ആപ്പ്ജില്ല

സൗരവ് ഗാംഗുലിയുടെ കണ്ണ് അസറിനുമേൽ പതിഞ്ഞുകാണില്ലേ?

അധികം വൈകാതെ ഒരു ഐപിഎൽ കരാർ അസറിനെ തേടിയെത്തുമെന്ന കാര്യം തീർച്ചയാണ്. ഒരുപക്ഷേ ഇന്ത്യൻ ടീമിലേക്ക് മറ്റൊരു മലയാളി കൂടി നടന്നുകയറുന്ന രംഗത്തിനും നാം സാക്ഷികളായേക്കും

Samayam Malayalam 14 Jan 2021, 3:20 pm
മുഹമ്മദ് അസറുദ്ദീൻ-ഈ പേര് ഓർത്തുവെച്ചോളൂ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ കാര്യമല്ല പറയുന്നത്. ഇത് കേരളത്തിൻ്റെ,കാസർഗോഡിൻ്റെ അസറുദ്ദീൻ. സയീദ് മുഷ്താഖ് ട്രോഫിയിൽ മുംബൈയ്ക്കെതിരെ കേവലം 37 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയ മഹാപ്രതിഭ! അധികം വൈകാതെ ഒരു ഐ.പി.എൽ കരാർ അസറിനെ തേടിയെത്തുമെന്ന കാര്യം തീർച്ചയാണ്. ഒരുപക്ഷേ ഇന്ത്യൻ ടീമിലേക്ക് മറ്റൊരു മലയാളി കൂടി നടന്നുകയറുന്ന രംഗത്തിനും നാം സാക്ഷികളായേക്കും എന്ന് സന്ദീപ് ദാസ് അഭിപ്രായപ്പെട്ടു.
Samayam Malayalam cricketer mohammed azharuddeen


ഒരുപാട് യുവതാരങ്ങളെ ഇന്ത്യൻ ടീമിന് സംഭാവന ചെയ്ത നായകനായിരുന്നു സൗരവ് ഗാംഗുലി. ഒരിക്കല്‍ ദാദ പറയുകയുണ്ടായി- ''ഒരു കളിക്കാരനെ കണക്കുകൾ കൊണ്ട് മാത്രം അളക്കരുത്. അയാൾ സമ്മർദ്ദങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് നോക്കണം. വലിയ മത്സരങ്ങൾ വരുമ്പോൾ അയാൾ ഉയർന്നുനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയുള്ളവർക്കാണ് എൻ്റെ ടീമിൽ മുൻഗണന കിട്ടിയിരുന്നത്...'' ആ ഗാംഗുലി ഇപ്പോൾ ബി.സി.സി.ഐ യുടെ തലപ്പത്തുണ്ട്. അസറിൻ്റെ തീപ്പൊരി പ്രകടനം അദ്ദേഹം കാണാതെ പോവുമോ? എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ അതികായരാണ് മുംബൈ. ഒരുപാട് ഇതിഹാസതാരങ്ങളെ സംഭാവന ചെയ്ത ടീം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നാണ് മുംബൈ അറിയപ്പെടുന്നത്. ഇന്ത്യൻ ടീമിലെത്തുന്നത് വരെ നേരേചൊവ്വേ ഉറങ്ങാത്ത കുറേ ക്രിക്കറ്റർമാരാണ് അവിടെയുള്ളതെന്ന് സന്ദീപ് കൂട്ടിച്ചേർത്തു.

Also Read: "ഉത്തമ കുടുംബിനി പട്ടം നഷ്ടപെടാതിരിക്കാനുള്ള കാട്ടിക്കൂട്ടലുകൾ കാണേണ്ടി വരുന്നത് ഭയങ്കര കഷ്ട്ടമാണ്"


സന്ദീപ് ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:


മുഹമ്മദ് അസറുദ്ദീൻ-ഈ പേര് ഓർത്തുവെച്ചോളൂ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ കാര്യമല്ല പറയുന്നത്. ഇത് കേരളത്തിൻ്റെ,കാസർഗോഡിൻ്റെ അസറുദ്ദീൻ. സയീദ് മുഷ്താഖ് ട്രോഫിയിൽ മുംബൈയ്ക്കെതിരെ കേവലം 37 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയ മഹാപ്രതിഭ!

അധികം വൈകാതെ ഒരു എെ.പി.എൽ കരാർ അസറിനെ തേടിയെത്തുമെന്ന കാര്യം തീർച്ചയാണ്. ഒരുപക്ഷേ ഇന്ത്യൻ ടീമിലേക്ക് മറ്റൊരു മലയാളി കൂടി നടന്നുകയറുന്ന രംഗത്തിനും നാം സാക്ഷികളായേക്കും. ഒരുപാട് യുവതാരങ്ങളെ ഇന്ത്യൻ ടീമിന് സംഭാവന ചെയ്ത നായകനായിരുന്നു സൗരവ് ഗാംഗുലി. ഒരിക്കല് ദാദ പറയുകയുണ്ടായി- ''ഒരു കളിക്കാരനെ കണക്കുകൾ കൊണ്ട് മാത്രം അളക്കരുത്. അയാൾ സമ്മർദ്ദങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് നോക്കണം. വലിയ മത്സരങ്ങൾ വരുമ്പോൾ അയാൾ ഉയർന്നുനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയുള്ളവർക്കാണ് എൻ്റെ ടീമിൽ മുൻഗണന കിട്ടിയിരുന്നത്...''

ആ ഗാംഗുലി ഇപ്പോൾ ബി.സി.സി.എെയുടെ തലപ്പത്തുണ്ട്. അസറിൻ്റെ തീപ്പൊരി പ്രകടനം അദ്ദേഹം കാണാതെ പോവുമോ? ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ അതികായരാണ് മുംബൈ. ഒരുപാട് ഇതിഹാസതാരങ്ങളെ സംഭാവന ചെയ്ത ടീം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നാണ് മുംബൈ അറിയപ്പെടുന്നത്. ഇന്ത്യൻ ടീമിലെത്തുന്നത് വരെ നേരേചൊവ്വേ ഉറങ്ങാത്ത കുറേ ക്രിക്കറ്റർമാരാണ് അവിടെയുള്ളത്.

സയീദ് മുഷ്താഖ് ട്രോഫിയിൽ കേരളത്തിനെതിരെ അണിനിരന്ന മുംബൈ ടീമിന് പകിട്ടിന് കുറവൊന്നും ഉണ്ടായിരുന്നില്ല. സൂര്യകുമാർ യാദവ്,യശസ്വി ജയസ്വാൾ,ശിവം ദുബേ,ധവൽ കുൽക്കർണ്ണി തുടങ്ങിയവർ ഉൾപ്പെട്ട താരനിബിഡമായ സംഘം. കളി നടന്നത് മുംബൈയുടെ സ്വന്തം വാംഖഡേ മൈതാനത്തിലായിരുന്നു. സുനിൽ ഗാവസ്കർ,സച്ചിൻ തെൻഡുൽക്കർ,രോഹിത് ശർമ്മ,അജിൻക്യ രഹാനെ തുടങ്ങിയ മഹാരഥൻമാർ പയറ്റിത്തെളിഞ്ഞ മണ്ണ്. ആ ഗ്രൗണ്ടിൻ്റെ ചരിത്രം യുവതാരങ്ങളെ വിറപ്പിക്കാൻ പോന്നതാണ്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ റൺസ് വാരുകയും ചെയ്തു. 20 ഒാവറിൽ ഇരുനൂറിനടുത്ത് റണ്ണുകളാണ് അവർ അടിച്ചുകൂട്ടിയത്. പരിചയസമ്പന്നരായ കളിക്കാർ പോലും പതറിപ്പോവുന്ന ലക്ഷ്യം.
ഇത്രയേറെ സമ്മർദ്ദങ്ങൾക്കുനടുവിലാണ് നമ്മുടെ അസറുദ്ദീൻ കളിക്കാനിറങ്ങിയത്. ആ അഗ്നിപരീക്ഷണത്തിൽ അയാൾ വിജയിക്കുകമാത്രമല്ല ചെയ്തത്. മുംബൈ അസറിനുമുന്നിൽ കത്തിച്ചാമ്പലാവുകയായിരുന്നു!

ഇനി പറയൂ. സൗരവ് ഗാംഗുലിയുടെ കണ്ണ് അസറിനുമേൽ പതിഞ്ഞുകാണില്ലേ? മുട്ടുവിൻ തുറക്കപ്പെടും എന്ന മട്ടിൽ ടീം ഇന്ത്യയുടെ കവാടം കൈയ്യെത്തിപ്പിടിക്കാവുന്ന അകലത്തിൽ കാണപ്പെടുന്നില്ലേ?
ക്രിക്കറ്റ് പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള ഒട്ടുമിക്ക ഷോട്ടുകളും അസർ മികവോടെ കളിക്കുന്നുണ്ട്. എത്ര അനായാസമായിട്ടാണ് സിക്സറുകൾ പായിച്ചത്! അസർ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ അതിൽ കേവലം 4 ഡോട്ട്ബോളുകളാണ് ഉണ്ടായിരുന്നത്!

വാംഖഡേ ഗ്രൗണ്ട് ചെറുതായിരിക്കാം. പക്ഷേ മിക്ക സിക്സറുകളും സ്റ്റേഡിയത്തിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ചെന്നിറങ്ങിയത്. ലോകത്തെ എല്ലാ സ്റ്റേഡിയങ്ങളിലും അവ സിക്സറുകൾ തന്നെ ആയിരിക്കും. ബാറ്റ് ചെയ്യുമ്പോൾ തലച്ചോർ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യമാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. യോർക്കറുകൾ പ്രതിരോധിച്ചപ്പോഴും സ്ക്വയർഡ്രൈവ് കളിച്ചപ്പോഴും ഒരു ബുദ്ധിമാനായ ബാറ്റ്സ്മാനെ കണ്ടിരുന്നു. ഫ്ലിക് ഷോട്ടിൽ കപിൽദേവിൻ്റെ മുദ്രയുണ്ടായിരുന്നു. അവസാനം വരെ തോരാതെ പെയ്ത സിക്സർ മഴ അസറിൻ്റെ ശാരീരികക്ഷമതയുടെ ഉദാഹരണമായിരുന്നു.
ലോകം കീഴടക്കാനുള്ള എല്ലാ ശക്തികളും അസറിലുണ്ട്. ബാക്കി കാലം തീരുമാനിക്കട്ടെ. ബെസ്റ്റ് ഒാഫ് ലക്ക് യങ്ങ് മാൻ! ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി മേൽവിലാസം നിങ്ങളിലൂടെ കൂടുതൽ വിശാലമാവട്ടെ!

ആര്‍ട്ടിക്കിള്‍ ഷോ