ആപ്പ്ജില്ല

15 വര്‍ഷം കൊണ്ട് രണ്ടു കോടി രൂപ സമ്പാദിക്കാന്‍ ചില നിക്ഷേപതന്ത്രങ്ങൾ

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളുടെ കോമ്പൗണ്ടിങ് ആനുകൂല്യമാണ് ഇവിടെ നിങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ഒരു തവണ അടവ് മുടങ്ങിയാല്‍ പോലും കോമ്പൗണ്ടിങ് ആനുകൂല്യം നഷ്ടമാകും.

Samayam Malayalam 7 Dec 2021, 1:29 pm
മ്യൂച്വല്‍ഫണ്ട് വിപണികളെ സംബന്ധിച്ച് സമ്പാദ്യം വളര്‍ത്തുന്നതിനു നിരവധി മാര്‍ഗങ്ങളുണ്ട്. ഓഹരി വിപണികളിലെ റിസ്‌ക് താല്‍പര്യമില്ലാത്തവർ അധികമായി ആശ്രയിക്കുന്നത് മ്യൂച്വല്‍ഫണ്ടുകളെയാണ്. അടുത്തിടെ ഇന്ത്യയില്‍ മ്യൂച്വല്‍ഫണ്ട് വ്യവസായം കൈവരിക്കുന്ന നേട്ടത്തിനു കാരണവും ഓഹരി വിപണികളിലെ അനശ്ചിതത്വമാണ്.
Samayam Malayalam how to get 2 crore in 15 years
15 വര്‍ഷം കൊണ്ട് രണ്ടു കോടി രൂപ സമ്പാദിക്കാന്‍ ചില നിക്ഷേപതന്ത്രങ്ങൾ

ഓഹരി അനുബന്ധ നിക്ഷേപമാണെങ്കിലും ഉപയോക്താക്കളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതു പരിചയസമ്പത്തുള്ള ഫണ്ട് മാനേജര്‍ ആയിരിക്കുമെന്നതാണ് മ്യൂച്വല്‍ഫണ്ട് വിപണികളുടെ മേന്‍മ. ഉപയോക്താക്കളുടെ വിപണികളിലേക്കു സംഭാവന ചെയ്യാനുള്ള ശേഷിയാണ് ഇവിടെ ആദായം നിശ്ചയിക്കുന്നത്. എസ്.ഐ.പി. നിക്ഷേപമാണെങ്കില്‍ പോലും ഉയര്‍ന്ന തുക നീക്കവയ്ക്കാനായാല്‍ കൂടുതല്‍ നേട്ടം കൈവരിക്കാമെന്നു സാരം. മ്യൂച്വല്‍ഫണ്ട് വിപണികളില്‍നിന്ന് 15 വര്‍ഷംകൊണ്ട് രണ്ടു കോടി രൂപ കൈവരിക്കുന്നതെങ്ങനെ എന്നു നോക്കാം.


​മാര്‍ഗം ഒന്നു തന്നെ, ലക്ഷ്യം പലവിധം

15x15x15 എന്നറിയപ്പെടുന്ന നിസാര തത്വമാണ് ഇവിടെയും നായകന്‍. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്ന രീതി അല്‍പം മാറ്റണമെന്നു മാത്രം. ഒരാള്‍ക്ക് മാസം 15,000 രൂപ വീതം 15 വര്‍ഷം നിക്ഷേപിക്കാനായാല്‍ ആ നിക്ഷേപത്തിന് 15 ശതമാനം ആദായം നല്‍കാനാകുമെന്നതാണ് ഈ തത്വത്തിന്റെ അടിസ്ഥാനം. ഈ നിലയ്ക്ക് നിക്ഷേപം നടത്തിയാല്‍ 15 വര്‍ഷംകൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം.

എന്നാല്‍ നമ്മുടെ ലക്ഷ്യം രണ്ട് കോടി രൂപയാണ്. ഈ ലക്ഷ്യം കൈവരിക്കാനായി നിങ്ങള്‍ നിക്ഷേപത്തുക 30,000 ആക്കേണ്ട ആവശ്യമില്ലെന്നതാണ് സത്യം. മറിച്ച് എല്ലാ വര്‍ഷവും മാസത്തവണകളില്‍ 15 ശതമാനം വര്‍ധന വരുത്തിയാല്‍ മാത്രം മതി. അതായത് മുമ്പു പറഞ്ഞ തത്വം ഇപ്പോള്‍ 15X15X15X15 ആയി. ഈ ഫോര്‍മുല നിക്ഷേപകന് പിന്തുടരാനായാല്‍ 15 വര്‍ഷം കൊണ്ട് രണ്ടു കോടി രൂപ സമ്പാദിക്കാം.

​കണക്കിലെ കളി

വാര്‍ഷികാടിസ്ഥാനത്തില്‍ തവണകളില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ 15 വര്‍ഷം കൊണ്ട് നിക്ഷേപം 2.07 കോടിയിലെത്തുമെന്നാണ് വിപണി വിദഗ്ധരായ എസ്.എ.ജി. ഇന്‍ഫോടെകിലെ അമിത് ഗുപ്ത വ്യക്തമാക്കുന്നത്. നിക്ഷേപങ്ങള്‍ മുടക്കം വരുത്താതെ തുടരാനായാല്‍ മാത്രമാകും ഈ നേട്ടം കൈവരിക്കാനാകുക.

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളുടെ കോമ്പൗണ്ടിങ് ആനുകൂല്യമാണ് ഇവിടെ നിങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ഒരു തവണ അടവ് മുടങ്ങിയാല്‍ പോലും കോമ്പൗണ്ടിങ് ആനുകൂല്യം നഷ്ടമാകും. ഇതുമൂലം നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ലക്ഷങ്ങളായിരിക്കും. എത്ര നേരത്തേ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്. അതായത് നേരത്തേ തുടങ്ങിയാല്‍ നേരത്തേ സാമ്പത്തിക സ്വതന്ത്ര്യം കൈവരിക്കാമെന്നു സാരം.

​നിക്ഷേപത്തിനു മികച്ച ചില ഫണ്ടുകള്‍

എസ്.ഐ.പി. നിക്ഷേപങ്ങള്‍ക്കു ഫണ്ടുകള്‍ തെരഞ്ഞെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ പോലും ഉദ്ദേശിച്ച ഫലം കിട്ടണമെങ്കില്‍ ഫണ്ടും മികച്ചതായിരിക്കണം. 15X15X15 തത്വത്തിനായി മൈ ഫണ്ട് ബസാര്‍ ഇന്ത്യ പ്രെവറ്റ് ലിമിറ്റഡ് മുന്നോട്ട് വയ്ക്കുന്ന ചില ഫണ്ടുകളുണ്ട്. കഴിഞ്ഞകാല പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിര്‍ദേശം.

സ്‌മോള്‍ക്യാപ് വിഭാഗത്തില്‍നിന്ന് എസ്.ബി.ഐ. സ്‌മോള്‍ ക്യാപ് ഫണ്ട് തെരഞ്ഞെടുക്കാം. കാരണം വാര്‍ഷികാടിസ്ഥാനത്തില്‍ 20.66 ശതമാനം ആദായം ഫണ്ട് നല്‍കിയിട്ടുണ്ട്. മിഡ്ക്യാപ് മേഖലയില്‍നിന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് മിഡ് ഫണ്ട് പരിഗണിക്കാം. വാര്‍ഷിക വളര്‍ച്ച 15.26 ശതമാനമാണ്. 15.38 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച എച്ച്.ഡി.എഫ്.സി. ടോപ് 100 ഫണ്ട് ആണ് ലാര്‍ജ് ക്യാപില്‍ നിന്നുള്ള നിര്‍ദേശം.

(മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. 15x15x15 റൂള്‍ വര്‍ഷങ്ങളായി മ്യൂച്വല്‍ഫണ്ട് വിപണികളില്‍ പ്രസിദ്ധമാണ്. എന്നിരുന്നാലും ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം. ഫണ്ടുകള്‍ മുന്‍കാല പ്രകടനങ്ങള്‍ ഭാവിയിലും തുടരണമെന്നു നിര്‍ബന്ധമില്ല.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്