ആപ്പ്ജില്ല

കേരളാ പോലീസിന്റെ 'സദാചാര ക്ലാസ്' തുടരുന്നു; ഇക്കുറി ഉപദേശം ഇങ്ങനെ

'ലവ്-മാരി-ഡിവോഴ്സ്,' പ്രണയ വിവാഹം ഡിവോഴ്സിലേക്ക് നയിക്കും എന്ന തെറ്റായ സന്ദേശമാണ് പോലീസ് നൽകുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പോലീസ് പേജിലെ അഡ്മിന്മാരെ 'പൊളിറ്റിക്കൽ കറക്ട്നസ്' പഠിപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.

Samayam Malayalam 29 Jul 2021, 1:12 pm

ഹൈലൈറ്റ്:

  • കേരളാ പോലീസിന്റെ പുതിയ പോസ്റ്റിനെതിരെ പ്രതിഷേധം
  • 'ട്രാഫിക് നിയമങ്ങൾ പാലിക്കുക' എന്ന പോസ്റ്റിനെതിരെയാണ് വിമർശനം
  • പോലീസ് സദാചാരം പഠിപ്പിക്കേണ്ടെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kerala police
കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് (ഇടത്)
"വല്ല വിവാഹപൂർവ്വ സദാചാര ക്ലാസും എടുക്കാന്‍ പൊയ്ക്കൂടേ? പുരോഗമിച്ചിട്ടും സാക്ഷരത ഉണ്ടായിട്ടും കാര്യമില്ല... ഇത്തിരി സാമാന്യബോധം കൂടി ആകാം വാട്ട്സപ്പ് മാമാ!" കേരള പോലീസിൻ്റെ ഔദ്യോഗിക പേജിലെ ഏറ്റവും പുതിയ പോസ്റ്റിനു താഴെയാണ് സുഭാഷ് ശ്രീദേവി എന്ന യുവാവിന്റെ ഈ കമൻ്റ്. 'ട്രാഫിക് നിയമങ്ങൾ പാലിക്കുക' എന്ന കുറിപ്പോടെയാണ് പോലീസിന്റെ പോസ്റ്റ്.
ലവ്-സേഫ്റ്റി
മാരി- റൂൾസ്
ഡിവോഴ്സ്- ഓവർസ്പീഡ്

ജീവിതത്തിൽ പാലിക്കേണ്ട നിയമം എന്ന മട്ടിലാണ് പോലീസിന്റെ പോസ്റ്റ്. പ്രണയവും വിവാഹവും ഡിവോഴ്സുമെല്ലാം ആളുകളുടെ വ്യക്തിപരമായ തീരുമാനമായിരിക്കെ ദ്വയാർത്ഥമുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തിയെന്താണെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

"ഡിവോഴ്സ് ഒരു പരിഹാര മാർഗമാണ്. ഒരിക്കലും നേരെയാകാത്ത പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനുള്ള മാർഗം. അപ്പോൾ ഈ പോസ്റ്റിന്റെ പ്രസക്തിയെന്താണ്?" അക്ഷയ് സുരേഷ് എന്നയാൾ ചോദിച്ചു.

'ലവ്-മാരി-ഡിവോഴ്സ്,' പ്രണയ വിവാഹം ഡിവോഴ്സിലേക്ക് നയിക്കും എന്ന തെറ്റായ സന്ദേശമാണ് പോലീസ് നൽകുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള നിലവാരമില്ലാത്ത പോസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ സേനയിലെ ആരാണ് അനുവാദം നൽകുന്നതെന്ന ചോദ്യവും ഇതോടൊപ്പമുണ്ട്.

"ഇത്രയും പ്രാകൃത ചിന്താഗതിക്കാരും മേലാളൻ കളിക്കാരുമായ വേറൊരു വർഗം നാട്ടിലില്ല. ഹോ അപാരം തന്നെ കേരളത്തിലെ പോലീസ് മാമന്മാർ. കുലീനത കാണിക്കാൻ ഇടയ്ക്കിടയ്ക്ക് പട്ടിക്കും പൂച്ചയ്ക്കും ചോറ് കൊടുക്കുന്നതും ഉറക്കമിളച്ച് ജോലി ചെയ്യുന്നതുമായ വീഡിയോകൾ ഷെയർ ചെയ്തിട്ട് കാര്യമില്ല. പ്രവർത്തി വേറൊന്നായാൽ വിലകിട്ടില്ല." എന്നാണ് ശരൺ ജ്യോതി എന്നയാൾ പ്രതികരിച്ചിരിക്കുന്നത്.

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയാനുള്ള സൂത്രവിദ്യകൾ പങ്കുവെച്ച പോസ്റ്റ് വൻവിമർശനത്തെ തുടർന്ന് എഡിറ്റ് ചെയ്തു തൊട്ടടുത്ത ദിവസമാണ് കേരള പോലീസിൻ്റെ പുതിയ പോസ്റ്റ്. തുട‍ര്‍ച്ചയായി സ്ത്രീ വിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന പോലീസ് പേജിലെ അഡ്മിന്മാരെ 'പൊളിറ്റിക്കൽ കറക്ട്നസ്' പഠിപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ