സസ്യങ്ങളെ 'കറന്ന്' എടുക്കുന്ന പാൽ: അറിയാം സസ്യാധിഷ്ഠിത പാലിന്റെ ഗുണങ്ങൾ

സസ്യാധിഷ്ഠിത പാലിന്റെ ഗുണങ്ങളെക്കുറിച്ച് ലോകം ഇന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ചെടികളെ കറന്നാണ് ഈ പാൽ എടുക്കുക. മൃഗങ്ങളുടെ പാലിനെ അപേക്ഷിച്ച് ഇവയ്ക്ക് ചില ഗുണങ്ങളുണ്ട്. ഇന്ന് ലോക പ്ലാന്റ് മിൽക്ക് ദിനം കൂടിയാണ്.

Samayam Malayalam
Edited byസന്ദീപ് കരിയൻ | Samayam Malayalam 22 Aug 2023, 7:55 pm
ഗീതു രാജേന്ദ്രൻ

പാലിന് പകരമുള്ള പാല്‍, അതാണ് സസ്യാധിഷ്ഠിത പാല്‍. പശുവിന് പകരം ചെടികളില്‍ നിന്നു 'കറന്നെടുക്കുന്ന' പാലിന് പ്ലാന്റ് മില്‍ക്കെന്നും വീഗന്‍ മില്‍ക്കെന്നും പേരുണ്ട്. വീഗന്‍മാര്‍ മാത്രമല്ല ഈ 'സസ്യ പാലിന്റെ' ആരാധകര്‍. പശുവിന്‍ പാല്‍ താത്പര്യമില്ലാത്തവര്‍ക്കും അലര്‍ജിയുള്ളവര്‍ക്കും നല്ലൊരു പോഷക ബദലാണിത്.

സസ്യ പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ചും ഉപയോഗിക്കുന്നതിന്റെ ആരോഗ്യ നേട്ടങ്ങളെ കുറിച്ചും അവബോധമുണ്ടാക്കുന്നതിനാണ് എല്ലാവര്‍ഷവും ഓഗസ്റ്റ് 22-ാം തീയതി സസ്യാധിഷ്ഠിത പാല്‍ ദിനമായി ആഘോഷിക്കുന്നത്.

നൂറ്റാണ്ടുകളായി പാല്‍ എന്നാല്‍ പശുവിന്‍ പാലും ആട്ടിന്‍ പാലുമാക്കെയായിരുന്നു ആളുകള്‍ക്ക്. ഊര്‍ജ്ജസ്വലതയോടെ ദിവസം തുടങ്ങാന്‍ രാവിലെ നല്ലൊരു പാല്‍ച്ചായ നിര്‍ബന്ധമുള്ളവരാണ് അധികമാളുകളും. ഒരുദിവസത്തെ ക്ഷീണം തീര്‍ക്കാന്‍ പാല്‍ച്ചായയോ കാപ്പിയോ കുടിക്കുന്നവരും കുറവല്ല. ചിലര്‍ക്ക് നല്ല ഉറക്കം കിട്ടണമെങ്കില്‍ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ വേണം. കത്തുന്ന വെയിലില്‍ ഒരു മില്‍ക്ക് ഷെയ്ക്ക് ഇഷ്ടപ്പെടാത്തവരുണ്ടാകുമോ. എന്നാല്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ദഹിക്കുന്ന ഒന്നല്ല പശുവിന്‍ പാല്‍. കഫക്കെട്ടുള്ളവര്‍ക്കും ദിവസവും കഴിക്കാന്‍ പറ്റിയതല്ല. അവിടെയാണ് പകരം സസ്യാധിഷ്ഠിത പാലിന്റെ പ്രാധാന്യം ഏറുന്നത്. തുടക്കത്തില്‍ വീഗന്മാരായിരുന്നു സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതലാളുകള്‍ സസ്യ പാലിലേക്ക് മാറുന്നുണ്ട്. ഗുഡ് ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2020-ല്‍ യുഎസില്‍ സസ്യാധിഷ്ഠിത പാൽവില്‍പന നാലു ശതമാനം വര്‍ധിക്കുകയും പശുവിന്‍ പാലിന്റെ വില്‍പന രണ്ടു ശതമാനമായി കുറയുകയും ചെയ്തു.

ചെടി കറന്നാല്‍...

ഡെയറി എന്നു പറയുമ്പോള്‍ എപ്പോഴും പശുവിന്‍ പാലായിരിക്കും മനസ്സില്‍ വരിക. എന്നാല്‍ പ്ലാന്റ് മില്‍ക്കെന്നാല്‍ ഒരുപിടി വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. ബദാം, സോയ, ഓട്‌സ്, കശുവണ്ടി, ചണം, അരി, തേങ്ങ, പയര്‍ അങ്ങനെ നീളുന്നു സസ്യ പാലിലെ കേമന്‍മാര്‍. ചായയിലും കാപ്പിയിലും സിറിലിലും പായസത്തിലും സാധാരണ പാലുപോലെത്തന്നെ സസ്യ പാലും ഉപയോഗിക്കാം. പാല്‍ ഉത്പന്നങ്ങളുടെ കാര്യത്തിലും ടെന്‍ഷന്‍ വേണ്ട. സസ്യ പാലില്‍ ലാക്ടോസ് (പാലിലും പാല്‍ ഉത്പന്നങ്ങളിലും കാണപ്പെടുന്ന ഡീസാച്ചുറൈസ്ഡ് ഷുഗര്‍) ഇല്ലാത്തതിനാല്‍ ലാക്ടോസ് ഇന്റോളറന്റായവര്‍ക്ക് സുഖമായി കഴിക്കാം.

മൃഗങ്ങളോടുള്ള 'ക്രൂരത' അവസാനിപ്പിക്കാനായി തുടങ്ങിയ കാമ്പയിനുകളുടെ ഭാഗമായാണ് സസ്യാധിഷ്ഠിത പാലിനെ ആളുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ഡെയറി മില്‍ക്കില്‍ നിന്ന് സസ്യാധിഷ്ഠിത പാലിലേക്ക് മാറിയതില്‍ അധികവും തുടക്കത്തില്‍ വീഗന്മാരായിരുന്നെങ്കില്‍ പിന്നീട് കൂടുതല്‍ ആളുകള്‍ക്കിടയില്‍ സ്വീകാര്യത കിട്ടിത്തുടങ്ങി. പ്ലാന്റ് ബെയ്‌സ്ഡ് ന്യൂസിന്റെ സഹസ്ഥാപകനായ റോബി ലോക്കി 2017-ലാണ് ലോക സസ്യാധിഷ്ഠിത പാല്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. തൊട്ടടുത്ത വര്‍ഷങ്ങളിലായി തുടങ്ങിയ സസ്യപാല്‍ കാമ്പയിനുകള്‍ ലക്ഷക്കണക്കിന് ആളുകളെ സസ്യ പാലിന്റെ ഉപഭോക്താക്കളാക്കി. ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആളുകളുടെ ദിനചര്യയുടെ ഭാഗമാണ് സസ്യ പാല്‍.

അളവില്‍ വ്യത്യാസമുണ്ടെങ്കിലും പാലിലൂടെ ലഭിക്കുന്ന മിക്ക പോഷകങ്ങളും സസ്യപാലിലും കാണാം. ഒരു കപ്പ് പശുവിന്‍ പാലിലെ കാര്‍ബോഹൈഡ്രേയിറ്റ്‌സിന്റെ അളവ് 12 ഗ്രാമാണെങ്കില്‍ സസ്യ പാലിലത് 2-27 ഗ്രാമാണ്. പശുവിന്‍ പാലില്‍ കൊഴുപ്പ് 0-8 ഗ്രാമാണെങ്കില്‍ സസ്യപാലിൽ 2-5 ഗ്രാമാണ്. പ്രോട്ടീനിന്റെ അളവ് ഒരു കപ്പ് പശുവിന്‍ പാലില്‍ 1-8 ഗ്രാമും സസ്യ പാലില്‍ 8 ഗ്രാമുമാണ്. പാലില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളെ ഒഴിവാക്കാതിരിക്കാം എന്നതുകൊണ്ടുകൂടിയാണ് പലരും സസ്യ പാല്‍ തിരഞ്ഞെടുക്കുന്നത്.

പോഷകങ്ങളില്‍ കുറവൊന്നുമില്ലെങ്കിലും പശുവിന്‍ പാല്‍ കറന്നെടുക്കുന്ന പോലെ എളുപ്പമല്ല സസ്യ പാല്‍ ഉണ്ടാക്കാന്‍. സസ്യങ്ങളില്‍ കാണപ്പെടുന്ന മൈക്രോ ന്യൂട്രിയന്‍സുകളായ പോളിഫിനോളുകള്‍ വെള്ളത്തില്‍ ലയിക്കുമ്പോള്‍ പാലിന് രുചി വ്യത്യാസമുണ്ടാകാറുണ്ട്. പശുവിന്‍ പാലിന്റേത് പോലുള്ള രുചിയും മണവും സസ്യപാലിന് ഉണ്ടാകുകയുമില്ല. പലപ്പോഴും വെളുത്ത നിറവും ഉണ്ടായെന്നു വരില്ല. അതുകൊണ്ട് തന്നെ പലതരം ഘടകങ്ങള്‍ നീക്കി വേണം സസ്യ പാല്‍ നിര്‍മ്മിച്ചെടുക്കാന്‍. സോയബീന്‍, തേങ്ങ എന്നിവയില്‍നിന്ന് പാല്‍ അരച്ചെടുക്കുകയാണെങ്കില്‍ അവയിലെ തരികള്‍ 50 മൈക്രോ മീറ്ററില്‍ കൂടാതെ വേണമുണ്ടാക്കാന്‍.

സസ്യ എണ്ണകളും പ്രോട്ടീനുകളും ഹോമോജനൈസ് ചെയ്തും സസ്യ പാലുണ്ടാക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും സാധാരണ പാലിലുണ്ടാകാറുള്ള പല പോഷക ഘടകങ്ങളും സസ്യ പാലിലില്ലാത്തത് കൊണ്ട് അവ നിര്‍മാണഘട്ടത്തില്‍ പ്രത്യേകമായി ചേര്‍ക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെയാണ് സസ്യ പാലിനെ 'പാല്‍' എന്നു വിളിക്കാത്തതും, പാക്കറ്റിലെ ലേബലില്‍ നോക്കി സാധാരണ പാലിലെ ഏതെല്ലാം പോഷകങ്ങള്‍ സസ്യ പാലിലുണ്ടെന്ന് ഉറപ്പു വരുത്തി വാങ്ങണമെന്ന് ആവശ്യപ്പെടുന്നതും. ഇപ്പോഴും പല രാജ്യങ്ങളിലും സസ്യ പാലിനെ പാലിന്റെ ബദലായി കണക്കാക്കുന്നില്ല പകരം 'പ്ലാന്റ് ഡ്രിങ്ക്' എന്നു മാത്രമാണ് വില്‍പ്പന പാക്കറ്റില്‍ അടയാളപ്പെടുത്തുക. പാലിന്റെ എല്ലാ ഗുണങ്ങളും സസ്യപാലിന് ഇല്ലായെന്ന വാദവുമുണ്ട്.
ഓതറിനെ കുറിച്ച്
സന്ദീപ് കരിയൻ
സന്ദീപ് കരിയൻ. മാധ്യമപ്രവർത്തകൻ. പത്തു വർഷത്തിലധികമായി ഡിജിറ്റൽ മാധ്യമരം​ഗത്ത് പ്രവർത്തിക്കുന്നു. വൺ ഇന്ത്യ, വേ2ന്യൂസ്, അഴിമുഖം, ഇന്ത്യാ ടുഡേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി.... കൂടുതൽ