രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായി മാറാൻ പോകുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച്, പുത്തൻ 75 രൂപ നാണയം പുറത്തിറക്കുന്നു. വൃത്താകൃതിയിലുള്ള നാണയത്തിന് 44 മില്ലിമീറ്ററാണ് വ്യാസമുള്ളത്. 35 ഗ്രാം തൂക്കമുള്ള നാണയം നാല് ലോഹക്കൂട്ട് കൊണ്ടാകും നിർമിക്കുന്നത്. ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന രാജ്യത്തിനോടുള്ള ബഹുമാനസൂചകം കൂടെയാണ് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നത് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 75 രൂപ നാണയത്തിന്റെ പ്രത്യേകതകൾ
- 75 രൂപ നാണയത്തിന്റെ ഒരു വശത്ത് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രമാണ് മുദ്രണം ചെയ്യുക. ഇതിനു മുകളിലായി 'സൻസദ് സങ്കുൽ' എന്ന് ദേവനാഗിരി ലിപിയിലും താഴെയായി 'പാർലമെന്റ് സമുച്ചയം' എന്ന് ഇംഗ്ലീഷ് ലിപിയിലും രേഖപ്പെടുത്തും.
- നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും 'സത്യമേവ ജയതേ' എന്നും ആലേഖനം ചെയ്യും. ഇതിന് താഴെയായി 'ഭാരത്' എന്ന് ദേവനാഗിരി ലിപിയിലും രേഖപ്പെടുത്തും. ഇതിന്റെ വലതു ഭാഗത്തായി 'ഇന്ത്യ' എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും.
- 75 രൂപ നാണയത്തിൽ റുപേ ചിഹ്നവും ഉൾപ്പെടുത്തും.
- 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം നാകം (സിങ്ക്) എന്ന അനുപാതത്തിലുള്ള ലോഹസങ്കരം കൊണ്ടാണ് 75 രൂപയുടെ ഒരു നാണയം നിർമിക്കുക. 35 ഗ്രാമായിരിക്കും ഭാരം.
- വൃത്താകൃതിയിലുള്ള 75 രൂപ നാണയത്തിന് 44 മില്ലിമീറ്ററായിരിക്കും വ്യാസം.
- നാണയത്തിന്റെ അഗ്രത്തിൽ 200 ദന്തുരങ്ങളും ഉണ്ടാകും
- പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിന് താഴെ '2023' എന്ന് രാജ്യാന്തര അക്കത്തിലും രേഖപ്പെടുത്തും.
- ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുബന്ധത്തിൽ നിഷ്കർഷിച്ചിട്ടുള്ള നിർദേശങ്ങൾക്ക് അനുസൃതമായാണ് 75 രൂപ നാണയത്തിന്റെ രൂപകൽപന.