ആപ്പ്ജില്ല

അരുംകൊലയിലെത്തിയത് കൊവിഡ് കാലത്തെ പ്രണയം; പ്രചോദനമായത് 'അഞ്ചാം പാതിരാ'; പ്രതിക്കൂട്ടിൽ നിർനിമേഷനായി ശ്യാംജിത്ത്

കേരളത്തെ നടുക്കിയ സംഭവമാണ് വിഷ്ണുപ്രിയ കൊലപാതകം. 23 വയസ്സുകാരിയെ അരുംകൊലയ്ക്കിരയാക്കിയ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുകയാണ്. വിചാരണാ വേളയിലേതിനു സമാനമായി പ്രതിക്കൂട്ടിൽ നിർനിമേഷനായിരുന്നു ശ്യാംജിത്ത്. തലശേരി കോടതി ആണ് ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊവിഡ് കാലത്തെ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Edited byദീപു ദിവാകരൻ | Lipi 10 May 2024, 8:08 pm

ഹൈലൈറ്റ്:

  • പ്രണയ വൈരാഗ്യത്താൽ 23 വയസ്സുകാരിയെ അരുംകൊലയ്ക്കിരയാക്കി പ്രതി ശ്യാംജിത്ത്.
  • പ്രതിക്കൂട്ടിൽ നിർനിമേഷനായി നിന്നത് കുറ്റബോധമില്ലാതെ.
  • കുറ്റക്കാരനെന്ന് കണ്ടെത്തിയത് തലശേരി കോടതി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Vishnupriya Murder Case
ശ്യാംജിത്ത്, വിഷ്ണുപ്രിയ.
കണ്ണൂർ: കേരളത്തെ ഞെട്ടിച്ച വിഷ്ണുപ്രിയ കൊലപാതകത്തിൻ്റെ വേരുകൾ ചെന്നെത്തുന്നത് ഒരു സൈക്കോ ത്രില്ലർ സിനിമയ്ക്കു സമാനമായ കാര്യങ്ങളിലേക്ക്. പ്രണയ വൈരാഗ്യത്താൽ 23 വയസ്സുകാരിയെ അരുംകൊലയ്ക്കിരയാക്കിയ പ്രതി ശ്യാംജിത്ത്, കോടതി കുറ്റക്കാരനെന്ന് വിധിക്കുമ്പോൾ പ്രതിക്കൂട്ടിൽ നിർനിമേഷനായി നിന്നത് കുറ്റബോധമില്ലാതെയാണ്. വിചാരണാ വേളയിലും കുറ്റബോധത്തിൻ്റെ ലാഞ്ചന പോലും ശ്യാംജിത്തിനെ അലട്ടിയിരുന്നില്ലെന്നാണ് തലശേരി കോടതിയിലെ അഭിഭാഷകരും ഇയാളെ കോടതിയിലേക്ക് കൊണ്ടുവന്നിരുന്ന പോലീസും പറയുന്നത്.
മാസങ്ങൾക്ക് മുൻപ് തലശേരി കോടതിയിൽ തുടങ്ങിയ വിചാരണാ വേളയിൽ വിഷ്ണുപ്രിയയുടെ അമ്മയുടെയും സഹോദരിയുടെയും സാക്ഷിവിസ്താരം നടന്നിരുന്നു. "ഞങ്ങളുടെ അമ്മുവിനെ എന്തിന് കൊന്നു..." എന്ന അവരുടെ കരച്ചിലുകൾക്ക് മുൻപിലും പ്രതികൂട്ടിൽ എല്ലാം കേട്ടുനിന്ന ശ്യാംജിത്തിന് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. ഇതുതന്നെയാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ച ദിവസവും സംഭവിച്ചത്.


നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയും അച്ഛനെ ഹോട്ടൽ നടത്തിപ്പിൽ സഹായിക്കുകയും ചെയ്തിരുന്ന ശ്യാംജിത്തെന്ന നാണം കുണുങ്ങിയായ യുവാവിന് എങ്ങനെ ഇത്ര മാത്രം ക്രൂരനാവാൻ കഴിഞ്ഞുവെന്ന ചോദ്യമാണ് പരിചയക്കാർക്കും ബന്ധുക്കൾക്കുമുള്ളത്. കൊവിഡ് അടച്ചുപൂട്ടൽ കാലത്ത് സഹോദരിയുടെ സഹപാഠിയുമായി അവിചാരിതമായാണ് വിഷ്ണുപ്രിയ പരിചയപ്പെടുന്നത്. പിന്നീട് അത് കടുത്ത പ്രണയബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. മൊബൈൽ ഫോണിലൂടെയും നേരിട്ടു കണ്ടും ശ്യാംജിത്തുമായി പ്രണയത്തിലാകുമ്പോൾ വിഷ്ണുപ്രിയയും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ആ ബന്ധം തന്റെ ജീവനെടുക്കാനുള്ളതാണെന്ന്.

വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായിരുന്നു പ്രതി ശ്യാംജിത്ത്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാർഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാൻ വിഷ്ണുപ്രിയ തീരുമാനിക്കുകയായിരുന്നു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല.
നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകം; ശ്യാംജിത് കുറ്റക്കാരനെന്ന് കോടതി, വിധി 13ന്

ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി പരിചയപ്പെടുന്നത്. ഇവർ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രംഗത്തെത്തി. വിഷ്ണുപ്രിയയെയും ആൺസുഹൃത്തിനെയും നേരിൽകണ്ട് ബന്ധം പിരിയാൻ‌ സമ്മർദം ചെലുത്തി. എന്നാൽ, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വർധിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

2022 ഒക്ടോബർ രണ്ട്. കണ്ണൂർ പാനൂരിലെ വീട്ടിൽ ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. "ശ്യാമേട്ടൻ വന്നിട്ടുണ്ട്, എന്നെ എന്തെങ്കിലും ചെയ്യും..." എന്ന് വിഷ്ണുപ്രിയ ആൺസുഹൃത്തിനോട് പറഞ്ഞു. 17 സെക്കന്റ് ആൺസുഹൃത്ത് ശ്യാംജിത്തിനെ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിർണായകമായത്. കൈയിൽ കരുതിയ ചുറ്റിക കൊണ്ട് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തിപ്പരിക്കേൽപ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ആൺ‌സുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പോലീസുകാരനെ അറിയിച്ചിരുന്നു.

വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. ശ്യാംജിത്തിൻ്റെ മൊബൈൽ ഫോൺ‌ ടവർ ലൊക്കേഷൻ ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കൂത്തുപറമ്പിനടത്ത് മാനന്തേരി എന്ന പ്രദേശത്താണ് ഉള്ളതെന്ന് പോലീസിനു വ്യക്തമായി. പോലീസ് എത്തുമ്പോൾ അച്ഛന്റെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു പ്രതി. യാതൊരു ഭാവവ്യത്യാസങ്ങളും പ്രതിക്കുണ്ടായിരുന്നില്ല. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താൻ കൃത്യം ചെയ്തെന്ന് സമ്മതിച്ചു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ പിറ്റേന്ന് കുളത്തിൽനിന്ന് കണ്ടെത്തി.

കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിനുപയോഗിച്ച സാധനങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കണ്ടെടുത്ത വസ്തുക്കളിൽ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയിൽനിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂർ ടൗണിലെത്തിയതിന്റെയും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വന്നുപോയത് മൂന്നുപേർ കണ്ടിരുന്നു. വീഡിയോ കോളിൽ ആൺസുഹൃത്തിന് ലഭിച്ച വിവരങ്ങളും നിർണായകമായി. ദൃക്സാക്ഷിയില്ലാത്ത കേസാണ് പോലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഹനുമാൻ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യ സ്വാമി, ദക്ഷിണാമൂർത്തി സ്വാമിയുടെ പ്രിയപ്പെട്ടയിടം; തീർഥാടന ടൂറിസം കേന്ദ്രമാകാൻ മക്രേരി അമ്പലം

വിഷ്ണുപ്രിയയയെ കൊല്ലാൻ ആസൂത്രണം ചെയ്തത് 'അഞ്ചാം പാതിരാ' സിനിമ കണ്ടാണെന്ന് ശ്യാംജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അഞ്ചാം പാതിരായിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താൻ വിഷ്ണുപ്രിയയുടെ വള്ള്യായിയിലെ വീട്ടിലെത്തിയത്. അഞ്ചാം പാതിരാ എന്ന ക്രൈം സിനിമ പ്രതി പല തവണ കണ്ടത് കൊലപാതക ആസൂത്രണത്തിന് സഹായകമായെന്ന മൊഴി കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചാലും തനിക്കൊന്നുമില്ലെന്നും കൃത്യത്തിൽ കുറ്റബോധമില്ലെന്നും പ്രതി പറഞ്ഞതും വാർത്തയായിരുന്നു.

വിഷ്ണുപ്രിയ അർഹിക്കുന്ന ശിക്ഷയാണ് താൻ നൽകിയതെന്നായിരുന്നു അന്ന് മാധ്യമങ്ങൾക്കു മുൻപിൽ പ്രതിയുടെ നിലപാട്. തനിക്ക് ഇപ്പോൾ 25 വയസാണെന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ 39 വയസേ ആകൂ എന്നുമാണ് ഒരു കൂസലുമില്ലാതെ ശ്യാംജിത്ത് അന്ന് പ്രതികരിച്ചത്. എന്നാൽ, ഇന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്യാംജിത്ത് മൗനം പാലിക്കുകയാണ് ചെയ്തത്. നിഷ്ഠൂരമായ കൃത്യത്തിന് കോടതി എന്ത് ശിക്ഷ വിധിക്കുമെന്ന് തിങ്കളാഴ്ച അറിയാൻ കഴിയും. അപൂർവമായ അരുംകൊല നടത്തിയ യുവാവിന് കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. കെ അജിത്ത് കുമാർ വാദിച്ചത്. എന്നാൽ പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമായതെന്നും ശ്യാംജിത്തിന് നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദമുന്നയിച്ചത്.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്