ആപ്പ്ജില്ല

സോളാർ ബില്ലിങ് രീതിയിൽ മാറ്റമില്ലെന്ന് കമ്മീഷൻ; വളഞ്ഞവഴിയിൽ ശ്രമിക്കുന്നുവെന്ന് ഉപഭോക്താക്കൾ

പുനരുപയോ​ഗ ഊർജ ചട്ടങ്ങളുടെ ഭേദ​ഗതി സംബന്ധിച്ച് വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് നടന്നു. സംസ്ഥാനത്തെ സോളാർ വൈദ്യുതി ഉത്പാദകർക്കുള്ള നിലവിലെ ബില്ലിങ് രീതി മാറ്റരുതെന്ന് പ്രോസ്യുമേഴ്സ് ആവശ്യപ്പെട്ടു. നെറ്റ് മീറ്ററിങ് രീതി മാറ്റുന്ന വിഷയം ഇപ്പോൾ പരി​ഗണനയില്ലെന്ന് കമ്മീഷൻ ആവർത്തിച്ചു. എന്നാൽ വളഞ്ഞവഴിയിലൂടെ ​ഗ്രോസ് മീറ്ററിങ് രീതിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രോസ്യുമേഴ്സ് ആരോപിച്ചു. നെറ്റ് മീറ്ററിങ്ങിലേയും ​ഗ്രോസ് മീറ്ററിങ്ങിലേയും ബിൽ തുകയിൽ ഉപഭോക്താക്കൾക്ക് വരുന്ന വ്യത്യാസം അറിയാം.

Authored byപിൻ്റു പ്രകാശ് | Samayam Malayalam 16 May 2024, 12:42 pm

ഹൈലൈറ്റ്:

  • നെറ്റ് മീറ്ററിങ് രീതി ഇപ്പോൾ മാറ്റില്ലെന്ന് കമ്മീഷൻ
  • ഗ്രോസ് മീറ്ററിങ് നടപ്പാക്കാൻ ശ്രമമെന്ന് ഉപഭോക്താക്കൾ
  • ഉപഭോക്താവിന്റെ ബിൽ തുകയിലുള്ള വ്യത്യാസം അറിയാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Solar Billing Row In Kerala
പ്രതീകാത്മക ചിത്രം
കെഎസ്ഇബിയുടെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ച് വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചവർക്കുള്ള (പ്രോസ്യൂമേഴ്സ്) നിലവിലെ ബില്ലിങ് രീതിയിൽ (നെറ്റ് മീറ്ററിങ്) ഇപ്പോൾ മാറ്റം വരുത്തില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. പുതിയ സോളാർ ബില്ലിങ് രീതിയായ ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തുന്നതിന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. അതേസമയം പുനരുപയോഗ ഊർജ ചട്ടങ്ങളുടെ ഭേദഗതി സംബന്ധിച്ച് കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ സോളാർ ബില്ലിങ് രീതി മാറ്റരുതെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
സാമ്പത്തികമായി മെച്ചമില്ലാത്ത ഗ്രോസ് മീറ്ററിങ് ബില്ലിങ് രീതി നടപ്പാക്കാൻ കമ്മിഷൻ വളഞ്ഞവഴിയിലൂടെ ശ്രമിക്കുകയാണെന്ന് പ്രോസ്യൂമേഴ്സ് (ഉത്പാദകർ കൂടിയായ ഉപഭോക്താക്കൾ) ആരോപിച്ചു. ബാറ്ററി ആവശ്യമില്ലാത്തതിനാൽ ചെലവ് കുറയുമെന്ന മെച്ചം കണ്ടിട്ടാണ് കൂടുതൽ പേരും ഓൺ ഗ്രിഡ് സോളാർ സിസ്റ്റം തെര‍ഞ്ഞെടുത്തത്. സോളാർ പാനലിൽ നിന്നും കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകിയ സൗരവൈദ്യുതിക്ക് മെച്ചപ്പെട്ട വില കിട്ടുമെങ്കിൽ ഓൺ ഗ്രിഡ് സോളാർ സിസ്റ്റം താരതമ്യേന മികച്ച ഓപ്ഷനാണ്. എന്നാൽ സംസ്ഥാനത്തെ സൗര വൈദ്യുതിയുടെ വില നിർണയ രീതി (ബില്ലിങ്) മാറുകയാണെങ്കിൽ ഓൺഗ്രിഡ് സംവിധാനം കൊണ്ട് ഭാവിയിൽ വലിയ തോതിലുള്ള സാമ്പത്തികമായ നേട്ടം ഉപഭോക്താവിന് ലഭിക്കുകയില്ല.

എന്താണ് കാരണം?


അതുപോലെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്തേക്കു വേണ്ടി പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്തുന്നതിനെ കുറിച്ചും കെഎസ്ഇബി ഗൗരതവതരമായി ആലോചിക്കുന്നുണ്ട്. പതിവിലും നേരത്തെ തന്നെ ഈ വർഷം വേനൽ കടുത്തതിനാൽ രാത്രി സമയത്തെ വൈദ്യുതിയുടെ ഉപഭോഗം വളരെ കൂടുതലാണ്. വിതരണവും ആവശ്യകതയും തമ്മിലുള്ള വൈദ്യുതിയുടെ വിടവ് നികത്താൻ യൂണിറ്റിന് വളരെ ഉയർന്ന നിരക്ക് നൽകിയാണ് പുറത്തുനിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ ഭാരിച്ച നഷ്ടം ബോർഡിന് നേരിടേണ്ടി വരുന്നു.


അതായത്, ഓൺ ഗ്രിഡ് സോളാർ സംവിധാനം സ്ഥാപിച്ചവർ രാവിലെ സമയത്ത് സൗരവൈദ്യുതി നൽകുന്നുണ്ടെങ്കിലും രാത്രി സമയത്ത് കെഎസ്ഇബിയിൽ നിന്നും സാധാരണ പോലെ വൈദ്യുതി എടുക്കുന്നതിനാൽ കെഎസ്ഇബിയുടെ നഷ്ടഭാരം കുറയുന്നില്ലെന്ന് സാരം. പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരവൈദ്യുതിക്ക് തുല്യമായ അളവ് കെഎസ്ഇബി വൈദ്യുതി തട്ടിക്കിഴിച്ച ശേഷം മാത്രമുള്ള ബില്ലിന് പണം നൽകിയാൽ മതിയെന്നതിനാൽ, ഓൺ ഗ്രിഡ് സോളാർ സംവിധാനം സ്ഥാപിച്ചവർ രാത്രി സമയത്ത് വൈദ്യുത ഉപകരണം നിർബാധം പ്രവർത്തിപ്പിക്കുന്നതാണ് കാരണം. ഈ നഷ്ടം മറികടക്കാൻ കൂടിയാണ് കെഎസ്ഇബി സൗരവൈദ്യുതി ബില്ലിങ് രീതിയും മാറ്റാൻ തുനിയുന്നത്.

വരുമാന പരിധി തടസ്സമല്ല; 78,000 രൂപ സബ്സിഡി ലഭിക്കും; പിഎം സൂര്യഘർ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി

ബിൽ വ്യത്യാസം


ഒരു ബില്ലിങ് കാലയളവിനിടെ വീട്ടിലെ മൊത്തം വൈദ്യുതി ഉപഭോഗത്തിൽ നിന്നും സോളാർ സംവിധാനത്തിൽ നിന്നും ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിയുടെ അളവ് തട്ടിക്കിഴിച്ച ശേഷം വരുന്ന യൂണിറ്റിന് മാത്രം കെഎസ്ഇബിയുടെ താരിഫിലുള്ള ബിൽ നൽകിയാൽ മതിയായിരുന്നു (നെറ്റ് മീറ്ററിങ്). അതായത് ഒരു വീട്ടിലെ മൊത്തം ഉപഭോഗം 400 യണിറ്റും അവിടുത്തെ സൗരോർജ ഉത്പാദനം 300 യൂണിറ്റും ആണെങ്കിൽ ശേഷിക്കുന്ന 100 യൂണിറ്റിന് കെഎസ്ഇബി നിശ്ചയിച്ചിട്ടുള്ള സ്ലാബിലെ നിരക്ക് മാത്രം നൽകിയാൽ മതിയാരുന്നുവെന്ന് ചുരുക്കം. ഈ 100 യൂണിറ്റിന് 393 രൂപയേ ആകുമായിരുന്നുള്ളു.

വൈദ്യുതി നിരക്ക് കുത്തനെ കുറയും; പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിക്ക് അപേക്ഷിക്കാം, ലോഗിൻ ചെയ്യേണ്ടത് ഇങ്ങനെ
എന്നാൽ വീട്ടിൽ സോളാർ സംവിധാനം സ്ഥാപിച്ചവർ കെഎസ്ഇബിയിൽ നിന്നും എടുക്കുന്ന നേരിട്ടുള്ള വൈദ്യുതിക്ക് കെഎസ്ഇബി താരിഫ് നൽകണമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്നിലുള്ള ശുപാർശകളിലൊന്ന് (ഗ്രോസ് മീറ്ററിങ്). ഇതു നടപ്പാക്കിയാൽ കെഎസ്ഇബി ഗ്രിഡിലേക്ക് നൽകുന്ന സൗരവൈദ്യുതിക്ക് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപ വീതം കണക്കാക്കും. ഇതു പ്രകാരം കെഎസ്ഇബി ഗ്രിഡിലേക്ക് നൽകിയ 300 യൂണിറ്റ് സൗരവൈദ്യുതിക്ക് 807 രൂപ നൽകും.

പക്ഷേ കെഎസ്ഇബിയിൽ നിന്നും എടുക്കുന്ന നേരിട്ടുള്ള 400 യൂണിറ്റ് വൈദ്യുതിക്ക് നിലവിലെ താരിഫ് പ്രകാരം 2,460 രൂപയാകും. ഇതിൽ നിന്നും ബില്ലിങ് കാലയളവിനിടെ നൽകിയ സൗരവൈദ്യുതിക്ക് ലഭിക്കുന്ന 807 രൂപ തട്ടിക്കിഴിച്ച ശേഷം 1,653 രൂപ ഉപഭോക്താവ് കെഎസ്ഇബിക്ക് നൽകേണ്ടി വരും. നിലവിലെ രീതിയാണെങ്കിൽ ഉപഭോക്താവിന് ബില്ല് ഇനത്തിൽ 393 രൂപ മാത്രം നൽകിയാൽ മതിയായിരുന്നു. ബില്ലിങ് രീതി ഗ്രോസ് മീറ്ററിങ്ങിലേക്ക് മാറിയാൽ, ഉത്പാദകൻ കൂടിയായ ഉപഭോക്താവിന് വരുന്ന അധിക ചെലവ് 1,260 രൂപയാണ്. എന്തായാലും നിലവിലുള്ള സോളാർ ബില്ലിങ് രീതി മാറ്റിമറിച്ചാൽ വൈദ്യുതി ബിൽ ഇനത്തിൽ ഉപഭോക്താവിന് ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക നേട്ടം ഇല്ലാതാകും. ഇത് സൗരോജത്തിലേക്കുള്ള ഉപഭോക്താക്കളുടെ പരിവർത്തനത്തേയും മന്ദഗതിയിലാക്കും.

(വൈദ്യുത നിരക്കുകൾ കണക്കുകൂട്ടുന്നതിനായി ആശ്രയിച്ചത് കെഎസ്ഇബി ഇലക്ട്രിസിറ്റി ബിൽ കാൽക്കുലേറ്ററിനെയാണ്.)
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്