ആപ്പ്ജില്ല

Kawasaki | ക്രൂയിസറുകളുടെ രാജാവ് തിരിച്ചെത്തി; 2024 കവാസാക്കി എലിമിനേറ്റർ അവതരിപ്പിച്ചു

Kawasaki | 2024 കവാസാക്കി എലിമിനേറ്റർ 451 സിസി പാരലൽ-ട്വിൻ എഞ്ചിനുമായിട്ടാണ് വരുന്നത്. ആകർഷകമായ ഡിസൈനും മികച്ച റൈഡിങ് പൊസിഷനും ഈ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

Authored byദീനദയാൽ എം | Samayam Malayalam 15 Jun 2023, 9:18 am
മോട്ടോർസൈക്കിൾ രംഗത്തെ അതികായരായ കവസാക്കി തങ്ങളുടെ ജനപ്രിയ ബൈക്കിന്റെ പുതിയ മോഡൽ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 2024 മോഡൽ കവസാക്കി എലിമിനേറ്റർ (2024 Kawasaki Eliminator) എന്ന മോട്ടോർസൈക്കിളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോട്ടോർസൈക്കിൾ ഒരു കാലത്ത് ഒരു പവർ ക്രൂയിസറായി വിൽപ്പന നടത്തിയിരുന്നു. അന്തർദേശീയ വിപണികളിൽ വിറ്റഴിക്കപ്പെട്ട ഉയർന്ന ഡിസ്പ്ലേസ്മെന്റ് മോട്ടോറുമായിട്ടാണ് വാഹനം വരുന്നത്.
Samayam Malayalam 2024 kawasaki eliminator unveiled in global market
Kawasaki | ക്രൂയിസറുകളുടെ രാജാവ് തിരിച്ചെത്തി; 2024 കവാസാക്കി എലിമിനേറ്റർ അവതരിപ്പിച്ചു


2024 കവാസാക്കി എലിമിനേറ്റർ

ഇന്ത്യയിൽ കവാസാക്കിയുടെയും ബജാജ് ഓട്ടോയുടെയും പഴയ പങ്കാളിത്തത്തിൽ ക്രൂയിസറിന്റെ 175 സിസി പതിപ്പാണ് പണ്ട് വിൽപ്പന നടത്തിയിരുന്നത്. 2024 പതിപ്പിലൂടെ എലിമിനേറ്റർ വലിയൊരു തിരിച്ച് വരവ് നടത്തുകയാണ്. കമ്പനിയുടെ നിൻജ Z400ൽ ഉള്ള 399 സിസി അടിസ്ഥാനമാക്കി നിർമ്മിച്ച 451 സിസി പാരലൽ-ട്വിൻ എഞ്ചിനുമായിട്ടാണ് 2024 കവാസാക്കി എലിമിനേറ്റർ വരുന്നത്. പുതിയ എലിമിനേറ്ററിന് ഒരു നിയോ-റെട്രോ ഡിസൈനാണ് കമ്പനി നൽകിയിട്ടുള്ളത്. റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പും മെഗാഫോൺ എക്‌സ്‌ഹോസ്റ്റും പോലുള്ള ചില ഘടകങ്ങളും ഈ വാഹനത്തിലുണ്ട്.

Read More: എതിരാളികളെ വിറപ്പിച്ച് ഹീറോ എക്സ്ട്രീം 160 4വി പുറത്തിറങ്ങി; വില 1.27 ലക്ഷം രൂപ

ഡിസൈൻ

2024 കവാസാക്കി എലിമിനേറ്റർ മോട്ടോർസൈക്കിളിൽ വീതിയേറിയ ഹാൻഡിൽബാറും സെൻട്രൽ ഫുട്‌പെഗ് പൊസിഷനുമുണ്ട്. ഇത് കൂടുതൽ മികച്ചതും നിവർന്നതുമായ റൈഡിങ് പൊസിഷൻ നൽകുന്നു. ഡിജിറ്റൽ സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക്, ഓഡോമീറ്റർ, രണ്ട് ട്രിപ്പ് മീറ്ററുകൾ, റേഞ്ച് എന്നിവയെല്ലാം ഈ ബൈക്കിന്റെ ഇൻസ്ട്രുമെന്റ് പാനലിൽ കാണാം. കോളുകളും നോട്ടിഫിക്കേഷനുകളും സ്ക്രീനിൽ ലഭിക്കാനും റൈഡോളജി ആപ്പ് വഴി കണക്റ്റ് ചെയ്യാനുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഈ സർക്കുലർ എൽസിഡി ഇൻസ്ട്രുമെന്റ് പാനലിൽ കമ്പനി നൽകിയിട്ടുണ്ട്.

സീറ്റ് ഹൈറ്റും സസ്പെൻഷനും

പഴയ മോഡലിന്റെ സിലൗറ്റിന് സമാനമായതും എന്നാൽ പുതിയ ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിലുമാണ് 2024 കവാസാക്കി എലിമിനേറ്റർ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സീറ്റ് ഉയരം താരതമ്യേന കുറവാണ്. 734 മില്ലിമീറ്ററാണ് ഈ വാഹനത്തിന്റെ സീറ്റ് ഹൈറ്റ്. ഉയരം കുറഞ്ഞ റൈഡർമാർക്കും എളുപ്പം ഈ ബൈക്ക് ഹാൻഡിൽ ചെയ്യാൻ സാധിക്കും. സസ്പെൻഷനായി ഈ ബൈക്കിന്റെ മുൻവശത്ത് 41 എംഎം ടെലിസ്കോപ്പിക് ഫോർക്കാണുള്ളത്. വാഹനത്തിന്റെ പിന്നിൽ ഡ്യൂവൽ-ഷോക്ക് സെറ്റപ്പും കവാസാക്കി നൽകിയിട്ടുണ്ട്.

Read More: അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണി പിടിക്കാൻ സുസുക്കി വി-സ്റ്റോം 800DE ഇന്ത്യയിലെത്തുന്നു

ബ്രേക്കും ടയറുകളും

2024 കവാസാക്കി എലിമിനേറ്ററിൽ ബ്രൈക്കിങ്ങിനായി 2 പിസ്റ്റൺ കാലിപ്പറുള്ള 310 എംഎം സെമി-ഫ്ലോട്ടിംഗ് ഡിസ്‌ക്കാണ് മുൻവശത്തുള്ളത്. പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 220 എംഎം ഡിസ്‌ക്കാണ് ലഭിക്കുന്നത്. ഈ ബൈക്കിൽ 18 ഇഞ്ച്/16 ഇഞ്ച് അലോയ് വീൽ സെറ്റപ്പും റോഡ് ബയേസ്ഡ് ടയറുകളും കവസാക്കി നൽകിയിട്ടുണ്ട്. ക്രൂയിസർ ബൈക്ക് എന്ന നിലവിൽ മികച്ച പെർഫോമൻസും ലുക്കും നൽകുന്ന ടയർ സെറ്റപ്പാണ് 2024 കവാസാക്കി എലിമിനേറ്ററിലുള്ളത്.

എഞ്ചിൻ യൂണിറ്റ്

കവാസാക്കി Z400 എന്ന ജനപ്രിയ ബൈക്കിന്റെ 399സിസി പാരലൽ-ട്വിൻ യൂണിറ്റിനെ അടിസ്ഥാനമാക്കിയാണ് 2024 കവാസാക്കി എലിമിനേറ്ററിലെ എഞ്ചിൻ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പുതിയ എലിമിനേറ്ററിൽ 451സിസി ലഭിക്കുന്നതിനായി സ്ട്രോക്ക് ലെങ്ത്ത് 6.8 എംഎം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഈ എഞ്ചിൻ നൽകുന്ന പവറും ടോർക്കും എത്രാണ് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കവസാക്കി Z400 നൽകുന്ന 47.3 ബിഎച്ച്പി പവറും 37 എൻഎം ടോർക്കും എന്നതിനേക്കാൾ കൂടുതൽ പവറും ടോർക്കും പുതിയ എഞ്ചിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പവർ യൂണിറ്റിനൊപ്പം അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചും 6 സ്പീഡ് ട്രാൻസ്മിഷനുമുണ്ട്.

Read More: എൽഫീൽഡിനെ വെല്ലുന്ന അഴക്; ഹാർലി ഡേവിഡ്സൺ എക്സ്440 ബൈക്കിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെത്തുമോ

2024 കവാസാക്കി എലിമിനേറ്റർ മോട്ടോർസൈക്കിൾ നിലവിൽ അമേരിക്കൻ വിപണികളിൽ മാത്രമാണ് വിൽപ്പന നടത്തുന്നത്. എന്നാൽ വൈകാതെ തന്നെ ഈ വാഹനം മറ്റ് വിപണികളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർസൈക്കിൾ ഇന്ത്യയിൽ എത്തുന്നത് എപ്പോഴായിരിക്കും എന്നതിൽ ഔദ്യോഗികമായ സ്ഥിരീകരണമില്ല. കവാസാക്കി ക്രൂയിസർ വൈകാതെ തന്നെ ഇന്ത്യയിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ പ്രീമിയം ക്രൂയിസർ സെഗ്‌മെന്റിൽ കരുത്ത് തെളിയിക്കാൻ ഈ വാഹനത്തിന് സാധിക്കുമെന്ന് ഉറപ്പാണ്.

ഓതറിനെ കുറിച്ച്
ദീനദയാൽ എം
മാധ്യമ മേഖലയിൽ നാല് വർഷമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ജേണലിസ്റ്റാണ് ദീനദയാൽ എം. ഡിജിറ്റൽ മീഡിയയിൽ തന്നെ കരിയർ ആരംഭിച്ച അദ്ദേഹം വീഡിയോ പ്രൊഡക്ഷൻ, രാഷ്ട്രീയം, ടെക്നോളജി, ഓട്ടോമൊബൈൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ദീനദയാൽ ടെക്നോളജി, ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വായന, സിനിമ, ഫോട്ടോഗ്രാഫി, യാത്ര എന്നിവയിൽ ദീനദയാലിന് താല്പര്യമുണ്ട്. ഈ ഹോബികൾ സർഗ്ഗാത്മകമായ കഴിവുകൾ വർധിപ്പിക്കാനും വർക്ക് ലൈഫ് ബാലൻസ് നൽകുന്നതിനും അദ്ദേഹത്തെ സഹായിക്കുന്നു. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതും വിവരങ്ങൾ നൽകുന്നതുമായ ഉയർന്ന നിലവാരമുള്ള ലേഖനങ്ങൾ എഴുതുന്നതിനൊപ്പം താൻ ഇടപെടുന്ന വിഷയങ്ങളിൽ പുതിയ വീക്ഷണം കൊണ്ടുവരാനും ദീനദയാൽ ശ്രമിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ