Please enable javascript.ഒന്നാമൻ ബ്ലാസ്‌റ്റേഴ്‌സ് - kerala blasters beat hyderabad fc - Samayam Malayalam

ഒന്നാമൻ ബ്ലാസ്‌റ്റേഴ്‌സ്

Samayam Malayalam 10 Jan 2022, 10:06 am
Subscribe

ഐ എസ്‌ എല്ലിൽ കരുത്തരായ ഹൈദരാബാദിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്

kerala blasters beat hyderabad fc
ഒന്നാമൻ ബ്ലാസ്‌റ്റേഴ്‌സ്
കരുത്തരായ ഹൈദരാബാദ്‌ എഫ്‌സിയെ ഒരു ഗോളിന്‌ വീഴ്‌ത്തി കേരള ബ്ലാസ്‌റ്റേഴസ്‌ എഫ്‌സി ഐഎസ്‌എൽ ഫുട്‌ബോളിൽ ഒന്നാം സ്ഥാനത്ത്‌. 42-ാം മിനിറ്റിൽ അൽവാരോ വാസ്‌കസാണ്‌ മഞ്ഞപ്പടയുടെ വിജയഗോൾ കുറിച്ചത്‌. 10 മത്സരത്തിൽ 17 പോയിന്റാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌. നാല്‌ ജയവും അഞ്ച്‌ സമനിലയും ഒരു തോൽവിയും. രണ്ടാമതുള്ള മുംബൈ സിറ്റിക്കും 17 പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ കുതിച്ചു. ഈ സീസണിൽ ഇതാദ്യമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തുന്നത്‌.
തോൽവിയില്ലാതെ തുടർച്ചയായ ഒമ്പതു മത്സരങ്ങളും പൂർത്തിയാക്കി. ജനുവരി 12ന് ഒഡിഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഗോവയ്‌ക്കെതിരെ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തിൽ മലയാളി താരം വി ബിജോയ്ക്ക്‌ പകരം ഹോർമിപാം തിരിച്ചെത്തി. ജെസെൽ കർണെയ്‌റോ, മാർകോ ലെസ്‌കോവിച്ച്, ഹർമൻജോത് കബ്ര എന്നിവർ തുടർന്നു. മധ്യനിരയുടെ ചുമതല ഇത്തവണയും അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, പുയ്ട്ടിയ, ജീക്‌സൺ സിങ് എന്നിവർക്കാണ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകിയത്‌. മുന്നേറ്റത്തിൽ അൽവാരോ വാസ്‌കസ്–ജോർജ് പെരേര ഡയസ് സഖ്യത്തിലുള്ള വിശ്വാസം തുടർന്നു. ഗോൾവല പ്രഭ്‌സുഖൻ സിങ് കാത്തു. ഹൈദരാബാദിന്റെ ഗോൾ വലയ്‌ക്ക്‌ കീഴിൽ ലക്ഷ്‌മികാന്ത്‌ കട്ടിമാണിയായിരുന്നു. ആശിഷ്‌ റായ്‌, ചിൻഗ്ലെൻസന സിങ്‌, യുവനാൻ, ആകാശ്‌ മിശ്ര എന്നിവർ പ്രതിരോധത്തിൽ. മധ്യനിരയിൽ ജോയോ വിക്ടർ, ഹിതേഷ്‌ ശർമ, നിഖിൽ പൂജാരി, എഡു ഗാർഷ്യ, അനികേത്‌ ജാദവ്‌ സഖ്യവും അണിനിരന്നു. ഗോളടിക്കാൻ ബർതലോമേവ്‌ ഓഗ്‌ബച്ചെയും.
അവസാന വിക്കറ്റില്‍ ചെറുത്ത് ഇംഗ്ലണ്ട്, നാലാം ആഷസ് ടെസ്റ്റില്‍ ത്രില്ലടിപ്പിക്കുന്ന സമനില

ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ്‌ കളി തുടങ്ങിയത്‌. മൂന്നാം മിനിറ്റിൽ ലൂണയും ജോർജ്‌ ഡയസും ചേർന്നുള്ള മുന്നേറ്റം ഹൈദരാബാദ്‌ പ്രതിരോധത്തെ വിറപ്പിച്ചു. ഗോൾകീപ്പർ കട്ടിമാണി അവരുടെ രക്ഷകനായി. പ്രത്യാക്രമണത്തിലൂടെ ഹൈദരാബാദും കളംപിടിക്കാൻ ശ്രമിച്ചതോടെ മത്സരം ആവേശത്തിലായി. ഒമ്പതാം മിനിറ്റിൽ എഡു ഗാർഷ്യയെടുത്ത ഫ്രീകിക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി പ്രഭ്‌സുഖൻ സിങ്ങിന്റെ ജാഗ്രതയിൽ ക്രോസ്‌ബാറിൽ തട്ടിമടങ്ങി. പന്തിൽ നിയന്ത്രണം സ്ഥാപിച്ച്‌ കളി വരുതിയിലാക്കാനുള്ള നീക്കമായിരുന്നു ഇരുടീമുകൾക്കും. ഏകോപനത്തോടെയുള്ള പാസുകളോടെ ബ്ലാസ്‌റ്റേഴ്‌സായിരുന്നു ഇതിൽ വിജയിച്ചത്‌. 17-ാം മിനിറ്റിൽ ലൂണയെടുത്ത ഫ്രീകിക്ക്‌ വലയിലാക്കാൻ ലെസ്‌കോവിച്ച്‌ ശ്രമിച്ചെങ്കിലും ഹൈദരാബാദ്‌ തടഞ്ഞു. തുടർച്ചയായ കുതിപ്പിൽ അഞ്ച്‌ മിനിറ്റിനുള്ളിൽ വീണ്ടും ഫ്രീകിക്ക്‌ ലഭിച്ചെങ്കിലും ഇത്തവണയും ലക്ഷ്യം കാണാൻ മഞ്ഞപ്പടയ്‌ക്കായില്ല. മറുവശം ഒഗ്‌ബച്ചെയിലൂടെയായിരുന്നു ഹൈദരബാദിന്റെ സർവ്വനീക്കങ്ങളും. എന്നാൽ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന്‌ മുമ്പിൽ ഈ മുന്നേറ്റക്കാരൻ നിശബ്ദനായി.

24-ാം മിനിറ്റിൽ ഏറ്റവും മികച്ച അവസരം ബ്ലാസ്‌റ്റേഴ്‌സിനുണ്ടായി. വലതുപാർശ്വത്തിൽനിന്ന്‌ ലൂണ നൽകിയ ക്രോസ്‌ ജോർജ്‌ ഡയസിലേക്ക്‌. അർജന്റീനക്കാരന്റെ ഉജ്വല ഹെഡ്ഡർ പക്ഷേ കട്ടിമാണി തടുത്തു. അടങ്ങിയിരുന്നില്ല ബ്ലാസ്‌റ്റേഴ്‌സ്‌. നിരാശരാകാതെ വീണ്ടും കുതിച്ചു. 28-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ സഹൽ നൽകിയ പന്ത്‌ പുയ്‌ട്ടിയ തൊടുത്തെങ്കിലും ഹൈദരാബാദ്‌ ഗോളി ഒരിക്കൽക്കൂടി രക്ഷകനായി അവതരിച്ചു. 37-ാം മിനിറ്റിൽ ലൂണയും ജോർജ്‌ ഡയസും മനോഹരനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. പതിവുപോലെ ലൂണയുടെ ബൂട്ടുകളിൽ നിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങളെല്ലാം പിറന്നത്‌. നിരന്തര മുന്നേറ്റങ്ങൾക്ക്‌ ഫലമുണ്ടായി.
ബാഴ്‌സ സമനില വഴങ്ങിയത് ഗാവി ചുവപ്പ് കാര്‍ഡ് കണ്ടതിനാലെന്ന് ബുസ്‌ക്വെറ്റ്‌സ്; സത്യമോ മിഥ്യയോ...?

42-ാം മിനിറ്റിൽ കൊതിച്ച നിമിഷമെത്തി. അൽവാരോ വാസ്‌കസ്‌ അർഹിച്ച ലീഡ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ സമ്മാനിച്ചു. വലതുമൂലയിൽനിന്ന്‌ കാബ്രയുടെ നീണ്ട ത്രോ ബോക്‌സിലേക്ക്‌. സഹലിലേക്കായിരുന്നു. സഹലിന്റെ ഹെഡ്ഡർ ഹൈദരാബാദ്‌ പ്രതിരോധക്കാരൻ ആശിഷ്‌ റായിലേക്കായിരുന്നു. ഹെഡ്ഡറിലൂടെ ആശിഷ്‌ പന്തകറ്റാൻ തുനിഞ്ഞത്‌ പിഴച്ചു. പന്തെത്തിയത്‌ തൊട്ടടുത്ത്‌ നിലയുറപ്പിച്ച വാസ്‌കസിന്റെ ഇടംകാലിലേക്ക്‌. കരുത്തുറ്റ ഷോട്ടിന്‌ മുമ്പിൽ ഇത്തവണ കട്ടിമാണി കീഴടങ്ങി. ഇടവേളയ്‌ക്ക്‌ മുമ്പ്‌ സമനില ഗോളിനായുള്ള ഹൈദരാബാദിന്റെ നീക്കത്തെ ലെസ്‌കോവിച്ച്‌ നിഷ്‌പ്രഭമാക്കി. പിന്നാലെ ഒഗ്‌ബച്ചെയുടെ ഷോട്ട്‌ വലയ്ക്കരികിലൂടെ കടന്നുപോയി.

രണ്ടാംപകുതി ഒരു മാറ്റവുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ എത്തിയത്‌. കാബ്രയ്‌ക്ക്‌ പകരം സന്ദീപ്‌ സിങ്‌ പ്രതിരോധത്തിൽ ഇടംപിടിച്ചു. ഇടവേള കഴിഞ്ഞും മികവ്‌ ആവർത്തിച്ചു മഞ്ഞപ്പട. ആദ്യമേ ആക്രമിച്ചു കളിച്ചു. എന്നാൽ പതിയെ ഹൈദരാബാദ്‌ ഉണർന്നു. ഒപ്പമെത്താൻ കിണഞ്ഞു പരിശ്രമിച്ചു അവർ. ഓഗ്‌ബച്ചെയും അനികേത്‌ ജാദവും മിന്നൽ നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾകീപ്പർ പ്രഭ്‌സുഖന്റെ രക്ഷപ്പെടുത്തലുകളും ഹൈദരാബാദിനെ തടഞ്ഞു. ഇതിനിടെ സഹലിന്‌ പകരം നിഷുകുമാറെ എത്തിച്ചു ബ്ലാസ്‌റ്റേഴ്‌സ്‌. 79-ാം മിനിറ്റിൽ പകരക്കാരൻ ഹാവിയെർ സിവെയ്‌റോ തൊടുത്ത ഷോട്ട്‌ ഗോൾവരയ്‌ക്ക്‌ മുമ്പിൽനിന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്‌റ്റൻ ജെസെൽ കർണെയ്‌റോ രക്ഷപ്പെടുത്തി.
ലെജന്റ്‌സ് ലീഗില്‍ കളിക്കുന്നില്ലെന്ന് സച്ചിന്‍, മാപ്പു പറഞ്ഞ് അമിതാഭ് ബച്ചന്‍

88-ാം മിനിറ്റിൽ ലൂണയെ പിൻവലിച്ച്‌ ചെഞ്ചൊയെ ഇറക്കി പരിശീലകൻ. പരിക്കുസമയം ഒപ്പമെത്താൻ ഹൈദരാബാദ്‌ സർവ്വ സന്നാഹവുമായി കുതിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം ഉലഞ്ഞില്ല. സിവെയ്‌റോ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു. പരിക്കുസമയം ജെസെലിന്‌ പകരം സഞ്ജീവ്‌ സ്റ്റാലിനെയും ബ്ലാസ്റ്റേഴ്‌സ്‌ ഇറക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ