ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തം

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതക കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്വം. കുറ്റാരോപിതനായ വ്യക്തിയെ ആലപ്പുഴ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു. നിയമനത്തിനെതിരെ മുസ്‌ലിം ലീഗും സുന്നി സംഘടനകളും സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതക കേസിൽ പ്രതിയായ ഒരാൾക്ക് ജില്ലയുടെ മുഴുവൻ ചുമതല നൽകി നിയമിച്ച നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതുകൊണ്ട് തന്നെ കളക്ടർ ആയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപട്. ഇക്കാര്യം ഉയർത്തി കളക്ട്രേറ്റിന് മുന്നിൽ കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു. അതേസമയം നിയമനത്തിനെതിരെ സുന്നി സംഘടനകളും മുസ്‌ലിം ലീഗും രംഗത്ത് വന്നിട്ടുണ്ട്. പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന - ജില്ലാ നേതൃത്വങ്ങളും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Samayam Malayalam 25 Jul 2022, 10:44 pm
Loading ...