ആപ്പ്ജില്ല

ഫിഫ അറബ് കപ്പ്: ആരാധകര്‍ക്കായി വഴിനീളെ പാട്ടും നൃത്തവുമൊരുക്കി ഖത്തര്‍

മല്‍സരത്തിന് മുമ്പും ശേഷവുമായി 60 ഇടങ്ങളില്‍ 200ഓളം കലാ പരിപാടികള്‍ അരങ്ങേറും

Samayam Malayalam 28 Nov 2021, 9:52 am
ദോഹ: നവംബര്‍ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിനായി രാജ്യത്തെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിനോദ, സംഗീത പരിപാടികളൊരുക്കി സംഘാടകർ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അറബ് കപ്പ് സന്ദര്‍ശകര്‍ക്ക് ആവേശകരമാക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്. മല്‍സരത്തിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയുടെ നേതൃത്വത്തിലാണ് കാണികള്‍ക്ക് കലാ വിരുന്നൂട്ടാന്‍ വിവിധ പരിപാടികള്‍ അരങ്ങേറുക.
Samayam Malayalam 2021 fifa arab cup everything you need to know
ഫിഫ അറബ് കപ്പ്: ആരാധകര്‍ക്കായി വഴിനീളെ പാട്ടും നൃത്തവുമൊരുക്കി ഖത്തര്‍


​ഖത്തറിന് അകത്തും പുറത്തുമുള്ള കലാകാരന്‍മാര്‍

ഡിസംബര്‍ 18 വരെ നീളുന്ന മല്‍സരങ്ങള്‍ക്കെത്തുന്നവര്‍ക്കായി ബസ് സ്റ്റാന്‍റുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, കോര്‍ണിഷ് മേഖല തുടങ്ങിയ ഇടങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്‍മാരും സംഗീത വിദഗ്ധരും ഗായകരും പങ്കെടുക്കും. ടൂര്‍ണമെന്‍റുകള്‍ അരങ്ങേറുന്ന അല്‍ ബൈത്ത്, അഹ്മദ് ബിന്‍ അലി, അല്‍ ജനൂബ്, അല്‍ തുമാമ, സ്റ്റേഡിയം 974 എന്നീ അഞ്ച് കളി മൈതാനങ്ങള്‍ക്കു സമീപവും കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാവും. സംഗീതം, നൃത്തം, നാടന്‍ കലകള്‍ തുടങ്ങിയവ ഖത്തര്‍, ഈജിപ്ത്, ലബ്നാന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങിയ രാജ്യക്കാരാണ് അവതരിപ്പിക്കുക.

​കാണികളെ പാട്ടുപാടി സ്വാഗതം ചെയ്യും

മല്‍സരങ്ങള്‍ കാണാനെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ പാട്ടുപാടി സ്വാഗതം ചെയ്യാന്‍ പ്രാദേശിക കലാകാരന്‍മാരും ടീമുകളുടെ നാട്ടില്‍ നിന്നുള്ളവരും അണിനിരക്കും. സ്റ്റേഡിയങ്ങള്‍ക്ക് സമീപവും തൊട്ടടുത്തുള്ള മെട്രോ, ബസ് സ്റ്റേഷനുകളിലുമാണ് കലാസംഘങ്ങള്‍ കാണികളെ കാത്തിരിക്കുക. മല്‍സരത്തിന് മുമ്പും ശേഷവുമായി 60 ഇടങ്ങളില്‍ 200ഓളം കലാ പരിപാടികള്‍ അരങ്ങേറും. ഇതിനു പുറമേ ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള നടക്കുന്ന കോര്‍ണിഷിലും വിവിധ സ്റ്റേജുകളിലായി നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ടൂറിസം, സാംസ്‌ക്കാരിക മന്ത്രാലയം, കത്താറ എന്നിവയുടെ സഹകരണത്തോടെയാണ് കോര്‍ണിഷില്‍ പരിപാടികള്‍ നടക്കുന്നത്. കലാപരിപാടികള്‍ക്കൊപ്പം പാചക വിദഗ്ധര്‍ അണിനിരക്കുന്ന ലൈവ് കുക്കിംഗ്, പാചക മല്‍സരങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമായി നടക്കും.

​കോര്‍ണിഷ് റോഡുകള്‍ അടച്ചിടും

ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ തയ്യാറെടുക്കുന്ന ഖത്തറിന്‍റെ ആഘോഷത്തില്‍ പങ്കാളികളാവാന്‍ രാജ്യത്തെയും പുറത്തെയും കലാകാരന്‍മാര്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് സുപ്രിം കമ്മിറ്റി ഡയരക്ടര്‍മാരിലൊരാളായ ഖാലിദ് അല്‍ സുവൈദി അഭിപ്രായപ്പെട്ടു. ഇതിനകം ആരംഭിച്ച ഭക്ഷ്യമേളയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് ആറു മുതല്‍ രാത്രി 10 മണി വരെയും അവധി ദിനങ്ങളില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി 12 മണി വരെയുമായിരിക്കും പരിപാടികള്‍. ഭക്ഷ്യമേളയും കലാപരിപാടികളും ആസ്വദിക്കാന്‍ എത്തുന്നവരുടെ സൗകര്യത്തിനായി കോര്‍ണിഷ് റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് എത്തുന്നവര്‍ക്കായി പൊതുഗതാഗത സംവിധാനം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍.

​ആഘോഷമായി അറബ് കപ്പ് ട്രോഫി പ്രദര്‍ശനം

അതിനിടെ, ഫിഫ അറബ് കപ്പിന്‍റെ മുന്നോടിയായി ടൂര്‍ണമെന്‍റെ ട്രോഫിയുടെ പ്രദര്‍ശനം ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിവിധ സ്‌കൂളുകള്‍, ക്ലബ്ബുകള്‍, ടൂറിസ്റ്റ് സ്‌പോട്ടുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ട്രോഫി പ്രദര്‍ശനങ്ങളില്‍ ആയിരങ്ങളാണ് ആവേശ പൂര്‍വം പങ്കെടുക്കുന്നത്. ട്രോഫിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനുള്ള വന്‍ തിരക്കാണ് എല്ലായിടങ്ങളിലും അനുഭവപ്പെടുന്നത്.

PHOTO: FIFA WORLD CUP/Twitter

ആര്‍ട്ടിക്കിള്‍ ഷോ