ആപ്പ്ജില്ല

അഫ്ഗാന്‍ രക്ഷാ ദൗത്യം: ഖത്തര്‍ അമീറിനെ പ്രശംസിച്ച് ജോ ബെയ്ഡന്‍

അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഖത്തര്‍ നടത്തുന്ന ഇടപെടലുകളെ അന്താരാഷ്ട്ര സമൂഹം നേരത്തെ അഭിനന്ദിച്ചിരുന്നു

Lipi 22 Aug 2021, 11:21 am
ദോഹ: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടന്ന രക്ഷാ ദൗത്യത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ മുക്തകണ്ഠം പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബെയ്ഡന്‍. ഖത്തര്‍ അമീറുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളെ ബെയ്ഡന്‍ പുകഴ്ത്തിയത്.
Samayam Malayalam biden thanks qatar for generous support on evacuating us nationals from kabul


അമേരിക്കന്‍ പൗരന്‍മാര്‍, അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍, താലിബാന്‍ അക്രമം ഭയന്ന് ഓടിപ്പോവുന്ന അഫ്ഗാന്‍ പൗരന്‍മാര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകളെ അഫ്ഗാനില്‍ നിന്ന് ഖത്തര്‍ വിമാനങ്ങളില്‍ രക്ഷപ്പെടുത്തി ദോഹയില്‍ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തര്‍ അമീറിനെ സ്തുതിച്ച് യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യമാണ് അഫ്ഗാനില്‍ നിന്ന് നടക്കുന്നതെന്നും ഖത്തറിന്റെ പിന്തുണയും സഹായവും ഉണ്ടായിരുന്നില്ലെങ്കില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താന്‍ സാധ്യമാവുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ വിവിധ കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഖത്തര്‍ അമീറിന്റെ നടപടിക്കും അദ്ദേഹം നന്ദി അറിയിച്ചു. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്ന കാര്യത്തില്‍ ഖത്തറുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വന്‍ വിജയമായി മെയ്ഡ് ഇന്‍ സൗദി പദ്ധതി; 900 കമ്പനികള്‍, 2000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍

അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഖത്തര്‍ നടത്തുന്ന ഇടപെടലുകളെ അന്താരാഷ്ട്ര സമൂഹം നേരത്തെ അഭിനന്ദിച്ചിരുന്നു. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കാര്യ വിഭാഗം മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പ്രശംസിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ഖത്തറിന് നന്ദി അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ