ലോക എയ്ഡ്സ് ദിനം 2022: രോഗാവസ്ഥ തിരിച്ചറിയാം

2022 ഡിസംബർ 1-ന് ലോക എയ്ഡ്‌സ് ദിനത്തിൽ ഒരുമിച്ച് തടുത്തു നിർത്താം എന്ന പ്രമേയം ലോക ആരോഗ്യ സംഘടന (WHO) ആഹ്വാനം ചെയ്യുമ്പോൾ കൂട്ടായി നിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശം കൂടിയാണ് നാം എല്ലാവരിലേക്കും എത്തിക്കുന്നത്. വർണ്ണ, വർഗ, ലിംഗ അസമത്വങ്ങൾ കാറ്റിൽ പറത്തി, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും നിയമപരവുമായ വ്യത്യാസങ്ങളെ മാറ്റി നിർത്തി ഒന്നായി നിന്ന് ആവശ്യമുള്ളവർക്ക് ആവശ്യമായ ചികിത്സ എത്തിച്ചാൽ മാത്രമേ ലോകത്ത് നിന്നും ഈ വൈറസ് ബാധ തുടച്ചുനീക്കാൻ കഴിയുകയുള്ളു.

Samayam Malayalam
| 30 Nov 2022, 3:46 pm
ഷെറിൻ ഷിഹാബ്

എയ്ഡ്‌സ് രോഗബാധിതരെ സ്പർശിച്ചാലോ കെട്ടിപ്പിടിച്ചാലോ എയ്ഡ്‌സ് പകരുമെന്ന ചിന്തയിൽ അവരിൽ നിന്ന് ഓടിയൊളിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. ലോകത്തിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളെ ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമായി എയ്ഡ്‌സ് ഇന്നും നിലനിൽക്കുന്നു. വിഭജനം, അസമത്വം, മനുഷ്യാവകാശങ്ങളോടുള്ള അവഗണന എന്നിവ എച്ച്‌ഐവിയെ ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയായി മാറ്റിയിരിക്കുന്നു.

1988 ഡിസംബർ ഒന്നിനാണ് ലോകാരോഗ്യ സംഘടന-ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോകമെമ്പാടും എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്. എയ്ഡ്‌സ് രോഗം, അതിന്റെ പ്രതിരോധം, ഗർഭനിരോധന ഉറയുടെ പ്രോത്സാഹനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ചു നടക്കാറുണ്ട്.

2022 ഡിസംബർ 1-ന് ലോക എയ്ഡ്‌സ് ദിനത്തിൽ "ഒരുമിച്ച് തടുത്തു നിർത്താം" എന്ന പ്രമേയം ലോക ആരോഗ്യ സംഘടന (WHO) ആഹ്വാനം ചെയ്യുമ്പോൾ കൂട്ടായി നിൽക്കാം, അസമത്വങ്ങൾക്കെതിരെ പോരാടാം എന്നൊരു സന്ദേശം കൂടിയാണ് നാം എല്ലാവരിലേക്കും എത്തിക്കുന്നത്. വർണ്ണ, വർഗ, ലിംഗ അസമത്വങ്ങൾ കാറ്റിൽ പറത്തി, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും നിയമപരവുമായ വ്യത്യാസങ്ങളെ മാറ്റി നിർത്തി ഒന്നായി നിന്ന് ആവശ്യമുള്ളവർക്ക് ആവശ്യമായ ചികിത്സ എത്തിച്ചാൽ മാത്രമേ ലോകത്ത് നിന്നും ഈ വൈറസ് ബാധ തുടച്ചുനീക്കാൻ കഴിയുകയുള്ളു.

ഭൂമിയിൽ നിന്നും എയ്ഡ്‌സിനെ തുരത്തുന്നതിന് തടസ്സം നിൽക്കുന്ന അസമത്വങ്ങളെ തിരിച്ചറിയാനും നേരിടാനും ലോകമെമ്പാടുമുള്ള പൗരന്മാരോട് ലോക ആരോഗ്യ സംഘടന ആഹ്വനം ചെയ്യുന്നു. കുട്ടികൾക്കും പ്രധാന ജനവിഭാഗങ്ങൾക്കും അവരുടെ പങ്കാളികൾക്കും -അതായത് പുരുഷ സ്വവർഗാനുരാഗികൾ, ട്രാൻസ്‌ജെൻഡറുകൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ലൈംഗികത്തൊഴിലാളികൾ, ജയിലുകളിൽ കഴിയുന്നവർ എന്നിവർക്ക് അവശ്യ എച്ച്ഐവി സേവനങ്ങളിലേക്കുള്ള പ്രവേശനം തുല്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം എയ്ഡ്‌സ് ദിനം ആചാരിക്കുന്നത്.

എന്താണ് എയ്ഡ്‌സ്?

എച്ച്.ഐ.വി. (ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധിക്കുന്നതിലൂടെ മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അത് മുഖേനെ മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome- AIDS ) എന്നതിന്റെ ചുരുക്ക രൂപമാണ് എയ്ഡ്സ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ രോഗം നേരത്തെ കാണപ്പെട്ടിരുന്നു എന്ന്‌ പറയപ്പെടുന്നു. എങ്കിലും എയ്‌ഡ്‌സ്‌ ഒരു രോഗമായി പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981-ൽ ആണ്.

എയ്ഡ്‌സ്ന്റെ ഉത്ഭവം!

ആഫ്രിക്കയിലെ പരീക്ഷണശാലയിൽ നിന്നും രക്ഷപ്പെട്ടു പോയ കുരങ്ങിൽ നിന്നുമാണ് ഈ രോഗം മനുഷ്യരിലേക്ക് എത്തി ചേർന്നതെന്ന് പറയപ്പെടുന്നു. മനുഷ്യരിലേക്കോ അല്ലെങ്കിൽ മറ്റ് മൃഗങ്ങളിലേക്കോ, അല്ലെങ്കിൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കോ പടർന്ന ഈ രോഗം പിന്നീട് ലോകത്തെ വിഴുങ്ങുന്ന അവസ്ഥയിൽ എല്ലായിടത്തേക്കും പടർന്നുപിടിച്ചു. ഈ വിഷയത്തിൽ പല സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്.
ഖബറിസ്ഥാനിലെ ചുടുകാട്ടുമുല്ലകളെ നെഞ്ചിൽ പച്ചകുത്തിയവൾ; ടാറ്റൂകളിലെ രാഷ്ട്രീയം, പ്രണയം, പ്രതിരോധം1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr. Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്.

രോഗം പടരുന്നതെങ്ങനെ?

2014 ഒടുവില്‍ പുറത്തുവന്ന കണക്ക് അനുസരിച്ച് ലോകത്ത് നാലു കോടിയോളം പേര്‍ എച്ച്‌ഐവി ബാധിതരാണ്. ഒരു കോടി ഇരുപത് ലക്ഷത്തോളം പേര്‍ മരിച്ചത് എയ്ഡ്‌സ് രോഗം മൂലമാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ലോകത്ത് പ്രതിവര്‍ഷം 2 കോടിയോളം പേര്‍ പുതിയതായി രോഗബാധിതരാവുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ എയ്ഡ്‌സ് രോഗപ്രതിരോധ വിഭാഗം പറയുന്നു.

1981-ൽ ആഫ്രിക്കയിലെ യുവാക്കളിലാണ് ഈ രോഗം ആദ്യം വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗവ്യാപനവും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും 2010-ൽ ജനീവയിൽ പ്രസിദ്ധീകരിച്ച ലോക എയ്ഡ്സ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

എച് ഐ വി പടരുന്നത് എങ്ങനെ എന്ന് അറിയാം, കരുതലോടെ മുന്നേറാം!

  • എയ്ഡ്സ് രോഗാണുബാധ ഉള്ളവരുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുക.
  • ഉറ ഉപയോഗിക്കാതെയുള്ള ശാരീരിക ബന്ധം രോഗപകർച്ചയ്ക്ക് വഴിയൊരുക്കുന്നു.
  • കുത്തിവയ്പ്പ് സൂചികൾ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് രോഗം പകരാൻ ഇടയാക്കും.
  • വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ, ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന സ്രവങ്ങൾ, ശുക്ലം, ഇവ മറ്റൊരാളിലേക്ക് പകർന്നാൽ രോഗം പകരുമെന്ന് തീർച്ച.
  • വൈറസ്‌ബാധയുള്ള സ്ത്രീയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽക്കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. പക്ഷെ ഇതിനുള്ള സാധ്യത 30 ശതമാനം മാത്രമാണ്.
  • ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് വഴി ഉണ്ടാകുന്ന ചെറു മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകൾ എളുപ്പം കയറിക്കൂടാനുള്ള സാധ്യത ഏറെയാണ്.

വിശ്വാസം രക്ഷിക്കില്ല, ഉറകൾ നിങ്ങളെ രക്ഷിച്ചേക്കും!

സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചയാണ് വലിയ ശതമാനം രോഗബാധക്കും കാരണം. പങ്കാളിയോടുള്ള അന്ധമായ വിശ്വാസവും സ്നേഹക്കൂടുതലും കാരണം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഒടുവിൽ ഒന്നുമറിയാത്തവരെ പോലും രോഗവസ്ഥയിലേക്കെത്തിക്കുന്നു. സുരക്ഷിതമല്ലെന്ന് തോന്നുന്ന ഏത് ലൈംഗിക ബന്ധത്തിനും ഉറ ഉപയോഗിക്കാൻ ഉള്ള ബുദ്ധി കാണിച്ചാൽ, വലിയ അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാവുന്നതാണ്.

നമ്മെ കുഴക്കും രോഗ ലക്ഷണങ്ങൾ!

എയ്ഡ്‌സ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാലും അത് ഉടനെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങില്ല. ചിലയാളുകളിൽ 10-12 വർഷങ്ങൾ വരെ ലക്ഷണങ്ങൾ കാണിക്കില്ല. വലിയ വിഭാഗം ആളുകളിലും രോഗാണുക്കൾ ഉണ്ടാവുകയും എന്നാൽ രോഗ ലക്ഷണങ്ങൾ കാണിക്കുകയുമില്ല. ഭൂരിഭാഗം ആളുകൾക്കും പത്ത് വർഷങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ട് രോഗിയെന്ന് സ്ഥിരീകരിക്കപ്പെടുക. മറ്റ് വിഭാഗക്കാർ 12 മുതൽ 13 വർഷങ്ങൾ വരെ രോഗിയാവാൻ സമയമെടുക്കും. മറ്റ് ചിലർക്ക് അണുബാധ ബാധിച്ച് ഒന്നോരണ്ടോ മാസങ്ങൾ കൊണ്ട് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങാം.

എച്ച്‌ഐവി ബാധിതനായ രോഗിക്ക് രക്താര്‍ബുദം, ട്യൂമര്‍ തുടങ്ങിയ കടുത്ത രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. പനി, കടുത്ത തലവേദന, ശരീരത്തിലുണ്ടാകുന്ന വ്രണം, തൊണ്ടവേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പേശി വേദന, പേശികളിലെ ചുരുക്കം എന്നിവ കൂടുതല്‍ കടുത്ത ലക്ഷണങ്ങളാണ്. കഴുത്തിന് താഴെയുള്ള പേശികളിലാണ് ഈ ലക്ഷണങ്ങള്‍ ആദ്യം കണ്ടുതുടങ്ങുന്നത്.

നഖങ്ങളില്‍ വരുന്ന മാറ്റങ്ങളും എച്ച്‌ഐവി ബാധയുടെ ലക്ഷണങ്ങളാണ്. രാത്രിയിലെ അമിത വിയര്‍പ്പും സിംപിൾ ആയി കരുതണ്ട. അതിസാരം, ശരീരത്തിലെ ഭാരം നഷ്ടപ്പെടല്‍ തുടങ്ങിയവ എച്ച്‌ഐവി ബാധ മൂലം ഉണ്ടാകാം. നഖങ്ങളില്‍ വരുന്ന മാറ്റങ്ങളും എച്ച്‌ഐവി ബാധയുടെ ലക്ഷണങ്ങളാണ്. ജനനേന്ദ്രിയത്തിലും വായിലും വരുന്ന അള്‍സര്‍, നീണ്ടുനില്‍ക്കുന്ന മൂക്കൊലിപ്പ്, കടുത്ത ഛര്‍ദ്ദി, എന്നിവ മറ്റ് ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ മെഡിക്കൽ ചെക്ക് അപ്പ് നടത്തി സംശയനിവാരണം നടത്താൻ ഒരിക്കലും മടിക്കരുത്. എന്നുവെച്ച് വായിലെ അൾസര്‍ കാണുന്നവരെല്ലാം അത് എയ്ഡ്സാണെന്ന് തീരുമാനിക്കരുത്. ചെക്ക് അപ്പ്‌ നടത്തി രോഗം എച് ഐ വി ആണെന്ന് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന മാനസിക ഷോക്ക് ഭയന്ന് പലരും ആവശ്യമായ ചികിത്സ തേടാത്തത് രോഗം കലാശലായി മരണം സംഭവിക്കാൻ വരെ കാരണമാകുന്നു.

ശരീരത്തിന്റെ പ്രതിരോധ ശേഷിയെയാണ് എച്ച്‌ഐവി ആദ്യം ആക്രമിക്കുന്നത്. ശരിയായ ചികിത്സ ആദ്യം മുതല്‍ ലഭ്യമായില്ലെങ്കില്‍ വൈറസ് ബാധിതനായ വ്യക്തിക്ക് കടുത്ത ആരോഗ്യനഷ്ടമാകും സംഭവിക്കുന്നത്. ക്ഷയവും തലച്ചോറിനും സ്‌പൈനല്‍ കോഡിനും അണുബാധയുമെല്ലാം ഉണ്ടാകാം.

വൈറസ് നിർണയം!

1984-ൽ ഫ്രാൻസിൽ മൊണ്ടെയ്നറുടെയും, അമേരിക്കയിൽ ഗലോയുടെയും ഗവേഷണഫലമായി രോഗികളിൽ ഒരുതരം വൈറസിനെ കണ്ടെത്തി. 100 നാനോമീറ്റർ മാത്രം വലിപ്പമുള്ള ഇവയാണ് HIV വൈറസ് എന്നറിയപ്പെട്ടത്. ഇവയെ കാണണമെങ്കിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ആവശ്യമാണ്. അതായത് ഒരു സൂചിക്കുത്ത് സ്ഥലത്ത് ലക്ഷകണക്കിന് എച്ച് ഐ വി കൾ പെരുകി ജീവിക്കുന്നതായി കാണാം.

കേരളത്തിലെ അവസ്ഥ.

1988-ൽ ആണ് കേരളത്തിൽ ആദ്യമായ് എച് ഐ വി ബാധ സ്ഥിരീകരിക്കുന്നത്. 1986-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ കീഴിലായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടു കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം സ്ഥാപിച്ചു. കേരളത്തിൽ അണുബാധ സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം കേസുകളും സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചയിലൂടെ രോഗം ബാധിച്ചവരാണ്.

എയ്ഡ്‌സ്! അടിസ്ഥാനപരമായി അറിയേണ്ടത്!

എയ്ഡ്‌സ് ബാധിച്ചാൽ കൃത്യമായ രോഗനിർണയത്തിലൂടെ സംശയം ദുരീകരിക്കുകയും സർക്കാർ കീഴിലുള്ള ചികിത്സ കേന്ദ്രങ്ങളിൽ കൃത്യമായ ചികിത്സാ സഹായം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വിഷയത്തിൽ ഇന്നും ആളുകൾക്ക് അറിവില്ലായ്മ വല്ലാതെയുണ്ട്. രോഗത്തെക്കുറിച്ച് അറിഞ്ഞാൽ സമൂഹം തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തുമോ എന്ന ഭയം കൊണ്ടും, ശാരീരിക ബുദ്ധിമുട്ടുകളും മറ്റ് ലക്ഷണങ്ങളും മറച്ചുവെച്ച് അവ മൂർച്ഛിച്ചു പൂർണ രോഗിയായി തീരുകയും ചെയ്യുന്നു. അവർക്ക് ആവശ്യമായ ബോധവൽക്കരണം കൂടിയാണ് ഡിസംബർ ഒന്നിനുള്ള എയ്ഡ്‌സ് ദിനചാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസ്സിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൈറസിനെ ഉപയോഗിച്ച് എച്ച്‌ഐവി ബാധിതരുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. പ്രതിരോധ വൈറസ് വഴി സാധാരണ ജീവിതം നിലനിര്‍ത്താനും രോഗബാധിതര്‍ക്കാകും.

പുതിയ എയ്ഡ്‌സ് കേസുകൾ ഒഴിവാക്കാൻ ഒരുങ്ങി കേരളം!

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ എയ്ഡ്‌സ് വ്യാപന നിരക്ക് വളരെ കുറവാണ്. മഹാരാഷ്ട്രയിലും ബീഹാറിലും ആണ് രാജ്യത്തെ വ്യാപനതോത് കൂടുതൽ ആയിട്ടുള്ളത്. 12% വീതമാണ് ഇരു സംസ്ഥാനങ്ങളിലെയും വ്യാപന നിരക്ക്. എന്നാൽ ഇന്ത്യയിൽ ‌കേരളത്തിൽ വെറും 0.24% മാത്രമാണ് വ്യാപന നിരക്ക്. അതായത് ഒരു ശതമാനത്തേക്കാൾ കുറവ്.

ലോകത്തിൽ 3.8 കോടി എച്ച് ഐ വി ബാധിതർ ഉണ്ടെന്നാണ് റിപ്പോർട്ട്‌. 2021-ലെ കണക്ക് പ്രകാരം 15 ലക്ഷത്തോളം പേർക്ക് പുതുതായി എച് ഐ വി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2021-ൽ 6.5 ലക്ഷത്തോളം ആളുകൾ ലോകത്ത് എയ്ഡ്‌സ് ബാധിച്ചു മരണപ്പെട്ടു.

ഇന്ത്യയുടെ കണക്ക് എടുക്കുകയാണെങ്കിൽ 2021ലെ കണക്ക് പ്രകാരം 24 ലക്ഷം പേർക്ക് എച്ച് ഐ വി ബാധിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതേ വർഷം 62,000 ആളുകളിൽ പുതിയതായി എയ്ഡ്‌സ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആ വർഷം തന്നെ 41,000 ആളുകൾ എയ്ഡ്‌സ് മൂലം ഇന്ത്യയിൽ മരണപ്പെട്ടു. കണക്ക് പ്രകാരം രോഗ ബാധയിൽ നേരിയ കുറവ് ഉണ്ടെങ്കിലും അങ്ങേയറ്റം ജാഗ്രത പുലർത്തുക തന്നെ വേണം.

ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കുറവ് വൈറസ് ബാധയുള്ളത്. പ്രായപൂർത്തിയായവരിലെ എച്ച് ഐ വി സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ കേരളത്തിൽ വെറും 0.06 മാത്രമാണുള്ളത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം പ്രമാണിച്ച് 2030-ഓടെ പുതിയ എച്ച് ഐ വി കേസുകളുടെ റിപ്പോർട്ടിങ് ഒഴിവാക്കാൻ ഉള്ള പരിശ്രമത്തിലാണ് എല്ലാ ലോകരാജ്യങ്ങളും. എന്നാൽ കേരളം 2025-ഓടെ ഈ ലക്ഷ്യം നേടാനായുള്ള നീക്കത്തിലാണ്.

കണക്കുകൾ പറയുന്നത് കേരളത്തിൽ എയ്ഡ്സ് വ്യാപന തോത് കുറയുന്നു എന്നാണ്. 2019-ലെ കണക്കുകൾ അനുസരിച്ചു 34,748 പേരാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്ന എയ്ഡ്സ് രോഗികൾ. ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം ഉഷസ്സ് കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്ത എച്ച് ഐ വി രോഗികളുടെ കണക്ക് പുറത്ത് വിട്ടിരുന്നു. മന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് അണുബാധിതരായി ഒക്ടോബർ വരെ 25,775 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൃത്യമായ രോഗ നിർണയവും ചികിത്സയും കൊണ്ട് ഈ രോഗവസ്ഥയെ ചെറുത്തു നിൽക്കാനാകും എന്ന് മാത്രമല്ല പുതിയ കേസുകളുടെ റിപ്പോർട്ടിങ് വലിയ തോതിൽ തന്നെ കുറച്ച് കൊണ്ട് വരാൻ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ സാധ്യമാണ്. മാസത്തിൽ 100 പേർക്കെങ്കിലും എയ്ഡ്‌സ് ബാധിക്കുന്നുണ്ട് എന്ന കണക്ക് നമ്മൾ ജാഗ്രതയോടെ ശ്രദ്ധിച്ചേ മതിയാകൂ. കേരളത്തിൽ 80 ശതമാനത്തോളം എയ്ഡ്‌സ് മൂലം ഉള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട് എന്നത് ഏറെ പ്രതീക്ഷജനകമാണ്.

ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിൽ എയ്ഡ്‌സ് വ്യാപനതോത് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചത്. എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കൂട്ടായ പ്രവർത്തനങ്ങൾ ചെയ്ത് "നോ മോർ എയ്ഡ്‌സ്" എന്ന ലക്ഷ്യത്തിന് സഹകരിച്ചു പ്രവർത്തിക്കുന്ന എയ്ഡ്‌സ് സേവന കേന്ദ്രങ്ങളെ കുറിച്ച് അറിയാം:

ജ്യോതിസ് കേന്ദ്രങ്ങൾ (ഐ സി ടി സി)

ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ (ICTC-കൾ) മുഖേനയുള്ള അടിസ്ഥാന സേവനവിഭാഗം എച്ച്‌ഐവി കൗൺസിലിംഗും ടെസ്റ്റിംഗ് സേവനങ്ങളും നൽകുന്നു. ഈ മേഖലയിൽ സംസ്ഥാനത്തു 816 ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന 148 ജ്യോതിസ് കേന്ദ്രങ്ങൾ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആണ് പ്രവർത്തിക്കുന്നത്. 494 കേന്ദ്രങ്ങളാകട്ടെ സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. 109 കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിലാണ് പ്രവർത്തിച്ചു പോരുന്നത്. ബാക്കി വരുന്നതിൽ 2 ഐസിടിസികളും 64 കമ്മ്യൂണിറ്റി ബേസ്ഡ് സ്‌ക്രീനിങ്ങും (Community Based Screening) ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ എച് ഐ വി പരിശോധനയും കൗൺസിലിങ്ങും സൗജന്യമായി നൽകുന്നുണ്ട്. മാത്രമല്ല രോഗം സ്ഥിരീകരിച്ചാൽ രോഗ വിവരം രഹസ്യമാക്കി വക്കുകയും കൂടുതൽ ചികിത്സയും മറ്റ് സേവനങ്ങളും ആവശ്യമുള്ളവരെ എ ആർ ടി കേന്ദ്രങ്ങളിലേക്ക് റെഫർ ചെയ്യുകയും ചെയ്യും.

ജ്യോതിസ് കേന്ദ്രങ്ങളിലെ പരിശോധന

രക്ത പരിശോധനയിലൂടെ മാത്രമേ എച്ച് ഐ വി രോഗ ബാധ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. എച്ച് ഐ വിക്ക് എതിരായ ആന്റിബോഡി രക്തത്തിൽ ഉണ്ടോ എന്ന് കണ്ടെത്തുന്നതാണ് ടെസ്റ്റ്‌. ഇത് കണ്ടെത്താൻ ഏകദേശം മൂന്ന് മാസം സമയം എടുക്കും. ഈ കാലയളവിനെ ജാലകവേള എന്നാണ് പറയുക. അതിൽ ഫലം പോസിറ്റീവ് ആണെങ്കിൽ മറ്റ് രണ്ട് ടെസ്റ്റുകൾ കൂടി നടത്തും. അതിലും പോസിറ്റീവ് ആണെങ്കിൽ എച് ഐ വി പോസിറ്റീവ് ആണെന്ന് ഉറപ്പിക്കാം. തുടർന്നാണ് കൗൺസിലിങ്ങും വിദഗ്ദ ചികിത്സയും ഉറപ്പാക്കുന്നത്.

ഉഷസ്സ് കേന്ദ്രങ്ങൾ (എ ആർ ടി)

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഉഷസ്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പാലക്കാട്‌, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലുമായി ഉഷസ്സ് കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ പത്തനംതിട്ട, മലപ്പുറം ജില്ലയിലെ തിരൂർ, കാഞ്ഞങ്ങാട്, പീരിമേട് ജില്ലാ /ജനറൽ ആശുപത്രികളിലും നെയ്യാറ്റിൻകര, പുനലൂർ താലൂക് ആശുപത്രികളിലും അട്ടപ്പാടി ട്രൈബൽ ആശുപത്രിയിലും ആയി ഉഷസ്സ് ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സി എസ് സി)

ഐ ആർ ടി കേന്ദ്രങ്ങളിൽ നിന്നും ചികിത്സ ലഭിക്കുന്ന എച്ച് ഐ വി അനുബാധിതർക്ക് മറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ 2021 ഒക്ടോബർ 1 മുതൽ നാഷണൽ എയ്ഡ്‌സ് നിയന്ത്രണ ഓർഗനൈസേഷന്റെ നേതൃത്വത്തിലും, കേരള സർക്കാർ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ മേൽനോട്ടത്തിലും കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ കേരളത്തിലും പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്‌, കാസറഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്.

ലക്ഷ്യാധിഷ്ഠിത ഇടപെടൽ കേന്ദ്രങ്ങൾ (ടി എ)

എച്ച് ഐ വി ബാധക്ക് സാധ്യത കൂടുതൽ ഉള്ള വിഭാഗമാണ് സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്ക് മരുന്ന് കുത്തിവക്കുന്നവർ, ട്രാൻസ്‌ജെൻഡേഴ്സ്, അതിഥിതൊഴിലാളികൾ, ദീർഘദൂരം വാഹനം ഓടിക്കുന്ന ട്രക്ക് ഡ്രൈവർമാർ എന്നിവർ. ഇവരെ ലക്ഷ്യം വച്ച് എച്ച് ഐ വി പ്രതിരോധം മുൻ നിർത്തി കേരളത്തിൽ 64 സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടിട്ടുണ്ട്.

സുരക്ഷിതമായ ലൈംഗിക വേഴ്ചക്കായി കോണ്ടം വിതരണം ചെയ്യുന്നു എന്ന് മാത്രമല്ല, സിറിഞ്ചു വിതരണവും പദ്ധതി വഴി നടപ്പാക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി മയക്കുമരുന്നിനോടുള്ള ആസക്തി നിയന്ത്രിക്കാൻ ഒപ്പിഓയിഡ് സബ്സ്ടിട്യൂഷൻ തെറാപ്പിയും (OST) പദ്ധതി പ്രകാരം നടപ്പാക്കിയിട്ടുണ്ട്.

കോളേജുകളിൽ പ്രവർത്തിക്കുന്ന റെഡ് റിബ്ബൻ ക്ലബ്ബുകൾ പുതുതലമുറക്ക് എച്ച് ഐ വി വിമുക്ത സമൂഹത്തെ വാർത്തെടുക്കാനും രക്തദാനം പോലുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കാനും പ്രചോദനം നൽകുന്നുണ്ട്.

കൂടാതെ പഞ്ചായത്ത്‌ തലത്തിലും സർക്കാർ സഹായത്താലും അനവധി സഹായ സഹകരണങ്ങൾ എച്ച് ഐ വി ബാധിതർക്ക് ഉറപ്പാക്കുന്നുണ്ട്. പഞ്ചായത്ത്‌ തലത്തിൽ എച്ച് ഐ വി ബാധിതർക്ക് പോഷകാഹാര വിതരണ പദ്ധതി സജീവമാണ്. മാത്രമല്ല സർക്കാരിന്റെ പ്രത്യേക ധന സഹായ പദ്ധതി, സൗജന്യ ടെസ്റ്റുകളും ചികിത്സയും, സൗജന്യ ഗർഭശയ കാൻസർ പരിശോധന, "സ്നേഹപൂർവ്വം" വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ എച്ച് ഐ വി ബാധിതരെയും ബിപി എൽ വിഭാഗത്തിൽ ഉൾപെടുത്തികൊണ്ടുള്ള ഉത്തരവും പുറത്ത് വന്നിട്ടുണ്ട്. കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സഹകരണത്തോടെ ആശുപത്രിയിൽ കൂട്ടിരിക്കാൻ സഹായികൾ ഇല്ലാത്തവർക്കായി സഹായിയെ നൽകുന്ന ട്രീറ്റ്മെന്റ് കെയർ ടീമും ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്.

സർക്കാരിന്റെയും പൊതു ജനങ്ങളുടെയും കൂട്ടായ്മ കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കേരളത്തിൽ എച്ച് ഐ വി വ്യാപന നിരക്ക് വലിയ തോതിൽ കുറക്കാൻ സഹായകമായത്. എച്ച് ഐ വി ബാധിതരെ ലക്ഷ്യം വച്ച് സർക്കാരിന്റെ മുൻകരുതലുകളും മികച്ച പദ്ധതികളും പൊതു സമൂഹത്തിന്റെ സന്നദ്ധ സഹകരണവും കൂടി ചേർന്നാൽ നമുക്ക് ഒരുമിച്ച് പറയാം "നോ മോർ എയ്ഡ്‌സ് കേസെസ്."