ആപ്പ്ജില്ല

കൊവിഡ്-19: ഗുരുതരാവസ്ഥയിലുള്ളവര്‍ കറുത്തവരും ഏഷ്യക്കാരും; മഹാമാരിയില്‍ മറനീക്കി ബ്രിട്ടനിലെ അസമത്വം

ബ്രിട്ടനില്‍ ആരോഗ്യകാര്യത്തിലുള്ള അസമത്വം വെളിവാക്കുന്ന റിപ്പോര്‍ട്ട് ഇന്‍റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ (ഐസിഎന്‍എആര്‍സി) കഴിഞ്ഞയാഴ്‍ച പുറത്തുവിട്ടു. കൊറോണ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരില്‍ കൂടുതലും കറുത്തവര്‍ഗത്തിലും ന്യൂനപക്ഷത്തിലും (ബ്ലാക്ക് ആന്‍ഡ് മൈനോറിറ്റി എത്നിക്-ബിഎംഇ) പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Samayam Malayalam 9 Apr 2020, 4:25 pm
ലണ്ടന്‍: കൊറോണ വൈറസ് ലോകത്താകെ 85000-ലേറെ ജീവനുകളാണെടുത്തത്. ലോകത്താകെ 200-ലേറെ രാജ്യങ്ങളിലായി 15 ലക്ഷത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‍തു. കൊവിഡ്-19 മഹാമാരി ഏറ്റവുമധികം നാശം വിതയ്‍ക്കുന്നത് യൂറോപ്പിലും അമേരിക്കയിലുമാണ്. വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയിരിക്കുകയാണ് അമേരിക്കയിലെയും ഇറ്റലി, സ്‍പെയിന്‍, ഫ്രാ‍ന്‍സ്, ബ്രിട്ടന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെയും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും. വരും ദിവസങ്ങളില്‍ വൈറസ് സംഹാരതാണ്ഡവമാടുന്ന രാജ്യങ്ങള്‍ അമേരിക്കയും ബ്രിട്ടനുമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
Samayam Malayalam covid 19 majority of patients in critical condition in uk is from bme background
കൊവിഡ്-19: ഗുരുതരാവസ്ഥയിലുള്ളവര്‍ കറുത്തവരും ഏഷ്യക്കാരും; മഹാമാരിയില്‍ മറനീക്കി ബ്രിട്ടനിലെ അസമത്വം


വൈറസിന് മരണവേഗം

ബ്രിട്ടനില്‍ അതിവേഗമാണ് വൈറസ് വ്യാപിക്കുന്നത്. ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ മരിക്കുകയും ആയിക്കരണക്കിനാളുകള്‍ രോഗബാധിതരാവുകയും ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്‍ചയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‍ത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണടക്കം കൊവിഡ് സ്ഥിരീകിച്ചത് ബ്രിട്ടനെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു. 6000-ലേറെ പേര്‍ മരിക്കുകയും അരലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്‍തു. ബ്രിട്ടനും അമേരിക്കയ്‍ക്കും അടുത്ത ആഴ്‍ച കൂടി കഠിനമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്‍ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആരോഗ്യത്തിലും അസമത്വമുണ്ടോ?

ആരോഗ്യകാര്യത്തിലുള്ള അസമത്വം വെളിവാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇന്‍റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ (ഐസിഎന്‍എആര്‍സി) കഴിഞ്ഞയാഴ്‍ച പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ കൂടുതലും കറുത്തവര്‍ഗത്തിലും ന്യൂനപക്ഷത്തിലും (ബ്ലാക്ക് ആന്‍ഡ് മൈനോറിറ്റി എത്നിക്-ബിഎംഇ) പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് 2250-ലേറെ പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇതില്‍ 13.8 ശതമാനം ഏഷ്യന്‍ വംശജരാണ്. 13.6 ശതമാനം കറുത്ത വര്‍ക്കാരും 6.6 ശതമാനമാണ് മറ്റുള്ളവര്‍.

മരിച്ചവരില്‍ ബിഎംഇ ഡോക്ടര്‍മാരും

ബിഎംഇ വിഭാഗത്തില്‍പെട്ട ആറ് ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആദ്യം മരിച്ച ആരോഗ്യപ്രവര്‍ത്തകരും ഇവരാണ്. ബിഎംഇ സമുദായങ്ങള്‍ നേരിടുന്ന വിവേചനങ്ങളിലേക്കാണ് ഡോക്ടര്‍മാരുടെ മരണം വിരല്‍ചൂണ്ടുന്നതെന്ന് ഐസിഎന്‍എആര്‍ പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ 13 ശതമാനം ബിഎംഇ വിഭാഗമാണ്. തെക്കന്‍ ഏഷ്യന്‍ വംശജരായ രോഗികളുടെ എണ്ണം തീവ്ര പരിചരണ വിഭാഗങ്ങളില്‍ കൂടുതലാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ബര്‍മിങ്‍ഹാം യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലിലെ ഡോക്ടറും സൗത്ത് ഏഷ്യന്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ യുകെയുടെ ട്രസ്‍റ്റിയുമായ വസിം ഹനിഫ് പറയുന്നു. എന്നാല്‍ ഇത്തരം രോഗികളെക്കുറിച്ചുള്ള കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയില്‍ മറനീക്കുന്ന അസമത്വം

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവര്‍ ആരുമില്ലെന്നാതാണ് യാഥാര്‍ഥ്യം. എന്നാല്‍ നിലനില്‍ക്കുന്ന സാമൂഹിക ഘടനയിലെ അസമത്വങ്ങള്‍ ചില വിഭാഗങ്ങളെ കൂടുതല്‍ അപായത്തിലാക്കുന്നുവെന്നത് കാണാതെ പോകരുതെന്ന് വംശ സമത്വത്തിനായി പ്രവര്‍ത്തിക്കുന്ന റണ്ണിമെഡ് ട്രസ്റ്റിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈദ ഹഖ് പറഞ്ഞു. യുകെയിലെ ദാരിദ്ര്യത്തിന്‍റെ നിരക്കിനേക്കാള്‍ രണ്ട് മടങ്ങാണ് ബിഎംഇ വിഭാഗങ്ങളിലെന്ന് 2017-ല്‍ ജോസഫ് റൗണ്‍ട്രീ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍, കരീബിയന്‍ വിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‍മയും രൂക്ഷമാണ്.

എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ ഭീഷണിയിലാകുന്നു

ദാരിദ്ര്യവും വംശീയമായ വിവേചനവുമാണ് ബിഎംഇ സമുദായങ്ങള്‍ നേരിടുന്ന അസമത്വം. ഇതു തന്നെയാണ് ഇവരെ ആരോഗ്യ പ്രതിസന്ധിയിലേക്കും നയിക്കുന്നത്. ചില വംശീയ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി കാണുന്നുണ്ടെന്ന് റണ്ണിമെഡ് ട്രസ്റ്റ് ഡയറക്ടര്‍ ഒമര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം രോഗങ്ങളെല്ലാം ദാരിദ്ര്യത്തിന്‍റെയും വിവേചനത്തിന്‍റെയും ഫലമായുണ്ടാകുന്നതാണെന്നും അദ്ദേഹം പറയുന്നു. ആരോഗ്യ സര്‍വേകളിലൊന്നും ബിഎംഇ വിഭാഗങ്ങള്‍ ഉള്‍പ്പെടാറില്ലെന്ന് ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സല്‍മാന്‍ വഖാര്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നതാണെന്നും യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് രോഗം ഗുരുതരാവസ്ഥയിലാകുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്