ആപ്പ്ജില്ല

സാധനം സ്വർണ്ണമാണ് ..ബില്ല് നോക്കാനറിയുമോ ?

സ്വർണ്ണം തിളക്കം വർധിക്കുന്ന ലോഹമാണ്. വിലയിലും മൂല്യത്തിലും മഞ്ഞത്തിളക്കം ഇഷ്ടപ്പെടുന്നവരും അനേകമുണ്ട്. എന്നാൽ സ്വർണ്ണത്തിന്റെ ബില്ലിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പലരും ആലോചിക്കാറില്ല.

Authored byശിവദേവ് സി.വി | Samayam Malayalam 14 Jul 2022, 4:40 pm
സ്വർണ്ണവില അനുദിനം കുതിച്ചുയരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഏതെല്ലാം രീതിയിലുള്ള ആഗോള പ്രതിസന്ധികൾ ഉണ്ടായാലും സ്വർണ്ണത്തിലേക്കാണ് നിക്ഷേപകർ ചുവടുമാറ്റുന്നത്. ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം ദിവസവും കൂടി വരികയാണ്.
Samayam Malayalam gold bill details should be included
സാധനം സ്വർണ്ണമാണ് ..ബില്ല് നോക്കാനറിയുമോ ?


എന്നാൽ ഭാരിച്ച തുക നൽകി വാങ്ങുന്ന സ്വർണ്ണത്തിന്റെ ബില്ലിലുള്ള വിവരങ്ങൾ നോക്കി മനസ്സിലാക്കാൻ മിക്കവരും മെനക്കെടാറില്ല. ചെറിയ തുകകൾ കൊടുത്തു വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകൾ പോലും ഇഴകീറി പരിശോധിക്കുന്നവരും ഇവിടെ പിന്നോക്കം നിൽക്കാറുണ്ട്. ബില്ലിലെ നികുതിയടക്കമുള്ള കാര്യങ്ങൾ സങ്കീർണമെന്നു ധരിക്കുന്നതിനാലാവാം ഇത്. വലിയ ബിസിനസ് നടത്തുന്ന ജ്വല്ലറികളുടെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിക്കാൻ സാധ്യതകൾ കുറവാണെന്ന ചിന്താഗതിയും മിക്കവർക്കുമുണ്ട്. ഗ്രാമിനു പോലും ആയിരങ്ങൾ കൊടുത്തു വാങ്ങുന്ന സ്വർണ്ണത്തിന്റെ കാര്യത്തിൽ‍ തീരെ അലംഭാവമരുത്. സ്വർണ്ണം വാങ്ങുമ്പോൾ ലഭിക്കുന്ന ഒരു യഥാർത്ഥ ബില്ലിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്ന് താഴെ പറയുന്നു.

​ശ്രദ്ധിക്കേണ്ട പ്രധാന രണ്ടു കാര്യങ്ങൾ

സ്വർണ്ണം വാങ്ങുമ്പോൾ, അത് ആഭരണമായാലും, കോയിനായാലും പ്രധാനമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് സ്വർണ്ണം ഹാൾ മാർക്ക് ചെയ്തിട്ടുണ്ടോ എന്നത്. രണ്ടാമത്തേത് ജ്വല്ലറിയിൽ നിന്നു ലഭിക്കുന്ന ബില്ലിൽ സമഗ്രമായ വിവരങ്ങൾ ഉണ്ടോ എന്നത്.

ബിഐഎസ് റൂൾ‍ പറയുന്നതെന്ത് ?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ വെബ്സൈറ്റിൽ സ്വർണ്ണത്തിന്റെ ബില്ലിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:

' റീടെയിലറിൽ നിന്നോ, ജൂവലറിൽ നിന്നോ ഉള്ള ഹാൾ മാർക്ക് ചെയ്ത സ്വർണ്ണത്തിന്റെ യഥാർത്ഥവും ആധികാരികവുമായ ബിൽ/ ഇൻവോയിസ് കൈപ്പറ്റേണ്ടതാണ്. തർക്കങ്ങൾ, ദുരുപയോഗം, തർക്ക പരിഹാരം എന്നിവയ്ക്കും ഇത് ആവശ്യമാണ് '.

നോക്കാനറിയണം ഇവ..

ബിഐഎസ് വെബ്സൈറ്റ് പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ സ്വർണ്ണത്തിന്റെ ബില്ലിൽ ഉൾപ്പെട്ടിരിക്കണം.

ഹാൾ മാർക്ക് ചെയ്ത സ്വർണ്ണത്തിന്റെ വിവരം, ഓരോ സ്വർണ്ണ ഉരുപ്പടിയുടെയും ചുരുക്ക വിവരം, വില പിടിച്ച ലോഹങ്ങളുടെ നെറ്റ് വെയ്റ്റ്, കാരറ്റിലും, ഫിറ്റ്നസിലുമുള്ള പരിശുദ്ധി, ഹാൾ മാർക്കിങ് ചാർജുകൾ എന്നിവ വില പിടിച്ച ഹാൾ മാർക്ക് ചെയ്ത ലോഹങ്ങൾ വിൽക്കുമ്പോൾ ജ്വല്ലറികൾ നൽകുന്ന ബിൽ/ ഇൻവോയിസിൽ ഉൾപ്പെട്ടിരിക്കണം.

ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങിയ ഹാൾ മാർക്ക് ചെയ്ത ഉരുപ്പടികളുടെ പരിശുദ്ധി, ബിഐഎസ് അംഗീകൃത കേന്ദ്രങ്ങൾ വഴി പരിശോധിച്ച് ഉറപ്പു വരുത്തുകയുമാവാം.

​ഒരു ബില്ലിൽ എന്തൊക്കെയുണ്ട് ?

താഴെ പറയുന്നവയാണ് ഒരു ബില്ലിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ.

ഉല്പന്നത്തിന്റെ പേര്, ചെറിയ വിശദീകരണം, ഗ്രാമിലുള്ള സ്വർണ്ണത്തിന്റെ തൂക്കം, പരിശുദ്ധി, 22 കാരറ്റിന്റെ നിലവിലെ വിലനിലവാരം, പണിക്കൂലി, ഹാൾ മാർക്കിങ് ചാർജുകൾ, കല്ലുകൾ പതിച്ചുണ്ടെങ്കിൽ ഉപഭോക്താവ് നൽകേണ്ട ജിഎസ്ടി അടക്കമുള്ള ചാർജ്. കല്ലുകള‍ുടെ തൂക്കവും, വിലയും വെവ്വേറെ ബില്ലിൽ രേഖപ്പെടുത്തണമെന്നതും നിർബന്ധമാണ്.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്