ആപ്പ്ജില്ല

ഒറ്റ ചാർജിങ്ങിൽ 1,000 കിലോമീറ്റർ..കൊടുങ്കാറ്റാകാൻ പുതിയ ബാറ്ററി

ഇ-വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പോന്ന പ്രഖ്യാപനവുമായി ചൈനീസ് കമ്പനി രംഗത്ത്. ഒറ്റ ചാർജ്ജിങ്ങിൽ 1000 കിലോമീറ്റർ വാഹനം ഓടിക്കാൻ സഹായിക്കുന്ന ബാറ്ററിയാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ചാർജിങ് സ്പീഡ്, മികച്ച സുരക്ഷ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളാണ് പുതിയ ഉല്പന്നത്തിനുള്ളത്.

Authored byശിവദേവ് സി.വി | Samayam Malayalam 25 Jun 2022, 4:39 pm
ടെക്നോളജിയുടെ സാധ്യതകൾ അനന്തമാണെന്ന് വീണ്ടും തെളിയുന്നു. ഇത്തവണ ഒരു ചൈനീസ് കമ്പനിയാണ് ലോകത്തെ ഞെട്ടിക്കുന്ന കണ്ടു പിടിത്തവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയിലെ മുൻനിര ലിഥിയം-അയൺ ബാറ്ററി നിർമാതാക്കളായ കണ്ടമ്പററി ആംപെരെക്സ് ടെക്നോളജി കമ്പനി ലിമിറ്റ‍ഡ് (സിഎടിഎൽ) ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. തങ്ങളുടെ പുതിയ ബാറ്ററി ഉപയോഗിച്ച് ഒറ്റ ചാർജിങ്ങിൽ 1000 കിലോമീറ്ററിലധികം ഡ്രൈവിങ് സാധ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് യാഥാർഥ്യമാകുന്നത് ആഗോളതലത്തിൽ തന്നെ ഇ-വാഹന രംഗത്തെ അടിമുടി മാറ്റിമറിക്കും.
Samayam Malayalam new e battery 1000 km
ഒറ്റ ചാർജിങ്ങിൽ 1,000 കിലോമീറ്റർ..കൊടുങ്കാറ്റാകാൻ പുതിയ ബാറ്ററി


​സാങ്കേതികവിദ്യ

മൂന്നാം തലമുറ സെൽ-ടു-പാക്ക് (സിടിപി) സാങ്കേതികവിദ്യയാണ് ക്വിലിൻ / സിടിപി 3.0 എന്നു പേരിട്ടിരിക്കുന്ന ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 72 ശതമാനം വോളിയം യൂട്ടിലൈസേഷൻ കഴിവുണ്ട്. 255 ഡബ്ല്യുഎച്ച്/കി.ഗ്രാം വരെയുള്ള എനർജി ഡെൻസിറ്റിയുമുള്ള ടെർനറി ബാറ്ററി സംവിധാനം ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന ഇന്റഗ്രേഷനാണ് പ്രദാനം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനീസ് പുരാണത്തിലെ ഇതിഹാസത്തിന്റെ പേരാണ് ബാറ്ററിക്ക് നൽകിയിരിക്കുന്ന ക്വിലിൻ എന്നത്. വൻതോതിലുള്ള ബാറ്ററി ഉല്പാദനം ആരംഭിക്കാനും, 2023 ൽ ഇത് വിപണിയിലെത്തിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

​പ്രധാന ​സവിശേഷത

മൊഡ്യൂളുകൾ ഇല്ലാതെ സെല്ലുകളെ പാക്കുകളിലേക്ക് കൂട്ടിച്ചേർക്കുന്ന സിടിപി സംവിധാനം സിസ്റ്റത്തിന്റെ എനർജി ഡെൻസിറ്റി വർധിപ്പിക്കും. കൂടാതെ ഇത് ഉല്പാദനത്തെ ലളിതമാക്കുകയും, ചെലവ് കുറയ്ക്കുകയും ചെയ്യും. ഇതിനു പുറമെ ഈ ടെക്നോളജി ഉല്പന്നത്തിന്റെ സർവീസ് ലൈഫ് വർധിപ്പിക്കും. ചാർജിങ് സ്പീഡ് വർധിക്കുമെന്നതും, മികച്ച സുരക്ഷ നൽകുമെന്നതും മറ്റ് ഗുണങ്ങളാണ്. കുറഞ്ഞ താപനിലയിൽ ഇത് പ്രവർത്തിക്കുമെന്നത് മറ്റൊരു പോസിറ്റീവാണ്.

ഇതര ​ഗുണങ്ങൾ

ബാറ്ററി അതിന്റെ ഫുൾ ലൈഫ് സൈക്കിൾ റിലയബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഇന്റഗ്രേറ്റഡ് എനർജി യൂണിറ്റ് ഷോക്ക്, വൈബ്രേഷൻ എന്നിവയ്ക്കെതിരെ പ്രതിരോധം തീർക്കുന്നു. സെല്ലും, മൾട്ടി ഫങ്ഷണൽ ഇലാസ്റ്റിക് ഇന്റർ ലേയറും ചേർന്നതാണ് ഇന്റഗ്രേറ്റഡ് എനർജി യൂണിറ്റ്.

താപനിലയുടെ കാര്യത്തിൽ സ്ഥിരത നില നിർത്തുമെന്നും, സുരക്ഷ നൽകുമെന്നും കമ്പനി പറയുമ്പോൾ ഉയർന്ന എനർജി ഡെൻസിറ്റിയുള്ള ഉല്പന്നങ്ങളുമായും, അപ്ഗ്രേഡുകളുമായും ഭാവിയിൽ‍ യോജിച്ചു പോകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ സെൽ വളരെ വേഗത്തിൽ കൂളാവുമെന്നും, സെല്ലുകൾ തമ്മിൽ‍ ഉണ്ടാവാൻ സാധ്യതയുള്ള താപനിലയിലെ അന്തരങ്ങൾ മറികടക്കാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. മാത്രമല്ല ഫാസ്റ്റ് മോഡിൽ ചാർജ്ജ് ചെയ്യാൻ കേവലം 10 മിനിറ്റ് മാത്രമാണ് വേണ്ടത്.

​ബാറ്ററി വിജയിച്ചാൽ..

ഇത്തരമൊരു ഉല്പന്നത്തിന്റ വരവ് ഇ-വാഹന മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ചാർജിങ് സ്പീഡ്, താപനിലയിലുണ്ടാകുന്ന അന്തരങ്ങൾ, സുരക്ഷാ സംബന്ധമായ ആശങ്കകൾ എന്നിവയ്ക്കെല്ലാം ഒറ്റയടിക്ക് പരിഹാരമാകുന്ന പ്രഖ്യാപനമാണ് പുതിയ പ്രൊഡക്ടിലൂടെ കമ്പനി നടത്തിയത്. ഉല്പന്നം വിജയിക്കുകയാണെങ്കിൽ ഭാവിയിലെ ബിസിനസായി വിലയിരുത്തപ്പെടുന്ന ഇ-വാഹനങ്ങളുടെ അവിഭാജ്യഘടകമായ ബാറ്ററിയുടെ ആഗോള തലത്തിലുള്ള കുത്തക നേടാനും ഇതിലൂടെ കമ്പനിക്കും, ചൈനയ്ക്കും സാധിക്കും.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്