ആപ്പ്ജില്ല

ഇലക്ട്രിക് വാഹനനിര്‍മാണരംഗത്തേയ്ക്ക് കടക്കാൻ മൈക്രോമാക്സ്

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ നി‍ര്‍മിക്കാനും പദ്ധതി

Samayam Malayalam 23 Apr 2018, 4:12 pm
മുംബൈ: സ്മാര്‍ട്‍‍ഫോൺ രംഗത്തെ മത്സരം മുറുകിയതോടെ പുതിയ വിപണികള്‍ തേടി രാജ്യത്തെ മുൻനിര സ്മാ‍ര്‍ട്‍‍ഫോൺ നിര്‍മാതാക്കളായ മൈക്രോമാക്സ്. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്തേയ്ക്ക് കടക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി. ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ ടൂവീലറുകള്‍ക്കും ത്രീവീലറുകള്‍ക്കുമായി ലിഥിയം അയോൺ ബാറ്ററികള്‍ നിര്‍മിക്കാനും മൈക്രോമാക്സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam electric-hybrid-car-sales-statistics-1024x436


കമ്പനി ഈ രംഗത്ത് വേണ്ടവിധം പുരോഗമിച്ചു കഴി‍്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് മൈക്രോമാക്സിന്‍റെ ബാറ്ററികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കേഷനുകളും അനുമതികളും ലഭിച്ചുകഴിഞ്ഞു. മലിനീകരണം മൂലം പൊറുതി മുട്ടിയ ഡൽഹി പോലുള്ള നഗരങ്ങളിൽ ഇലക്ട്രിക് റിക്ഷകള്‍ക്ക് ഇപ്പോള്‍ തന്നെ വിപണിയുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കുള്ള ബാറ്ററിയാണ് മൈക്രോമാക്സ് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നത്.

അതേസമയം, ഇലക്ട്രിക് വാഹനനിര്‍മാണരംഗത്ത് തങ്ങള്‍ പ്രാരംഭദശയിലാണെന്നാണ് കമ്പനി പറയുന്നത്. സാങ്കേതികസഹകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് മൈക്രോമാക്സ് മറ്റു കമ്പനികളുമായി സംസാരിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനനിര്‍മാണത്തിലും ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്കായിരിക്കും മുൻഗണനയെന്നാണ് അറിയുന്നത്. ഇലക്ട്രിക് ടാക്സി രംഗത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന യൂബര്‍, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളെയും മൈക്രോമാക്സ് ലക്ഷ്യമിടുന്നുണ്ട്.

ഇലക്ട്രിക് വാഹനവ്യവസായം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ഫെയിം പദ്ധതി (ഫാസ്റ്റര്‍ അഡോപ്ഷൻ ആന്‍റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍റ് ഇലക്ട്രിക് വീക്കിള്‍സ്) വഴി നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും സബ്സിഡികള്‍ ലഭിക്കുന്നുണ്ടെന്നതും മൈക്രോമാക്സിന് പുതിയ രംഗത്തേയ്ക്ക് കടക്കാൻ സഹായകമാകും.

കുറഞ്ഞ വിലയിൽ ഉത്പന്നങ്ങള്‍ ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തിക്കുന്ന ചൈനീസ് മൊബൈൽ നിര്‍മാതാക്കളോട് മത്സരിക്കാൻ വിലയിൽ ഒരു പരിധിയിലധികം വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നതിനാൽ പുതിയ രംഗത്തേയ്ക്കുള്ള മൈക്രോമാക്സിന്‍റെ ചുവടുവെയ്പ് മികച്ച തീരുമാനമാണെന്നാണ് വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്