടുന്നത്.


മുംബൈ മലയാളിയായിരുന്ന ജെസ്സി ജോർജ് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി കശ്മീരിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു. സംഘടനാ പ്രവ‍ർത്തനത്തിൻ്റെ ഭാഗമായി മുംബൈയിലെ എബിവിപി ആസ്ഥാനത്ത് എത്തിയ ശേഷം സുശീലിൻ്റെ മടക്കയാത്ര ഇതേ ട്രെയിനിലായിരുന്നു. മുകളിലത്തെ ബെർത്തിൽ ജെസ്സിയും താഴത്തെ ബെർത്തിലും സുശീലും. ട്രെയിൻ യാത്രയിൽ പ്രണയം മൊട്ടിട്ടു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഇരു കുടുംബത്തിൽ നിന്നും എതിർപ്പ് ഉയർന്നെങ്കിലും ഇരുവരും തീരുമാനത്തിൽ ഉറച്ചുനിന്നു. 1986 ഓഗസ്റ്റ് 13ന് ഇരുവരും വിവാഹിതരായി. കോളേജ് പ്രൊഫസറായിരുന്നു ജെസ്സി. ഉത്ക‍ർഷ് തഥാഗത്, അക്ഷയ് അമൃതാൻഷു എന്നിവ‍ർ മക്കളാണ്.
മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി അന്തരിച്ചു

വിവാഹത്തിന് എത്തിയ വാജ്പേയി

സുശീൽ കുമാർ മോദിയുടെയും ജെസ്സി ജോർജിൻ്റെയും വിവാഹത്തിന് എബി വാജ്പേയി എത്തിയതും തുടർന്നുള്ള രസകരമായ നിമിഷങ്ങളും സുശീൽ കുമാർ മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നവദമ്പതികളെ അനുഗ്രഹിക്കാൻ ചിലർ വാജ്പേയിയോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു, "കല്യാണം പോലും കഴിക്കാത്ത എന്നോട് അവർ പറയുന്നു നവദമ്പതികളെ അനുഗ്രഹിക്കാൻ..".
ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാംഘട്ടത്തിൽ കാറ്റ് എങ്ങോട്ട്? 62.9 ശതമാനം പോളിങ്, ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിൽ

ഇതുകൂടാതെ, ഇരുവരുടെയും മിശ്രവിവാഹത്തെക്കുറിച്ചും വാജ്പേയി വാചാലനായി. സുശീൽ കുമാർ മോദിയുടെ വിവാഹം സമൂഹത്തിന് പ്രചോദനമാണെന്നായിരുന്നു വാജ്പേയിയുടെ വാക്കുകൾ. "നമ്മുടെ സമൂഹം വിലക്കുകളുടെ പിടിയിലാണ്, പ്രണയിനികൾക്കിടയിൽ മതിലുകൾ ഉയരുന്നു. ഈ മതിലുകൾ തകർത്ത് വിവാഹം കഴിക്കുന്നവരെ അവരുടെ കുടുംബങ്ങൾ അംഗീകരിക്കുന്നില്ല, അവർക്ക് സമൂഹത്തിൻ്റെ അനുഗ്രഹം ലഭിക്കുന്നില്ല. എങ്കിലും ഈ വിവാഹത്തിന് സമൂഹത്തിൻ്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഈ വിവാഹം സമൂഹത്തിന് വഴികാട്ടിയാകട്ടെ"- വാജ്പേയി പറഞ്ഞു.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്