ആപ്പ്ജില്ല

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന്

ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം

Samayam Malayalam 14 Mar 2018, 11:32 am
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍റെ മുന്നോടിയായി കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. അതിനിടെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെഷന്‍സ് കോടതി കേസ് പരിഗണനയ്ക്ക് എടുക്കുന്നത്. അതിനാൽ തന്നെ ദിലീപ് ഇന്ന് ഹാജരായേക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. പകരം താരം അവധിയ്ക്ക് അപേക്ഷ നൽകാനാണ് സാധ്യത.
Samayam Malayalam trial starts from today regarding actress attack case
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന്


സെഷന്‍സ് കോടതിയാണ് ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. മു!ഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമേ സെഷന്‍സ് കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് നടൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രതിയെന്ന നിലയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് കാട്ടി മറ്റൊരു ഹര്‍ജിയും നടൻ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമേ വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കുകയുള്ളൂ. കേസില്‍ എട്ടാം പ്രതിയായ ദിലീപ് വിചാരണക്കോടതിയില്‍ തന്‍റെ ജാമ്യം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടും. ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പത്തോളം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതേസമയം കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ ഈ വാര്‍ത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്