Please enable javascript.Ak Antony Birthday,എകെ ആന്റണിക്കും കോൺഗ്രസ്സിനും ഇന്ന് പിറന്നാൾ - ak antony birthday december 28 - Samayam Malayalam

എകെ ആന്റണിക്കും കോൺഗ്രസ്സിനും ഇന്ന് പിറന്നാൾ

Authored byപ്രണവ് മേലേതിൽ | Samayam Malayalam 28 Dec 2023, 6:24 am
Subscribe

ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്ക് പിറന്നാൾ. 83 വയസ്സ് തികയുകയാണിന്ന്. ജന്മദിനാഘോഷങ്ങൾ ഉണ്ടാകാറില്ല. ഇത്തവണയും അതിൽ മാറ്റമൊന്നും ഇല്ല. ഇത്തവണ കോൺഗ്രസ്സിന്റെ പിറന്നാളും ഒരുമിച്ചാണ് എത്തിയിരിക്കുന്നത്. അതിന്റെ ആഘോഷങ്ങളിൽ പങ്കുചേരും എകെ ആന്റണി.

ഹൈലൈറ്റ്:

  • ജന്മദിനത്തിന് ആഘോഷങ്ങളുണ്ടാകാറില്ല
  • കെപിസിസി ആസ്ഥാനത്തെ കോൺഗ്രസ് ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കും
  • ദിനചര്യകളിൽ മാറ്റമില്ല
ak antony
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി പ്രവർത്തക സമിതിയംഗവുമായ എകെ ആന്റണിക്ക് ഇന്ന് പിറന്നാൾ. ഡിസംബർ 28ന് ആന്റണിക്ക് 83 വയസ്സ് തികയും. പൊതുവെ പിറന്നാളുകൾ ആഘോഷിക്കാത്ത ആന്റണിയുടെ ദിനചര്യകളിൽ ഇന്നും മാറ്റമുണ്ടാകില്ല. കൂടാതെ ഇന്ന് കോൺഗ്രസ്സിന് 139 വയസ്സ് തികയുന്ന ദിവസം കൂടിയാണ്. അതിന്റെ ആഘോഷങ്ങളിലായിരിക്കും ആന്റണി ഇന്ന് ചെലവഴിക്കുക.
ചേര്‍ത്തലയിൽ 1940 ഡിസംബർ 28നാണ് എകെ ആന്റണി ജനിച്ചത്. അറക്കപ്പറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടി കുര്യന്റെയും മകനായി ജനിച്ച ആന്റണി സ്കൂൾ കാലഘട്ടത്തിലേ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മൂന്നുതവണ കേരള മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മൻമോഹൻ സിങ് സർക്കാരിൽ പ്രതിരോധ മന്ത്രിയായും സേവനം ചെയ്തു. അടുത്തിടെയാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

ഇന്ന് എകെ ആന്റണിയുടെ പ്രധാന പരിപാടി കോൺഗ്രസ്സിന്റെ ജന്മദിനാഘോഷങ്ങളായിരിക്കും. കേരളത്തിൽ വ്യാപകമായി ജന്മദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട് കോൺഗ്രസ്. കെപിസിസി ആസ്ഥാനത്തും ആഘോഷമുണ്ട്. കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണർ കെപിസിസി പ്രസിഡണ്ട് സ്വീകരിക്കും. ശേഷം കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി, കെപിസിസി-ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ദേശീയതലത്തിൽ ആഘോഷം നടക്കുന്നത് നാഗ്പൂരിലാണ്.രാഹുൽ ഗാന്ധിയും, മല്ലികാർജ്ജുൻ ഖാർഗെയും സോണിയ ഗാന്ധിയും പങ്കെടുക്കുന്ന മഹാറാലിയാണ് ഇവിടെ സംഘടിപ്പിക്കുന്നത്. ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കുക കൂടി കോൺഗ്രസ്സിന്റെ ലക്ഷ്യമാണ്.

1885 ഡിസംബർ 28നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്. ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിൽ വെച്ച് നടന്ന യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു. അലൻ ഒക്ടേവിയൻ ഹ്യൂം പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. വോമേഷ് ചന്ദ്ര ബാനർജി പ്രസിഡണ്ടായി. ബോംബെയിൽ നിന്നും മദ്രാസ് പ്രസിഡൻസിയിൽ നിന്നുമുള്ളവരായിരുന്നു ഭൂരിഭാഗം അംഗങ്ങളും.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ