ആപ്പ്ജില്ല

ഇനി വീട്ടിലിരുന്നും അക്കൗണ്ട് തുടങ്ങാം, വീഡിയോ കെവൈസി അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ബാങ്കുകൾ വീഡിയോ കെവൈസി സൗകര്യം ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 6 മണിവരെ ഈ സൗകര്യം ലഭ്യമാണ്.

Samayam Malayalam 17 Sept 2020, 5:41 pm
ഡൽഹി: ഐസിഐസിഐ, ഇൻഡസ്ഇൻസ് ബാങ്കുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്കായി വീഡിയോ കെ‌വൈ‌സി സൗകര്യം ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ബാങ്കുകൾ വീഡിയോ കെവൈസി സൗകര്യം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഇനി വീട്ടിലിരുന്നും ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുമെന്നതാണ് വീഡിയോ കെവൈസിയുടെ ഗുണം.
Samayam Malayalam HDFC
HDFC


വീഡിയോ കെവൈസി നടപ്പിലാക്കുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിരുന്നു. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് തുറക്കുന്നതിനുള്ള ഒരു ഇതര മാർഗ്ഗമായി എച്ച്ഡിഎഫ്സി ബാങ്ക് വീഡിയോ അധിഷ്ഠിത കെവൈസി സൗകര്യം വിപുലീകരിക്കുകയായിരുന്നു. എച്ച്ഡി‌എഫ്‌സി ബാങ്ക് വീഡിയോ കെ‌വൈ‌സി സൗകര്യം ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുക.

വീഡിയോ കെവൈസി സൗകര്യം ആർക്കൊക്കെ?

ആദ്യ ഘട്ടത്തിൽ സേവിംഗ്സ്, കോർപ്പറേറ്റ് സാലറി, വ്യക്തിഗത വായ്പ ഉപഭോക്താക്കൾ എന്നിവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് അരവിന്ദ് വോഹ്ര പറഞ്ഞു. പൂർണമായും ഓൺലൈനിലൂടെയാണ് വീഡിയോ കെ‌വൈ‌സി പ്രക്രിയ നടത്തുക. വളരെ വേഗത്തിലും എളുപ്പത്തിലും ഈ സൗകര്യം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനാകും. ഇത് ബാങ്ക് ഉദ്യോഗസ്ഥനും ഉപഭോക്താവും തമ്മിലുള്ള കടലാസില്ലാത്ത, സമ്പർക്കമില്ലാത്ത, റെക്കോർഡ് ചെയ്‌ത ആശയവിനിമയമാണ്.

വീഡിയോ കെവൈസി സൗകര്യം ലഭിക്കാൻ ഉപഭോക്താക്കൾ ചെയ്യേണ്ടത്?

പ്ലേസ്റ്റോറിൽ ലഭ്യമായ ഇൻസ്റ്റാ അക്കൗണ്ട് ഓപ്പണിംഗ് ആപ്പ് വഴിയോ ബാങ്ക് വെബ്സൈറ്റ് വഴിയോ ആധാർ ഇകെവൈസി പൂർത്തിയാക്കിയ ശേഷം വീഡിയോ കെ‌വൈ‌സി തെരഞ്ഞെടുത്ത് ബാങ്ക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാം. ഇതിനായി ആദ്യം ബാങ്ക് ആപ്ലിക്കേഷനിൽ ആധാർ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പൂർത്തിയാക്കുക. ഒറിജിനൽ പാൻ കാർഡ് കയ്യിൽ കരുതണം. വീഡിയോ കെവൈസി ചെയ്യുമ്പോൾ നിർബന്ധമായും ഇന്ത്യയിൽ ഉണ്ടായിരിക്കണം. അക്കൗണ്ട് സജീവമാകുന്നതിന് മുമ്പ് വീഡിയോ കെവൈസിയുടെ ഓഡിയോ-വീഡിയോ ഇടപെടൽ സാധൂകരിക്കപ്പെടും.

Also Read: 48 മണിക്കൂറിനുള്ളിൽ ഭവന വായ്പ, അതും ഓൺലൈനായി; പുതിയ ഓഫറുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്

ആർ‌ബി‌ഐ നിർദ്ദേശമനുസരിച്ച് വീഡിയോ കെ‌വൈ‌സി വിജയകരമായി പൂർ‌ത്തിയാക്കുന്നത് പൂർ‌ണ്ണ കെ‌വൈ‌സിക്ക് തുല്യമാണ്. മാത്രമല്ല എല്ലാ സാമ്പത്തിക / ബാങ്കിംഗ് സേവനങ്ങളും ഉപയോക്താക്കൾ‌ക്ക് ലഭിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 6 മണിവരെ ഈ സൗകര്യം ലഭ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്