ആപ്പ്ജില്ല

അപ്പച്ചൻ പിന്നെയും പന്നിപ്പടക്കം വയ്ക്കുമായിരുന്നു; ആ കപ്പ ഞങ്ങൾക്ക് വേണമായിരുന്നു

ഒരു ദിവസം രാവിലെ വലിയ ശബ്ദം. പന്നി പടക്കം എടുത്തു. കത്തിയും വാക്കത്തിയുമായി എല്ലാവരും ഓടി ചെന്നു. കാരണം പടക്കം കടിച്ചു തല ചിന്നിച്ചിതറിയാലും കാട്ടുപന്നി കുറെ ദൂരം ഓടും, ഭയങ്കര ആരോഗ്യമാണതിന്.

Samayam Malayalam 5 Jun 2020, 7:35 pm
പന്നിയ്ക്ക് വെച്ച പടക്കക്കെണിയിൽ പെട്ട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞെന്ന പേരിലുള്ള കേസ് ദേശീയ ശ്രദ്ധയാര്‍കര്‍ഷിക്കുകയാണ്. ആനയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രാഷ്ട്രീയ താത്പര്യം മുൻനിര്‍ത്തി വിദ്വേഷ പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ പന്നിപ്പടക്കം ഉള്‍പ്പെടെയുള്ള കെണികള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത് മൃഗങ്ങളോടുള്ള വിദ്വേഷം കൊണ്ടല്ലെന്നും കൃഷിയും ഉപജീവനവും സംരക്ഷിക്കാനുള്ള നിവൃത്തികേടു കൊണ്ടു മാത്രമാണെന്നും മറുവാദവും ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഇടുക്കി ജില്ലയിലെ മലയോരഗ്രാമത്തിൽ ജനിച്ചു വളർന്ന സജി മാർക്കോസ് വിഷയത്തിൽ വേറിട്ട അനുഭവം പങ്കുവെക്കുകയാണ്.
Samayam Malayalam അപ്പച്ചൻ പിന്നെയും പന്നിപ്പടക്കം വയ്ക്കുമായിരുന്നു; ആ കപ്പ ഞങ്ങൾക്ക് വേണമായിരുന്നു
അപ്പച്ചൻ പിന്നെയും പന്നിപ്പടക്കം വയ്ക്കുമായിരുന്നു; ആ കപ്പ ഞങ്ങൾക്ക് വേണമായിരുന്നു


സജി മാര്‍ക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പണ്ട് കപ്പ നടുന്നത് കുത്താൻ കാട്ടുപന്നി വരുന്ന ചാലിൽ അപ്പച്ചൻ സ്ഥിരമായി പന്നിപ്പടക്കം വയ്ക്കുമായിരുന്നു.
പന്നിപടക്കം വച്ചാലും പത്തിലെട്ടൻ എന്നൊരു കട്ടൻ കപ്പയെ നടുമായിരുന്നുള്ളൂ. ഒന്ന് തിളപ്പിച്ച് ഊറ്റി എടുത്താലും കൈയ്ക്കും. കൈയ്പ്പ് കുറഞ്ഞ കപ്പ നട്ടാൽ തൊലി പോലും ബാക്കി കിട്ടില്ല, കാട്ടുപന്നി തിന്നു കളയും.
ഒരു ദിവസം രാവിലെ വലിയ ശബ്ദം. പന്നി പടക്കം എടുത്തു. കത്തിയും വാക്കത്തിയുമായി എല്ലാവരും ഓടി ചെന്നു. കാരണം പടക്കം കടിച്ചു തല ചിന്നിച്ചിതറിയാലും കാട്ടുപന്നി കുറെ ദൂരം ഓടും, ഭയങ്കര ആരോഗ്യമാണതിന്.

പടക്കം വച്ചിടത്ത് ഞങ്ങളുട പ്രിയപ്പെട്ട വളർത്തു പട്ടി. തല തെറിച്ചു പോയിരുന്നു.

ഹൈറേഞ്ചിൽ അന്നൊക്കെ പട്ടി വെറും "പെറ്റ്" അല്ലായിരുന്നു. വലിയ ഉത്തരവാദിത്വങ്ങൾ ഉള്ള തസ്തിക ആയിരുന്നു നായക്കുള്ളത്.

എല്ലാവർക്കും വിഷമമായി. അബദ്ധം പറ്റിയതാണ്, എങ്കിലും !
പട്ടിയെ കുഴിച്ചിട്ടു.

അപ്പച്ചൻ പിന്നെയും പന്നിപ്പടക്കം വയ്ക്കുമായിരുന്നു.

കാരണം കയ്പ്പുള്ള പത്തിലെട്ടൻ ആണെങ്കിലും ആ കപ്പ ഞങ്ങൾക്ക് വേണമായിരുന്നു.

ചുമ്മാ ഓർത്തതാണ്.

(ബ്ലോഗറും കോളമിസ്റ്റുമാണ് സജി മാർക്കോസ്.)

(ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിന്റെ അഭിപ്രായമല്ല)

ആര്‍ട്ടിക്കിള്‍ ഷോ