ആപ്പ്ജില്ല

ജാഗ്രതൈ! കുവൈറ്റില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പകുതി ശമ്പളം കട്ട് !

കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരമാണെന്നും അല്ലാത്തവര്‍ക്കെതിരേ ശമ്പളം പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി

Samayam Malayalam 6 Feb 2021, 8:23 am
കുവൈറ്റ് സിറ്റി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ 15 ദിവസത്തെ ശമ്പളം കട്ട് ചെയ്യാനാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ തീരുമാനം. കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരമാണെന്നും അല്ലാത്തവര്‍ക്കെതിരേ ശമ്പളം പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രോട്ടോകോള്‍ ലംഘനം രാജ്യത്തെ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചുള്ള നിയമലംഘനമായി കണക്കാക്കുമെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.
Samayam Malayalam govt employees in kuwait face up to 15 day half pay cut for violating coronavirus measures
ജാഗ്രതൈ! കുവൈറ്റില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പകുതി ശമ്പളം കട്ട് !



​സാലറി കട്ട് ഘട്ടം ഘട്ടമായി

ഒറ്റയടിക്ക് 15 ദിവസത്തെ ശമ്പളം പിടിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവരെ ആദ്യം താക്കീത് നല്‍കി വിടും. അത് ആവര്‍ത്തിച്ചാല്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കും. നിയമലംഘനം തുടരുകയാണെങ്കില്‍ 15 ദിവസം വരെയുള്ള ശമ്പളം കുറയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകമാണെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ നാളെ മുതല്‍

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത്. ഫെബ്രുവരി 21 മുതല്‍ രാജ്യത്തെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധിത സ്ഥാപനം ക്വാറന്റൈന്‍ അടക്കം രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. അതിനു പുറമെ, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയവ നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് 168,250 കൊവിഡ് കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 962 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

മൂന്ന് പ്രവാസി അധ്യാപകര്‍ക്ക് ജോലി പോയി

അനുവാദമില്ലാതെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് പ്രതിഫലം വാങ്ങി സംഗീതപരിപാടി അവതരിപ്പിച്ച മൂന്ന് പ്രവാസി സംഗീതാധ്യാപകരെ കുവൈറ്റ് പിരിച്ചുവിട്ടു. അഹ്മദി എഡുക്കേഷന്‍ ഡിസ്ട്രിക്റ്റ് സ്‌കൂളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ജോലി നഷ്ടമായത്. സ്വകാര്യ ചടങ്ങില്‍ അനുവാദമില്ലാതെ പരിപാടികള്‍ അവതരിപ്പിക്കുന്നതിനെതിരേ നേരത്തേ മുന്നറിയപ്പ് നല്‍കിയിരുന്നുവെങ്കിലും അത് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. മൂന്നു പേരും കുറ്റം നിഷേധിച്ചെങ്കിലും പരിപാടിയുടെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇവര്‍ക്കെതിരാവുകയായിരുന്നു.

Video-കൊച്ചിയിൽ പോസ്റ്റ്‌ കോവിഡ് സിന്‍ഡ്രോമിന്റെ ഭാഗമായി കാഴ്ച ഭാഗികമായി നഷ്ടമായി

ആര്‍ട്ടിക്കിള്‍ ഷോ