ആപ്പ്ജില്ല

Mercedes-Maybach: ജാൻവിയുടെ പുത്തൻ മെയ്ബാക്കിനു ഒരു ശ്രീദേവി കണക്ഷൻ പറയാനുണ്ട്

ജാൻവി കപൂർ ഒരു മെഴ്‌സിഡസ് മെയ്ബാക്ക് വാങ്ങിച്ചു. ഇതിലിപ്പോ എന്താ ഇത്ര വലിയ കാര്യം എന്നാണോ? നമ്പർ ഒന്ന് സൂക്ഷിച്ചു നോക്കിക്കോളൂ.

Samayam Malayalam 22 Oct 2019, 12:25 pm
Samayam Malayalam Janvi Kapoor Mercedes-Maybach

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകൾ ജാൻവി കപൂർ കഴിഞ്ഞ വർഷമാണ് ദഡക്ക് എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബിടൗണിൽ പുതുമുഖമാണെങ്കിലും ജാൻവിയുടെ രണ്ടു സിനിമകളാണ് അടുത്ത വർഷം റിലീസിന് തയ്യാറെടുക്കുന്നത്. അതിനിടെ, ജാൻവി കപൂർ ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങിച്ചു.

ബോളിവുഡിലെ ഒരു മുൻ നിര പ്രൊഡ്യൂസറിന്റെയും അന്തരിച്ച പ്രശസ്ത നടിയുടെ മകളുമായ ജാൻവി കപൂർ ഒരു കാർ വാങ്ങിയതാണോ ഇത്ര വലിയ കാര്യം എന്ന് ചിന്തിച്ചേക്കാം. മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടുതലുള്ള കാറുകളിലൊന്നായ മെയ്ബാക്ക് ആണ് ജാൻവി സ്വന്തമാക്കിയ പുത്തൻ കാർ. വിലകൂടുതലുള്ള കാർ എന്നതിലുപരി, വാഹനത്തിന്റെ റെജിസ്ട്രേഷൻ നമ്പർ ആണ് ശ്രദ്ധ നേടിയത്. MH 02 FG 7666, ഒരു ഫാൻസി നമ്പറൊന്നുമല്ല. പക്ഷെ, ശ്രീദേവിയുടെ കടുത്ത ആരാധകർക്ക് ഒരു പക്ഷെ ഈ നമ്പർ മറക്കാൻ പറ്റില്ല. ശ്രീദേവി സ്ഥിരമായി ഉപയോഗിച്ചിരുന്ന വെളുത്ത നിറമുള്ള മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് കാറിനും ഇതേ നമ്പർ ആയിരുന്നു, MH 02 DZ 7666. മരണത്തിന് മുൻപ് പലപ്പോഴും ശ്രീദേവിയെ, ഭർത്താവായ ബോണി കപൂറുമൊത്തും, മക്കളായ ജാൻവി, ഖുഷി എന്നിവരോടൊപ്പവും ഈ വെളുത്ത ബെൻസ് കാറിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

കപൂർ-ശ്രീദേവി കുടുംബത്തിലെ വലിയ കൂടിയ പുത്തൻ കാർ മാത്രമാണ് മെഴ്‌സിഡസ്-മെയ്ബാക്ക്. ഇത് കൂടാതെ പോർഷെ കയാൻ, മെഴ്‌സിഡസ്-ബെൻസ് ജിഎൽഇ, ഓഡി എ6, റേഞ്ച് റോവർ ഇവോക്ക് എന്നിങ്ങനെ ധാരാളം കാറുകൾ കപൂർ കുടുംബത്തിന്റെ വാഹന ശേഖരത്തിലുണ്ട്.



Also read: ഹമ്മർ ഉയർത്തെഴുനേൽക്കും, ഇത്തവണ ടെസ്‌ല ഭയക്കണം

മെഴ്‌സിഡസ് മെയ്ബാക്ക്

2018-ലെ ഓട്ടോ എക്സ്പോയിലാണ് മെഴ്‌സിഡസ് തങ്ങളുടെ ആഡംബര ശ്രേണിയിലെ മെയ്ബാക്ക് എസ്650-യെ ഇന്ത്യയിൽ അവതരിപ്പിച്ചത്. എസ് ക്ലാസ്സിനെക്കാൾ മുന്തിയ വേരിയന്റാണ് മെയ്ബാക്ക്. ഒറ്റനോട്ടത്തിൽ എസ്-ക്ലാസും മെയ്ബാക്കും ഒരു പോലെ തോനാം. വലിപ്പമേറിയ പുത്തൻ ഡിസൈനിലുള്ള ഗ്രിൽ, എൽഇഡി ഹെഡ് ലാമ്പ്, ക്രിസ്റ്റൽ ഡിസൈൻ ടെയിൽ ലാമ്പ് എന്നിവയാണ് മെയ്ബാക്ക് മോഡലിനെ എസ്-ക്ലാസ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. റഡാർ സംവിധാനം വഴി പ്രവർത്തിക്കുന്ന സുരക്ഷ ഫീച്ചറുകളാണ് മറ്റൊരു പ്രധാന സവിശേഷത.

Also read: 213 കിലോമീറ്റർ റേഞ്ചുമായി ടാറ്റ ടിഗോർ ഇലക്ട്രിക്ക് വില്പനക്കെത്തി

2.73 കോടി രൂപയായിരുന്നു മെയ്ബാക്കിനു ലോഞ്ച് വില. 621ബിഎച്ച്പി കരുത്തും 1,000എൻഎം ടോക്കും നിർമിക്കുന്ന ട്വിൻ -ടർബോ 6.0 ലിറ്റർ വി12 എൻജിനാണ് മെയ്ബാക്ക് എസ്650 ക്ക് കരുത്തേകുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗതയുള്ള എസ്650യ്ക്ക് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്തിനു 4.6 സെക്കന്റ് മതി. ഈ എൻജിൻ കൂടാതെ ഡിസ്പ്ലേസ്‌മെന്റ് കുറഞ്ഞ 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് എൻജിനിലും മെയ്ബാക്ക് ലഭ്യമാണ്. 462.5ബിഎച്ച്പി കരുത്തും 700എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിൻ 9 സ്പീഡ് ഗിയർ ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 4.8 സെക്കൻഡ് വേണം ഈ എൻജിനുള്ള മെയ്ബാക്കിനു 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

Also read: 'വിലക്കുറവുള്ള' മെഴ്‌സിഡസ്-ബെൻസ് ജി-ക്ലാസ് ഇന്ത്യയിൽ

നിക്ക് ജോനാസ് പ്രിയങ്ക ചോപ്രക്കും സമ്മാനിച്ചിരുന്നു ഇതേ കാർ

റോള്‍സ് റോയ്സിനുള്ള മെഴ്‌സിഡിസിന്റെ മറുപടിയായാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ, സിനിമാതാരങ്ങൾക്കിടയിൽ മെയ്ബാക്ക് ഒരു പുതുമയൊന്നുമില്ല. ജാൻവിക്ക് മുൻപ് പ്രിയങ്ക ചോപ്രയാണ് മെഴ്‌സിഡസ് മെയ്ബാക്ക് സ്വന്തമാക്കിയ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കന്‍ ഗായകനും ഭര്‍ത്താവുമായ നിക്ക് ജൊനാസാനു പ്രിയങ്കയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റായി ഈ വർഷം മാർച്ചിൽ മെഴ്‌സിഡസ് മെയ്ബാക്ക് സമ്മാനമായി നൽകിയത്. പക്ഷെ, പ്രിയങ്ക ചോപ്രയുടെ ആഡംബര കാർ അമേരിയ്ക്കയിലാണെന്നു മാത്രം.

ആര്‍ട്ടിക്കിള്‍ ഷോ