ആപ്പ്ജില്ല

ബിറ്റ്‍കോയിൻ മൂല്യം വീണ്ടും കുതിച്ചുയര്‍ന്നേക്കും; നിക്ഷേപം ഉയരുന്നു

ഡിജിറ്റൽ കറൻസി എന്ന രീതിയിൽ ബിറ്റ്‍കോയിൻെറ മൂല്യം വീണ്ടും കുതിച്ചുയര്‍ന്നേക്കും എന്ന് രാജ്യാന്തര റിപ്പോര്‍ട്ടുകൾ . അനിശ്ചിതത്വം നിലനിൽക്കുന്നതിനാലും നിക്ഷേപത്തിന് സുരക്ഷിതത്വം ഇല്ലാത്തതിനാലും ബിറ്റ്‍കോയിൻെറ ചെറിയ യൂണിറ്റുകളിൽ നിക്ഷേപം നടത്താം.

Samayam Malayalam 13 Aug 2020, 3:49 pm
കൊച്ചി: ബിറ്റ് കോയിൻ കൂടുതൽ കരുത്താര്‍ജിയ്ക്കും എന്ന സൂചന നൽകി വിദഗ്ധര്‍. ഒരു ബിറ്റ്‍കോയിൻെറ മൂല്യം 12,000 ഡോളറിലധികം ഉയര്‍ന്ന് കഴിഞ്ഞു. മെയിൽ 50 ശതമാനത്തോളം ഇടിവുണ്ടായതിന് ശേഷമാണ് ബിറ്റ് കോയിൻെറ മൂല്യം വീണ്ടും ഉയരുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകര്‍ ഉൾപ്പെടെ ഇപ്പോൾ ബിറ്റ് കോയിനുകളോട് കൂടുതൽ താൽപ്പര്യം പ്രകടിപ്പിയ്ക്കുന്നുണ്ട്.
Samayam Malayalam ബിറ്റ്‍കോയിൻ
ബിറ്റ്‍കോയിൻ


ഇത് ക്രിപ്റ്റോ കറൻസികളിലെ പ്രമുഖനായ ബിറ്റ്കോയിൻെറ മൂല്യം വീണ്ടും ഉയര്‍ത്തും. ചൈന ഡിജിറ്റൽ യുവാനോട് താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നതും ബിറ്റ്‍കോയിൻ ഇടപാടുകൾക്ക് ഗുണകരമായേക്കും. എന്നാൽ ക്രിപ്റ്റോകറൻസികളിലെ നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പ് നൽകാൻ ആകില്ല എന്നതു തന്നെയാണ് ബിറ്റ്‍കോയിൻ ഉൾപ്പെടെ നേരിടുന്ന പ്രധാന വെല്ലുവിളി.

ബിറ്റ്‍കോയിനിൽ നിക്ഷേപം നടത്തുന്നത് എങ്ങനെ?

വിവിധ ബിറ്റ്‍കോയിൻ എക്സചേഞ്ചുകൾ വഴി ബിറ്റ്‍കോയിനിൽ നിക്ഷേപം നടത്താം. ബിറ്റ് കോയിൻ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വെബ്സൈറ്റിലൂടെ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കാം. ഇതിനായി നിരവധി ബിറ്റ് കോയിൻ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. സെബ്പേ,യുനോകൊയിൻ എന്നിവ ഉദാഹരണം. ഇതിനു ശേഷം ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം.

ബിറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് സാധനങ്ങളും സേവനങ്ങളും പോലും ഇപ്പോൾ വാങ്ങാനാകും. ഉയര്‍ന്ന മൂല്യം ഉള്ളതിനാൽ ഒരു ബിറ്റ്‍കോയിൻ മുഴുവൻ സാധാരണ നിക്ഷേപകര്‍ക്ക് വാങ്ങാനായി എന്നു വരില്ല. ബിറ്റ്‍കോയിൻെറ ഭാഗങ്ങളിലും നിക്ഷേപം നടത്താം. ഇതിന് 500 രൂപ മുതലുള്ള തുക വിനിയോഗിയ്ക്കാം. അതേസമയം ചില രാജ്യങ്ങളിൽ ക്രിപ്റ്റോ‍ കറൻസികൾക്ക് നിയന്ത്രണം ഉണ്ടെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തിൽ ഒരു ദിവസം 25,000 കോടി രൂപയുടെ ബിറ്റ്‍കോയിൻ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്