ആപ്പ്ജില്ല

ഷവോമിയുടെ ഇന്ത്യയിലെ സ്വപ്നയാത്രയ്ക്ക് സംഭവിക്കുന്നതെന്ത് ?

രാജ്യത്തെ സ്മാർട് ഫോൺ വിപണിയിലെ പ്രമുഖ ബ്രാൻഡാണ് ഷവോമി ഇന്ത്യ. മാർക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന കമ്പനി, പക്ഷെ നിയമപരമായ വെല്ലുവിളികൾ നേരിടുകയാണ്. റോയൽറ്റിയുടെ മറവിൽ ചൈനയിലേക്ക് പണം കടത്തുന്നു എന്ന് ഇഡി ആരോപണത്തിനെതിരെ നിയമയുദ്ധം നടത്താനാണ് ഷവോമി തുനിയുന്നത്.

Samayam Malayalam 8 Oct 2022, 1:22 pm
ചൈനീസ് ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും വാർത്തകളിൽ നിറയുന്നു. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിലെ പ്രമുഖ ബ്രാൻഡാണ് ഷവോമി. താങ്ങാനാവുന്ന വിലയുള്ള സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾ നൽകിയാണ് കമ്പനി മാർക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നത്. എന്നാൽ നിയമപരമായ സങ്കീർണതകളാണ് ഇപ്പോൾ ഷവോമി നേരിടുന്നത്.
Samayam Malayalam xiaomi facing challenges in india


ഇന്ത്യൻ ഫോറിൻ എക്‌സ്‌ചേഞ്ച് നിയമം ലംഘിച്ചതിന് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഷവോമിയിൽ നിന്ന് 5,500 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് കമ്പനി ശ്രദ്ധിക്കപ്പെട്ടത്. എംഐ (MI) എന്ന ബ്രാൻഡ് നാമത്തിൽ ഇന്ത്യയിലെ മൊബൈൽ ഫോണുകളുടെ വ്യാപാരവും, വിതരണവുമാണ് കമ്പനി ചെയ്യുന്നത്. 2014ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.

വിദേശ സ്ഥാപനങ്ങളിലേക്ക് അനധികൃതമായി പണമടയ്ക്കുകയും അവ റോയൽറ്റി പേയ്‌മെന്റായി കാണിക്കുകയും ചെയ്‌തതായി ആരോപിച്ച് ഷവോമി ഇന്ത്യയുടെ 5,500 കോടി രൂപയിലധികം മൂല്യമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടിയതായി ഇഡി പ്രഖ്യാപിച്ചത് കഴിഞ്ഞ ഏപ്രിൽ 30നാണ്.

Also Read : റിയൽ എസ്റ്റേറ്റ് ബിസിനസിനെ 5G എങ്ങനെ സ്വാധീനിക്കും ?

മൂന്ന് കമ്പനികളിൽ നിന്ന് റോയൽറ്റിയുടെ മറവിൽ ഷവോമി ഇന്ത്യ ഭീമമായ തുക അയച്ചു, അതിലൊന്ന് ഷവോമി ഗ്രൂപ്പ് എന്റിറ്റി ആയിരുന്നു. കേസ് അന്വേഷിക്കുന്നതിനിടെ, 2015 മുതൽ 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി ഷവോമി ഇന്ത്യ അയച്ചു തുടങ്ങിയെന്നും ഇഡി കണ്ടെത്തിയിരുന്നു.

കമ്പനി, ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്നും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതായും ഷവോമി ഇന്ത്യ പ്രതികരിച്ചു.കമ്പനി നടത്തിയ ഈ റോയൽറ്റി പേയ്‌മെന്റുകൾ കമ്പനിയുടെ ഇന്ത്യൻ പതിപ്പ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഇൻ-ലൈസൻസ് ഉള്ള സാങ്കേതികവിദ്യകൾക്കും ഐപികൾക്കും വേണ്ടിയുള്ളതാണ്. അത്തരം റോയൽറ്റി പേയ്‌മെന്റുകൾ കമ്പനിയുടെ നിയമാനുസൃതമായ വാണിജ്യ ക്രമീകരണമാണ്. സർക്കാരുമായി ചേർന്ന് തെറ്റിദ്ധാരണകൾ നീക്കാൻ ശ്രമിക്കുമെന്നും ഇഡി നടപടികൾക്കു ശേഷം ഷവോമി ഇന്ത്യ പ്രതികരിച്ചിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ, കമ്പനി കർണാടക ഹൈക്കോടതിയെ സമീപിക്കുകയും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) കോമ്പീറ്റന്റ് അതോറിറ്റിയുടെ 2022 സെപ്റ്റംബർ 29 ലെ ഉത്തരവിനെ ചോദ്യം ചെയ്യുകയും ചെയ്‌തു, ഇത് ഏപ്രിൽ 29 ലെ ഇഡിയുടെ പിടിച്ചെടുക്കൽ ഉത്തരവ് സ്ഥിരീകരിക്കുന്ന നടപടിയായി മാറി. കോമ്പീറ്റന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ ഷവോമി ഇന്ത്യ, ഈ വർഷത്തിന്റെ തുടക്കത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഫെമയ്ക്ക് കീഴിലുള്ള കോംപീറ്റന്റ് അതോറിറ്റിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്.

ഇന്നലെ, ഒക്ടോബർ 7 ന്, ഒരു പുതിയ ഹർജിയിൽ, ഒരു വിദേശ ബാങ്കിന്റെ പ്രതിനിധിയെ ഹിയറിംഗിനിടെ പരിശോധിക്കാൻ അനുവദിച്ചില്ല എന്നതിന്റെ അടിസ്ഥാനത്തിൽ, കോംപീറ്റന്റ് അതോറിറ്റിയുടെ ഉത്തരവിനെ ഷവോമി വെല്ലുവിളിച്ചു.ഒരു കമ്പനി ഇന്ത്യക്ക് പുറത്ത് കൈവശം വച്ചിരിക്കുന്ന ആസ്തികളുമായി ബന്ധപ്പെട്ട ഫെമയുടെ 37 എ വകുപ്പിന്റെ സാധുതയെയും ഹർജി ചോദ്യം ചെയ്യുകയുണ്ടായി.

Also Read : യുപിഐ സുരക്ഷ; എസ്ബിഐ നൽകുന്ന 6 ടിപ്സ്

ഇതിനും മുമ്പ് 2021 ഡിസംബറിൽ, ആദായനികുതി വകുപ്പ് നികുതി വെട്ടിപ്പ് നടത്തിയതിന് ഷവോമിക്ക് നോട്ടീസ് നൽകിയിരുന്നു. റെയ്ഡുകൾ നടത്തി ഒരാഴ്‌ചയ്‌ക്ക് ശേഷം, 653 കോടി രൂപയുടെ ഡ്യൂട്ടി ആവശ്യപ്പെടുന്നതിനും തിരിച്ചെടുക്കുന്നതിനുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കമ്പനിക്ക് മൂന്ന് ഷോകോസ് നോട്ടീസുകൾ അയച്ചു. ഷവോമി ഇന്ത്യ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുരുക്കുന്നതായി കണ്ടെത്തിയതായി ഡിആർഐ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

2021ലെ മൊബൈൽ ഡിവൈസസ് മോണിറ്റർ ഡാറ്റയുടെ കണക്കുകൾ പ്രകാരം, ഷവോമി 23%, വിവോ 15%, റിയൽമി 15%, ഓപ്പോ 10% എന്നിങ്ങനെ വിപണി വിഹിതവുമായി ചൈനീസ് കമ്പനികളാണ് ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. നിയമപരമായ തർക്കങ്ങൾ വർധിച്ചതോടെ ഷവോമി പാക്കിസ്ഥാനിലേക്ക് പ്രവർത്തനം മാറ്റുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ ബ്രാൻഡ് മെയ്ക്ക് ഇൻ ഇന്ത്യ യാത്രയുടെ 99% വിജയകരമായ ഉദാഹരണമാണെന്നും ഷവോമി പറഞ്ഞു. കമ്പനിയുടെ സ്‌മാർട്ട്‌ഫോണുകളും 100 ശതമാനം ടിവികളും നിർമ്മിക്കുന്നത് ഇന്ത്യയിലാണെന്നും കമ്പനി അറിയിച്ചു.

Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്