ആപ്പ്ജില്ല

വിൽപ്പന തീരെയില്ല; മഹീന്ദ്ര നൂവോ സ്പോർട് പിൻവലിച്ചു

നൂവോ സ്പോർടിനെ പിൻവലിച്ചു എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മഹീന്ദ്ര.

Samayam Malayalam 28 Jun 2018, 1:03 pm
ക്വാണ്ടോയ്ക്ക് പകരക്കാരനായിട്ട് 2016 ലാണ് മഹീന്ദ്ര നൂവോ സ്പോർടിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ നൂവോ സ്പോർടിന് കോംപാക്ട് എസ്‍യുവി രംഗത്ത് തിളങ്ങാനോ കാര്യമായ വില്പന കാഴ്ചവെയ്ക്കാനോ കഴിഞ്ഞില്ല. ഇക്കാരണത്താലാകാം നൂവോ സ്പോർടിനെ പിൻവലിച്ചു എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മഹീന്ദ്ര.
Samayam Malayalam mahindra-nuvosport-front-view-1530161143


ഒരോ മാസവും വില്പന നേടിയെടുക്കുന്നതിൽ മഹീന്ദ്രയുടെ ഈ കോംപാക്ട് എസ്‍യുവിക്ക് നന്നെ പാടുപെടേണ്ടി വന്നിരുന്നു. ഓരോ മാസവും കുറഞ്ഞത് 300 യൂണിറ്റകളുടെ വില്പന മാത്രമായിരുന്നു നൂവോ സ്പോർട് കാഴ്ചവെച്ചു കൊണ്ടിരുന്നത്. മെയ് മാസം നൂവോ സ്പോർടിന്‍റെ ഒരൊറ്റ യൂണിറ്റ് പോലും ഡീലർഷിപ്പുകളിൽ എത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉല്പാദനം നിർത്തി വെച്ചിരിക്കുകയായിരുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.

മഹീന്ദ്ര ടിയുവി 300 എത്തിയതോടെ നൂവോ സ്പോർടിന്‍റെ വില്പനയ്ക്കും മങ്ങലേറ്റു. നൂവോ സ്പോർടിലെ അതെ 1.5 ലിറ്റർ എംഹോക്ക്100, 3 സിലിണ്ടർ ഡീസൽ എൻജിൻ തന്നെയാണ് ടിയുവി 300 നും കരുത്തേകുന്നത്. 100 ബിഎച്ച്പിയും 240 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.

സാങ്‍യോങ് ടിവോലിയെ അടിസ്ഥാനപ്പെടുത്തി പുതിയ കോംപാക്ട് എസ്‍യുവിയെ രംഗത്തെത്തിക്കാനുള്ള പുറപ്പാടിലാണ് മഹീന്ദ്ര. S201 എന്ന കോഡ് നാമത്തിൽ എത്തുന്ന ഈ എസ്‍യുവിയുടെ വരവു തന്നെയായിരിക്കും നൂവോ സ്പോർട് പിൻവലിക്കാനുള്ള പ്രധാന കാരണവും. ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്, മാരുതി ബ്രെസ എന്നിവയ്ക്കായിരിക്കും S201 കോംപാക്ട് എസ്‍യുവി പ്രധാന വെല്ലുവിളി ഉയർത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ