ആപ്പ്ജില്ല

കുവൈറ്റിലെ പുതിയ തൊഴില്‍മാറ്റം; നിയമം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ല

നിലവിലെ തൊഴിലാളികളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇത് വഴി സാധിക്കും. എന്നാല്‍ ഈ നിയമഭേദഗതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലന്നാണ് പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.

Edited byസുമയ്യ തെസ്നി കെപി | Samayam Malayalam 28 Apr 2024, 2:32 pm

ഹൈലൈറ്റ്:

  • അല്‍-അന്‍ബ ദിനപത്രത്തിന് നല്‍കിയ അഭിമുറഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
  • ബിസിനസ്സ് ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ മാന്‍ പവര്‍ അതോറിറ്റിക്ക് 'ഓണ്‍ലൈനായി' സമര്‍പ്പിക്കാമെന്നും അസീല്‍ പറഞ്ഞു.
  • പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ വിലയിരുത്തലിന് വിധേയമായി ഒരു വര്‍ഷത്തേക്കായിരിക്കും ഈ നിയമ ഭേദഗതി നടപ്പിലാക്കുക.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam symbolic image
പ്രതീകാത്മക ചിത്രം
കുവൈറ്റ് സിറ്റി: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വീട്ടുജോലിക്കാര്‍ അതിന്റെ പരിധിയില്‍ വരില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ അസീല്‍ അല്‍ മസീദ് പറഞ്ഞു.
പുതിയ നിയമ ഭേദഗതി പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാരെ മൂന്ന് വര്‍ഷത്തിന് ശേഷമോ അതിനു മുമ്പ് 300 ദിനാര്‍ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കിയോ ഒരു സ്‌പോണ്‍സറില്‍ നിന്ന് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ മാറ്റം നടത്താം. ആദ്യ സ്‌പോണ്‍സറുടെ അംഗീകാരം വേണമെന്ന നിബന്ധനയോട് കൂടിയാണിത്. എന്നാല്‍ ഈ തൊഴില്‍ മാറ്റ സാധ്യത രാജ്യത്തെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ ബാധകമാവില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വക്താവ് കൂടിയായ അല്‍-മസീദ് കൂട്ടിച്ചേര്‍ത്തു.


Also Read: പ്രളയജലം പിന്‍വാങ്ങിയപ്പോള്‍ ഷാര്‍ജയില്‍ കണ്ടത് 1962ലെ പൊട്ടിക്കാത്ത പെപ്‌സി ബോട്ടില്‍
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ വിലയിരുത്തലിന് വിധേയമായി ഒരു വര്‍ഷത്തേക്കായിരിക്കും ഈ നിയമ ഭേദഗതി നടപ്പിലാക്കുക. ബിസിനസ്സ് ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ മാന്‍ പവര്‍ അതോറിറ്റിക്ക് 'ഓണ്‍ലൈനായി' സമര്‍പ്പിക്കാമെന്നും അസീല്‍ പറഞ്ഞു. സാഹില്‍ ആപ്ലിക്കേഷനില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമന്വയിപ്പിക്കാന്‍ അതോറിറ്റി ശ്രമം നടത്തിവരികയാണ്. പുതിയ വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവച്ചിട്ടില്ലെങ്കിലും, ചില തൊഴില്‍ മേഖലകളില്‍ കുവൈറ്റില്‍ നിന്നുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന ധാരണ നിലവിലുണ്ടെന്നും അല്‍ മസീദ് അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങളും അധികൃതര്‍ കൊണ്ടുവന്നിരുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം രാജ്യത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ പരിഷ്‌ക്കാരങ്ങള്‍. ഇതുപ്രകാരം ജൂണ്‍ ഒന്നു മുതല്‍ പുതിയ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും രാജ്യത്ത് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനും വിദേശ ജോലിക്കാരെ ഒരു സ്‌പോണ്‍സറില്‍ നിന്ന് മറ്റൊരു സ്‌പോണ്‍സറിലേക്ക് കൈമാറ്റം ചെയ്യുന്നതിനുമുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാവും.

തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനൊപ്പം തൊഴിലാളി ക്ഷാമം കാരണം രാജ്യത്തെ തൊഴില്‍ മേഖലയിലുണ്ടായ താങ്ങാനാവാത്ത ചെലവ് കുറച്ചുകൊണ്ടുവരികയും ചെയ്യുകയെന്ന ലക്ഷ്യം തീരുമാനത്തിന് പിന്നിലുണ്ട്. നിലവില്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ വലിയ ശമ്പളം നല്‍കിയാണ് സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയമിക്കുന്നത്. ഇത് സാധനങ്ങളുടെയം സേവനങ്ങളുടെയും വിലയിലും വലിയ വര്‍ധനവിന് കാരണമായി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ നിലവിലുള്ള തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാണ് നിയമം. എന്നാല്‍ പുതിയ ഭേദഗതിയോടെ ഈ നിബന്ധന ഒഴിവാക്കി.

പുതിയ നിയമഭേദഗതി പ്രകാരം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് ഫീസും നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച്, ഒരു പുതിയ വര്‍ക്ക് പെര്‍മിറ്റിന് 150 കുവൈറ്റ് ദിനാര്‍ ഫീസായി നല്‍കണം. ഒരിടത്ത് ജോലിയില്‍ പ്രവേശിച്ച ശേഷണുള്ള ആദ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരു തൊഴിലാളിയെ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിന് 300 കുവൈറ്റ് ദിനാറാണ് ഫീസ്.
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ