ആപ്പ്ജില്ല

കൊവിഡിനെതിരെ പോരാടാൻ കൊ- വീടുകൾ; കിടിലൻ ആശയവുമായി ലക്ഷ്മി മേനോൻ

21 ദിവസത്തെ ലോക്ക്ഡൗൺ; വീട്ടിലിരിക്കുന്ന ഓരോ ദിവസവും മറ്റുള്ളവരെ സഹായിക്കുന്നതിനായി കുഞ്ഞൻ വീടിൻറെ മാതൃകയിൽ ബോക്സുകൾ ഉണ്ടാക്കി അതിൽ വ്യത്യസ്തമായ അവശ്യസാധനങ്ങൾ നിറച്ച് മറ്റുള്ളവർക്ക് വിതരണം ചെയ്യുകയാണ് ഈ സംരംഭകയും കൂട്ടുകാരും.

Samayam Malayalam 6 Apr 2020, 1:32 pm
കൊച്ചി: 21 ദിവസത്തെ ലോക്ക്ഡൗൺ കാലം അൽപ്പം ക്രിയാത്മകമായി വിനിയോഗിക്കാൻ തീരുമാനിച്ചു സോഷ്യൽ എൻട്രപ്രണ‍റായ ലക്ഷ്മി മേനോൻ. വീടുകളിൽ അടച്ചു പൂട്ടിക്കഴിയുന്നത് ഉണ്ടാക്കുന്ന വിരസത മറികടക്കാനും മറ്റുള്ളവരെ സഹായിക്കാനും ലക്ഷ്മി കണ്ടുപിടിച്ചത് കൊവീട് എന്ന വ്യത്യസ്തമായ ആശയമാണ്. സംഗതി എന്താണെന്നോ?
Samayam Malayalam Lakshmi Menon and Coveed


വീടിൻറെ മാതൃകയിൽ ഉണ്ടാക്കിയ കുഞ്ഞൻ കാ‍ര്‍ഡ് ബോര്‍ഡ് ബോക്സുകളിൽ ചെറുപയർ,മലർ, അവൽ തുടങ്ങിയ വ്യത്യസ്ത സാധനങ്ങൾ നിറച്ച് ലോക്ക്ഡൌൺ കഴിയുമ്പോൾ ആവശ്യക്കാരിലെത്തിക്കുക. ഒരു ദിവസവും ലക്ഷ്മിയും കൂട്ടുകാരും ചേ‍‍ര്‍ന്ന് ഒരു അവശ്യസാധനമാണ് ഈ ബോക്സുകളിൽ നിറയ്ക്കുക.

Also Read: കൊറോണ; വരാനിരിയ്ക്കുന്നത് വലിയ ഭക്ഷ്യക്ഷാമമോ?

അനേകര്‍ ബോക്സു നിറയ്ക്കുമ്പോൾ കിട്ടുന്ന വലിയ അളവിലെ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകും. സംഭാവനകളേക്കാൾ സമ്മാനങ്ങളായി ഇതു മറ്റുള്ളവരിലെത്തിക്കാനാണ് ലക്ഷ്മിയ്ക്കിഷ്ടം. അതുകൊണ്ടു തന്നെ കുഞ്ഞു കൊവീടുകൾ കഴിവതും മനോഹരമാക്കിയിട്ടുണ്ട്.

www.coveed.in എന്ന വെബ്സൈറ്റിൽ നിന്ന് കോ വീട് നിർമിയ്ക്കാനുള്ള മാതൃക പ്രിൻറ് ചെയ്തെടുക്കാം. ഈ ബോക്സിൽ കൊള്ളുന്നതിലും അധികം കൊടുക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക് അതിനും അവസരമുണ്ട്. അവലും മലരുമൊക്കെ ഈ ബോക്സിൽ ഓരോ ദിവസവും നിറച്ച് വിതരണം ചെയ്യാം.

Also Read: കൊവിഡ് ബാധിതരെ സഹായിക്കാൻ കൈകോർത്ത് മുകേഷ് അംബാനിയും നിത അംബാനിയും

ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായവരെ ഉൾപ്പെടെ സഹായിക്കുക കൂടെയാണ് ലക്ഷ്യം. 'കൊവീട് ടു കോംബാറ്റ് കൊവിഡ്' എന്നതാണ് പദ്ധതി. കൊവിഡിനു ശേഷവും റെസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവയ്ക്കൊക്കെ മാസത്തിൽ ഒരിക്കൽ എങ്കിലും ഈ പദ്ധതി നടപ്പാക്കാൻ ആകും എന്ന് ലക്ഷ്മി പറയുന്നു.

അവരവരുടെ വീടിനു ചുറ്റുമുള്ള ആവശ്യക്കാർക്ക് കോ വീട് മാതൃകയിൽ ആർക്കും അവശ്യസാധനങ്ങൾ എത്തിച്ചു നൽകാം. ലോകത്ത് എവിടെയും ഈ മോഡൽ പരീക്ഷിയ്ക്കാം. നമുക്കൊപ്പം നമുക്കു ചുറ്റുമുള്ളവർക്കായും ഒരു കരുതൽ. അതു വീടുകളിൽ നിന്നു തന്നെ തുടങ്ങട്ടെ. കുട്ടികളെയും കൂടെക്കൂട്ടിയാൽ ലോക്ക്ഡൗൺ കാലത്തെ അവരുടെ വിരസത മാറ്റാം. പങ്കുവെയ്ക്കലിൻറെയും കരുതലിൻറെയും നല്ല പാഠങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുകയുമാകാം.

കൊറോണക്കാലത്തെ നൻമയുടെയും കരുതലിൻറെയും ഒക്കെ ഒരു വേറിട്ട മാതൃക കൂടെയാണ് കോവീട്. പ്രളയാനന്തര കാലത്തെ ചേക്കുട്ടിപ്പാവകൾ, വിത്തു പേനകൾ, അമ്മൂമ്മത്തിരി.. ഇവയൊക്കെ ലക്ഷ്മിയുടെ ഏറിയ കയ്യടി നേടിയ ആശയങ്ങളായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്