ആപ്പ്ജില്ല

2020 റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; 5 മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം

ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച എൻജിൻ, ഇരട്ട നിറങ്ങൾ, പുതിയ ഫീച്ചറുകൾ എന്നിങ്ങനെ 2020 റോയൽ എൻഫീൽഡ് ഹിമാലയനിൽ ആകെ മൊത്തം മാറ്റങ്ങളാണ്. വിലയും കൂടിയിട്ടുണ്ട്.

Samayam Malayalam 20 Jan 2020, 4:28 pm
റോഡ്സ്റ്റർ ബൈക്കുകളുടെ അതിപ്രസരമുള്ള റോയൽ എൻഫീൽഡ് ബൈക്ക് നിരയിലെ ഏക അഡ്വഞ്ചർ ബൈക്ക് ആണ് ഹിമാലയൻ. 2016-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഹിമാലയൻ ഇക്കാലമത്രയും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ വിപണിയിൽ തുടരുകയായിരുന്നു. ഇടക്കാലത്ത് പുറത്തിറങ്ങിയ സ്ലീറ്റ് എഡിഷൻ മാത്രം ആയിരുന്നു ഹിമാലയനിൽ കണ്ട ഏക പരിഷ്‌കാരം. നാല് വർഷങ്ങൾക്കിപ്പുറം ഹിമാലയന് ഒരു ഇടക്കാല അപ്ഡേറ്റ് നൽകിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. എന്തൊക്കെയാണ് മാറ്റങ്ങൾ എന്നറിയാം.
Samayam Malayalam bs6 compliant 2020 royal enfield himalayan launched prices start at rs 1 87 lakh
2020 റോയൽ എൻഫീൽഡ് ഹിമാലയൻ എത്തി; 5 മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം


ഇരട്ട വർണങ്ങളടക്കം മൊത്തം 5 നിറങ്ങൾ

ഗ്രാനൈറ്റ് എന്ന് വിളിക്കുന്ന കറുപ്പ് നിറത്തിലും, സ്നോ എന്ന മാറ്റ് വെളുപ്പ് നിറത്തിലും മാത്രമായിരുന്നു റോയൽ എൻഫീൽഡ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്. ഇടക്കാലത്ത് സ്ലീറ്റ് എന്ന് പേരുള്ള കാമഫ്ലാജ്ഡ് ഗ്രേ നിറവുമെത്തി. എല്ലാം സിംഗിൾ ടോൺ നിറങ്ങൾ. പുത്തൻ ഹിമാലയന്റെ ആകർഷണം പക്ഷെ ഇരട്ട വർണങ്ങൾ ആണ്. ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിവയാണ് പുത്തൻ ഇരട്ട വർണങ്ങൾ പെട്രോൾ ടാങ്കിന്റെ പകുതി ഭാഗം മാത്രം ചുവപ്പും ബാക്കിയെല്ലാം കറുപ്പുമാണ് റോക്ക് റെഡിൽ. പെട്രോൾ ടാങ്കിന് നീല, വെള്ള നിറങ്ങളുടെ കോമ്പിനേഷൻ ആണ് ലേക്ക് ബ്ലൂവിൽ. 2019 നവംബറിൽ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ എക്‌സിബിഷനിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ച പുത്തൻ ഹിമാലയനിൽ ഹെഡ്‍ലാംപിനോടും പെട്രോൾ ടാങ്കിനോടും ഒപ്പമുള്ള ക്രാഷ് പ്രൊട്ടക്ഷൻ ഗാർഡ്, ലഗേജ് റാക്ക് എന്നിവയ്ക്കും ഇരട്ട നിറം ഉണ്ടായിരുന്നെങ്കിലും ഇന്ത്യ-സ്പെക് മോഡലിൽ നിന്നും ഇതൊഴിവാക്കിയിട്ടുണ്ട്. ഈ രണ്ടു ഇരട്ട വർണങ്ങൾ കൂടാതെ ഗ്രാവല്‍ ഗ്രേ എന്ന സിംഗിൾ ടോൺ മാറ്റ് നിറവും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ആകെ മൊത്തം 5 നിറങ്ങളിൽ പുത്തൻ ഹിമാലയൻ ലഭ്യമാണ്.

പരിഷ്കരിച്ച ബിഎസ്6 എൻജിൻ

ഏപ്രിൽ ഒന്നാം തിയതി മുതൽ നിലവിൽ വരുന്ന കർശനമായ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച എൻജിനാണ് പുത്തൻ ഹിമാലയനിലെ പ്രധാന മാറ്റം. 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിന്റെ ഔട്പുട്ടിനു പരിഷ്കാരങ്ങളുടെ ഭാഗമായി മാറ്റം വന്നിട്ടുണ്ട്. 24.5 എച്ച്പി ആയിരുന്ന പവർ ഇപ്പോൾ 24.3 എച്ച്പി ആയിട്ടുണ്ട്. അതായത് 0.2 എച്പിയുടെ കുറവ്. ഇത് പക്ഷെ ഹിമാലയന്റെ പെർഫോമൻസിനെ ബാധിക്കാൻ സാധ്യതയില്ല. ടോർക്ക് മാറ്റമില്ലാതെ 32 എന്‍എമ്മിൽ തുടരുന്നു. 5-സ്പീഡ് മാന്വൽ ഗിയർബോക്‌സ് ആണ് ഹിമാലയന്.


ബൈക്കിൽ ദൂരെയാത്രക്ക് പോവുകയാണോ? ഈ 5 കാര്യങ്ങൾ കൂടെ കൂട്ടിക്കോളൂ

ഓഫ് റോഡിങ്ങിന് യോജിക്കുന്ന ഫീച്ചറുകൾ

നിഷ്ക്രീയമാക്കാവുന്ന ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനിൽ റോയൽ എൻഫീൽഡ് ചേർത്തിട്ടുണ്ട്. ദുർഘടം പിടിച്ച റൈഡുകളിൽ ബൈക്കിനെ കൂടുതൽ കൃത്യതയുടെ റൈഡർക്കു നിയന്ത്രിക്കാൻ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും. ചെളി നിറഞ്ഞ വഴികളിൽ ബൈക്ക് സ്ലൈഡ് ചെയ്തു മുന്നോട്ട് പോവാനും ഈ ഫീച്ചർ സഹായകരമാണ്. ഹസാഡ് ലൈറ്റുകളും 2020 ഹിമാലയനിൽ ഇടം പിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് റൈഡിങ് സമയത്തും, കാഴ്ച മങ്ങുന്ന കോട മഞ്ഞും കനത്ത മഴയുമൊക്കെയുള്ള സാഹചര്യങ്ങളിൽ ബൈക്കിനെ വ്യക്തമായി കാണാൻ ഹസാഡ് ലൈറ്റുകൾ ഉപകരിക്കും. കൂടുതൽ ചെരിവുള്ള സൈഡ് സ്റ്റാൻഡ് ആണ് മറ്റൊരു കൂട്ടിച്ചേർക്കൽ. ചെരിവുള്ള പ്രതലങ്ങളിൽ ബൈക്ക് വീഴാതെ പാർക്ക് ചെയ്യാൻ സൈഡ് സ്റ്റാൻഡിന്റെ ചെരിവ് സഹായിക്കും.


2020 റോയൽ എൻഫീൽഡ് ക്ലാസിക് 350 vs BS4 ക്ലാസിക് 350; എന്തുകൊണ്ട് പുത്തൻ മോഡൽ വാങ്ങണം?

സൈക്കിൾ പർട്സിൽ മാറ്റമില്ല, പക്ഷെ ഭാരം കൂടി

ഡ്യുവൽ-സ്‌പോർട്ട് ടയറിൽ പൊതിഞ്ഞ 21 ഇഞ്ച് മുൻ വീലും 17 ഇഞ്ച് പിൻ വീൽ വീലുകൾ തന്നെയാണ് 2020 ഹിമാലയനിൽ. 200 എംഎം ട്രാവലുള്ള ടെലിസ്കോപിക് മുൻ സസ്പെൻഷനും 180 എംഎം ട്രാവലുള്ള മോണോ പിൻ സസ്‌പെൻഷനും മാറ്റമില്ല. ഡ്യുവൽ ചാനൽ എബിഎസ്സുമായി സഹകരിച്ചു പ്രവർത്തിക്കുന്ന 300 എംഎം ഡിസ്ക് മുൻചക്രത്തിലും 240 എംഎം ഡിസ്ക് പിൻചക്രത്തിലുമാണ് ബ്രെയ്ക്കിങ്ങിന്. മാറ്റങ്ങളുടെ ഭാഗമായി പക്ഷെ ഹിമാലയന്റെ ഭാരം വർധിച്ചു. ഇതുവരെ വില്പനയിലുണ്ടായിരുന്ന ഹിമാലയന് 194 കിലോഗ്രാം ആയിരുന്നു ഭാരമെങ്കിൽ പുത്തൻ മോഡലിന് 5 കിലോഗ്രാം കൂടി 199 കിലോഗ്രാം ആണ് ഭാരം.


Also read: കാത്തിരിക്കാം ഈ വർഷം 10 പുത്തൻ ബൈക്കുകൾക്കായി

വിലയും കൂടി

ഇതുവരെ വിപണയിലുണ്ടായിരുന്ന BS4 റോയൽ എൻഫീൽഡ് ഹിമാലയന് 1.82 ലക്ഷം മുതൽ 1.84 ലക്ഷം വേറെയായിരുന്നു എക്‌സ്-ഷോറൂം വില. പുത്തൻ മോഡലിന് 6,000 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്. 2020 ഹിമാലയാന്റെ സ്നോ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക് നിറങ്ങൾക്ക് 1.87 ലക്ഷവും, സ്ലീറ്റ് ഗ്രേ, ഗ്രേവൽ ഗ്രേ നിറങ്ങൾക്ക് 1.89 ലക്ഷവും, റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഇരട്ട നിറങ്ങൾക്ക് 1.91 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില.

ആര്‍ട്ടിക്കിള്‍ ഷോ