Please enable javascript.Adani Group Breakout Stocks List,Weekly Breakout Stocks: പുതിയ ഉയരം കുറിച്ച് 5 അദാനി ​ഗ്രൂപ്പ് ഓഹരികൾ; സമയം തെളിയുകയാണോ? - top 5 adani group stocks showing weekly breakout pattern - Samayam Malayalam

Weekly Breakout Stocks: പുതിയ ഉയരം കുറിച്ച് 5 അദാനി ​ഗ്രൂപ്പ് ഓഹരികൾ; സമയം തെളിയുകയാണോ?

Authored byപിൻ്റു പ്രകാശ് | Samayam Malayalam 27 Jul 2023, 7:26 am
Subscribe

ഹിൻഡൻബർ​ഗ് റിസർച്ച് പുറത്തുവിട്ട നെ​ഗറ്റീവ് റിപ്പോർട്ടിനെ തുടർന്നുള്ള തിരിച്ചടിയിൽ നിന്നും അദാനി ​ഗ്രൂപ്പ് ഓഹരികൾ സാവധാനം കരകയറുകയാണ്. ഇതിനകം ചില അദാനി ഓഹരികൾ നഷ്‍ടം ഏറെക്കുറെ നികത്തിക്കഴിഞ്ഞു. സമീപകാലയളവിൽ അദാനി ഓഹരികൾ മുന്നേറാനുള്ള പ്രവണതയും സ്ഥിരമായി പ്രകടമാക്കുന്നുണ്ട്.

ഹൈലൈറ്റ്:

  • കഴിഞ്ഞ വ്യാപാര ആഴ്ചയിലെ ഉയർന്ന നിലവാരം മറികടന്നു.
  • ഓഹരിയിലെ പോസിറ്റീവ് ട്രെൻഡിന്റെ സൂചനയാണ്.
Breakout Adani Stocks
പ്രതീകാത്മക ചിത്രം
കഴിഞ്ഞ ആഴ്ചയിലെ ഉയർന്ന നിലവാരം മറികടക്കുക എന്നത്, ഓഹരിയുടെ ട്രെൻഡ് മനസിലാക്കുന്നതിനുള്ള ടെക്നിക്കൽ അനാലിസിസിലെ പ്രധാനപ്പെട്ട സൂചകങ്ങളിലൊന്നാകുന്നു. ഓഹരിയിൽ അന്തർലീനമായിരിക്കുന്ന പോസിറ്റീവ് ട്രെൻഡിന്റെ ലക്ഷണമാകുന്നു. ഓഹരിയിൽ മറഞ്ഞിരിക്കുന്ന കുതിപ്പിന്റെ സാധ്യതയിലേക്കുള്ള ചൂണ്ടുപലകയുമാകുന്നു. ഇത്തരത്തിൽ കഴിഞ്ഞ വ്യാപാര ആഴ്ചയിലെ ഉയർന്ന നിലവാരം മറികടന്ന് പുതിയ ഉയരത്തിലേക്ക് മുന്നേറുന്നവരുടെ കൂട്ടത്തിൽ അഞ്ച് അദാനി ഗ്രൂപ്പ് ഓഹരികളുമുണ്ട്.
മുന്നേറ്റത്തിനുള്ള കാരണം?

ഓഗസ്റ്റ് മാസത്തിൽ നിശ്ചയിച്ചിരിക്കുന്ന നിക്ഷേപ സംഗമത്തിൽ വമ്പന്മാരായ വിദേശ നിക്ഷേപകർ ഉൾപ്പെടെ പങ്കെടുക്കുമെന്ന അറിയിപ്പ് കിട്ടിയതും ഒന്നാം പാദത്തിലെ പ്രവർത്തന ഫലവുമൊക്കെ അദാനി ഗ്രൂപ്പ് ഓഹരികളെ കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്താൻ സഹായിച്ചത്. നിലവിൽ ലിസ്റ്റ് ചെയ്യപ്പെട്ട 10 അദാനി ഗ്രൂപ്പ് കമ്പനികളാണുള്ളത്. ഇവയിൽ അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ, അദാനി വിൽമർ തുടങ്ങിയ അദാനി ഗ്രൂപ്പ് ഓഹരികളാണ് ഇതിനകം കഴിഞ്ഞയാഴ്ചയിലെ ഉയർന്ന നിലവാരം ഭേദിച്ച് മുന്നേറുന്നത്. വിശദാംശം ചുവടെ ചേർക്കുന്നു. (കടപ്പാട്: സ്റ്റോക്ക്എഡ്ജ്.കോം)


അദാനി ഗ്രീൻ എനർജി

പുനരുപയോഗ ഊ‌ർജ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നാണ് അദാനി ഗ്രീൻ എനർജി. അടുത്തിടെയായി ഓഹരിയിൽ ശക്തമായ മൊമന്റം പ്രകടമാണ്. കഴിഞ്ഞയാഴ്ച ഉയർന്ന നിലവാരമായ 1,020 മറികടന്ന് ജൂലൈ 25ന് 1,088 രൂപയിൽ ക്ലോസ് ചെയ്തു.

അംബുജ സിമന്റ്സ്

അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ മുൻനിര സിമന്റ് ഉത്പാദക കമ്പനിയാണ് അംബുജ സിമന്റ്സ്. കഴിഞ്ഞ വ്യാപാര ആഴ്ചയിലെ ഉയർന്ന നിലവാരമായ 424.70 രൂപ ഇതിനകം മറികടന്നു. ജൂലൈ 25ന് ഓഹരിയുടെ ക്ലോസിങ് 440 രൂപയിലായിരുന്നു.

അദാനി ട്രാൻസ്മിഷൻ

രാജ്യത്തെ സ്വകാര്യ മേഖലയിൽ വൈദ്യുതി പ്രസരണ, വിതരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് അദാനി ട്രാൻസ്മിഷൻ. അടുത്തിടെയായി ഓഹരിയിൽ മുന്നേറ്റം ദൃശ്യമാണ്. കഴിഞ്ഞയാഴ്ചയിലെ ഉയർന്ന നിലവാരമായ 807 രൂപ മറികടന്നാണ് കുതിപ്പ്. ജൂലൈ 25ന് ഓഹരിയുടെ ക്ലോസിങ് വില 834.85 രൂപയാണ്.

Tata Motors: ടാറ്റ മോട്ടോർസ് ഡിവിആർ ഓഹരി റദ്ദാക്കുന്നു; നിക്ഷേപകർക്ക് എന്തുസംഭവിക്കും?
അദാനി പവർ

ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ വമ്പൻ വൈദ്യുതി ഉത്പാദകരാണ് അദാനി പവർ. കഴിഞ്ഞയാഴ്ചയിലെ ഉയർന്ന നിലവാരമായ 254.45 രൂപ മറികടന്നു. ജൂലൈ 25ലെ ക്ലോസിങ് വില 260.15 രൂപയാകുന്നു.

അദാനി വിൽമർ

എഫ്എംസിജി മേഖലയിൽ അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭങ്ങളിലൊന്നണ് അദാനി വിൽമർ ലിമിറ്റഡ്. ഭക്ഷ്യയെണ്ണ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിപണിയിൽ മുൻനിരയിലാണ് സ്ഥാനം. കഴിഞ്ഞയാഴ്ചയിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരമായ 414.50 രൂപ മറികടന്നിട്ടുണ്ട്. ജൂലൈ 25ന് 416.75 രൂപയിലാണ് അദാനി വിൽമറിന്റെ ക്ലോസിങ്.

(അറിയിപ്പ്: മേൽ സൂചിപ്പിച്ച വിവരങ്ങൾ പഠനാവശ്യാർത്ഥം നൽകുന്നതാണ്. നിക്ഷേപത്തിനുള്ള ശുപാർശയല്ല. നിക്ഷേപത്തിന് മുൻപേ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരോട് അഭിപ്രായം തേടാവുന്നതാണ്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ടങ്ങൾക്ക് വിധേയമാണെന്ന് ശ്രദ്ധിക്കുക.)
പിൻ്റു പ്രകാശ്
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ