ആപ്പ്ജില്ല

'രാമക്ഷേത്രത്തിനു പണം നൽകി, ചോദിച്ചാല്‍ ഇനിയും കൊടുക്കും'; ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് പിസി ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ പിസി ജോർജ് സംഭാവന നൽകിയത്

Samayam Malayalam 23 Feb 2021, 3:47 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ വേഗത്തിലാക്കി മുന്നണികൾ. സീറ്റ് വിഭജനമടക്കമുള്ള ചർച്ചകൾ ആരംഭിച്ചു. ഭരണത്തുടർച്ച ലക്ഷ്യമാക്കി സിപിഎം മുന്നോട്ട് പോകുമ്പോൾ സംസ്ഥാനത്തിൻ്റെ ഭരണം പിടിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനും യുഡിഎഫിനും. 2016 തെരഞ്ഞെടുപ്പിൽ രണ്ട് മുന്നണികളെയും ഞെട്ടിച്ച് കൊണ്ട് വിജയം ആഘോഷിച്ച പിസി ജോർജ് ഇത്തവണ യുഡിഎഫിൽ എത്തുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഇതിനിടെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ നടപടിയിൽ അദ്ദേഹം വിശദീകരണം നടത്തി. മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam ram temple donation kerala mla pc george
'രാമക്ഷേത്രത്തിനു പണം നൽകി, ചോദിച്ചാല്‍ ഇനിയും കൊടുക്കും'; ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് പിസി ജോർജ്


രാമക്ഷേത്രത്തിന് സംഭാവന നൽകി ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ പിസി ജോർജ് സംഭാവന നൽകിയത്. എംഎൽഎയുടെ വീട്ടിലെത്തിയ ഹിന്ദു സംഘടനാ നേതാക്കളാണ് പണം സ്വീകരിച്ചത്. അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധിയുടെയും ആർഎസ്എസ് കോട്ടയം സേവാപ്രമുഖ് ആർ രാജേഷാണ് പിസി ജോർജിൽ നിന്നും സംഭാവന ഏറ്റുവാങ്ങിയത്. ഒരു ജന പ്രതിനിധി എന്ന നിലയിൽ എല്ലാവരേയും ഒരു പോലെ കാണണം എന്നാണ് എന്‍റെ നിലപാട് എന്നും അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രനിധി സംഭാവന നൽകിയ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

ആരും പേടിപ്പിക്കാൻ വരേണ്ടെന്ന് പിസി ജോർജ്

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ സംഭവം വിവാദമായതോടെയാണ് പിസി ജോർജ് നിലപാട് വ്യക്തമാക്കിയത്. "ഇക്കാര്യത്തിൽ തന്നെ ആരും പേടിപ്പിക്കാൻ വരേണ്ട. ആവശ്യപ്പെട്ടാൽ ഇനിയും പണം നൽകും. ക്രിസ്‌തുവിൽ വിശ്വസിക്കുന്ന ഞാൻ മുൻപ് മോസ്‌ക് പണിയാനും പള്ളി പണിയാനും സംഭാവന നൽകിയിട്ടുണ്ട്. അതിനാൽ ഇതൊക്കെ പറഞ്ഞ് ആരും പേടിപ്പിക്കാൻ വരേണ്ടതില്ല" - എന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ആർക്ക് അനുകൂലമാകും

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് പിസി ജോർജ് വ്യക്തമാക്കി. ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ യു ഡി എഫിന് ഭരണം പിടിക്കാൻ കഴിയൂ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പിണറായി വിജയനും ഇടതുപക്ഷവും വിജയം സ്വന്തമാക്കും. ഒരു മുന്നണിയുടെ ഭാഗം ആയില്ലെങ്കിലും തെരഞ്ഞെടുപ്പിൽ പുഞ്ഞാറിൽ കേരള ജനപക്ഷം(സെക്യുലർ) വൻ വിജയം നേടും. യുഡിഎഫിൻ്റെ ഭാഗമാകുന്ന കാര്യത്തിൽ ഫെബ്രുവരി 24വരെ മാത്രമേ കാത്തിരിക്കൂ എന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫിൻ്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റയ്‌ക്ക് മത്സരിക്കാനാണ് അദ്ദേഹത്തിൻ്റെ തീരുമാനമെന്നാണ് സൂചന.

യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയെന്ത്?

യുഡിഎഫിലെത്താനുള്ള ശ്രമങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ പിസി ജോർജ് ആരംഭിച്ചിരുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുമായി ഇക്കാര്യത്തിൽ സംസാരിച്ചെന്ന് ജോർജ് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യു ഡി എഫ് നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. എൻഡിഎയിലേക്ക് പോയതും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയതും ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം ജോർജിൻ്റെ യുഡിഎഫ് പ്രവേശനത്തെ എതിർക്കുന്നത്. മുസ്ലീം ലീഗിൻ്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. എൻഡിഎയ്‌ക്കൊപ്പം പോയ പിസി ജോർജിനെ മുന്നണിയിലെടുത്താൽ അനുകൂല വോട്ടുകൾ നഷ്‌ടമാകുമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ