ആപ്പ്ജില്ല

കനത്ത മഴ: ഒമാനിലെ സുഹാറിൽ വെള്ളപ്പൊക്കം, വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയവരെ രക്ഷിച്ചു

ഒമാനിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു

Samayam Malayalam 19 Jul 2021, 5:05 pm
ഒമാന്‍: ന്യൂനമർദത്തെത്തുടർന്ന് ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കൂടുതല്‍ ശക്തമായി. ഞായറാഴ്ച ബാത്തിന ഗവർണറേറ്റിൽ പരക്കെ മഴ പെയ്തു. സുഹാർ, ലിവ, ഫലജ് മേഖലകളിൽ ആണ് കനത്ത മഴ. പല താഴ്ന്ന പ്രദേശങ്ങളും വെട്ടത്തിനടിയിലായി. വീടുകളിലും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിയവരെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി.
Samayam Malayalam heavy rains floods in suhar at oman
കനത്ത മഴ: ഒമാനിലെ സുഹാറിൽ വെള്ളപ്പൊക്കം, വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയവരെ രക്ഷിച്ചു


​മഴ തുടരും


വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മസ്‌ക്കറ്റിലും തെക്കന്‍ അല്‍ ശര്‍ഖിയ്യയിലുമാണ് മഴ രൂക്ഷമായി തുടരുന്നത്. ഫലജ് അൽ ഖബാഇലിൽ വാദിയിൽ ഒഴുകിപ്പോയ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി.

ഫലജ് അൽ ഖബാഈലിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളിലെ 17 പേരെയും സുരക്ഷ വിഭാഗം രക്ഷപ്പെടുത്തി.

​വ്യാ​ഴാ​ഴ്ച മു​ത​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മഴ തുടങ്ങി


ഒമാനിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച നൽകിയ മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. തെക്ക്, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലും ബുറൈമി ഗവർണറേറ്റിലുമായിരിക്കും മഴ കേന്ദ്രീകരിക്കുകയെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ജനജീവിതം അവതാളത്തിലാക്കി വ്യാഴാഴ്ച മുതല്‍ ആണ് മഴ തുടങ്ങിയത്. വെള്ളിയാഴ്ച തെക്കൻ ശർഖിയ മേഖലയിലാണ് കനത്ത മഴ പെയ്തത്. വീടുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലും മറ്റും കുടുങ്ങിയ നിരവിധ പേരെ റോയല്‍ ഒമാന്‍ പോലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

​രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവം


വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ഖുറിയാത്ത് വിലയത്തിലെ വാദി അല്‍-അര്‍ബഈന്‍ പ്രദേശത്ത് കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുടുംബത്തെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. മസ്കത്ത് അടക്കം ഒമാ‍െൻറ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ മഴ ലഭിച്ചു. അല്‍ കാമില്‍ അല്‍ വാഫി വിലയത്തിലെ വാദി അല്‍ സിലീല്‍ പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കാണാതായ സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ