ആപ്പ്ജില്ല

ഇങ്ങനെയൊരു പെണ്ണുണ്ടെങ്കില്‍ കളി കാണാന്‍ എന്തിനാണ് കണ്ണുകള്‍?

കളിയെക്കുറിച്ച് കേള്‍ക്കുന്ന വാക്കുകളും സ്‌റ്റേഡിയത്തിലെ ആര്‍പ്പുവിളികളും ആര്‍ത്തനാദങ്ങളും ശബ്ദഘോഷങ്ങളും നിശ്ശബ്ദതകളുമെല്ലാം മനസ്സിന്റെ സ്‌ക്രീനില്‍ കളിയെക്കറിച്ചുള്ള കൃത്യമായ ചിത്രങ്ങളായി തെളിയും

Samayam Malayalam 15 Feb 2021, 8:12 am
ഖത്തറില്‍ സമാപിച്ച ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ അല്‍ അഹ്‌ലി- അല്‍ ദുഹൈല്‍ ടീമുകള്‍ മാറ്റുരച്ച മല്‍സരത്തിലെ താരങ്ങള്‍ കളിക്കളത്തിലായിരുന്നില്ല; മറിച്ച് ഗ്യാലറിയിലായിരുന്നു. ജന്‍മനാ കാഴ്ച ശക്തി നഷ്ടപ്പെട്ട ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ആരാധകന്‍ ഇക്‌റാമി അഹ്മദും പ്രിയതമ ഇമാനും. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ ആരവങ്ങള്‍ക്കൊപ്പം കളിക്കളത്തിലെ ആവേശം ഒട്ടും ചോര്‍ന്നുപോവാതെ ഭര്‍ത്താവിന്റെ കാതിലെത്തിച്ചത് ഇമാനായിരുന്നു. താരങ്ങളുടെ കളിയഴകും കളിമികവും മാത്രമായിരുന്നില്ല; സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ആരാധകരുയര്‍ത്തിയ ബാനറിലെ വാചകങ്ങള്‍ പോലും ഇമാന്റെ വാക്കുകളില്‍ വിരിഞ്ഞു. അങ്ങനെ കണ്ണുകള്‍ കൊണ്ട് കളി കണ്ടില്ലെങ്കിലും അതിനെക്കാള്‍ മനോഹരമായി കളി ആസ്വദിക്കാന്‍ ഇമാനിലൂടെ ഇക്‌റാമിക്ക് കഴിഞ്ഞു.
Samayam Malayalam fifa club world cup gave opportunity ikram ahmed to attend his first al ahly match
ഇങ്ങനെയൊരു പെണ്ണുണ്ടെങ്കില്‍ കളി കാണാന്‍ എന്തിനാണ് കണ്ണുകള്‍?



​അല്‍ അഹ്‌ലി ക്ലബ്ബിന്റെ ആരാധകന്‍


ചെറുപ്പം മുതലേ അല്‍ അഹ്‌ലി ക്ലബ്ബിന്റെ വീരേതിഹാസങ്ങള്‍ കേട്ടാണ് ഇക്‌റാമി വളര്‍ന്നത്. ഇതിഹാസ തുല്യനായ മുഹമ്മദ് അബൂത്രിക്കയെ പോലുള്ള ഫുട്‌ബോള്‍ താരങ്ങളുടെ വീരകഥകള്‍ കണ്ണുകാണാത്ത ഇക്‌റാമിയെയും അല്‍ അഹ്‌ലിയുടെ ആരാധകനാക്കി മാറ്റി. അക്‌റാമി വളര്‍ന്നതോടെ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കമ്പവും വളര്‍ന്നു. ഗ്യാലറികളിലെ ചെന്നിരുന്ന് കളിയാസ്വദിക്കും. നേരിട്ട് കാണാനായില്ലെങ്കിലും സ്റ്റേഡിയത്തിലുയരുന്ന ആരവങ്ങളില്‍ നിന്നും നിശ്ശബ്ദതകളില്‍ നിന്നും കളിയുടെ ഗതിവിഗതികള്‍ വായിച്ചെടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

​ആ രഹസ്യം പലര്‍ക്കും അറിയില്ല


കണ്ണ് കാണാത്തവര്‍ ഫുട്‌ബോള്‍ മല്‍സരം ആസ്വദിക്കുന്നതെങ്ങനെയെന്ന് പലരും അല്‍ഭുതപ്പെടാറുണ്ടെന്ന് ഇക്‌റാമി പറയുന്നു. എന്നാല്‍ അവര്‍ക്ക് അറിയാത്ത ഒരു രഹസ്യമുണ്ട്. കണ്ണുകള്‍ കൊണ്ട് കാണുന്നതിനെക്കാള്‍ മനോഹരമായി കളിയാസ്വദിക്കാന്‍ കാഴ്ചയില്ലാത്തവര്‍ക്ക് കഴിയും. കളിയെക്കുറിച്ച് കേള്‍ക്കുന്ന വാക്കുകളും സ്‌റ്റേഡിയത്തിലെ ആര്‍പ്പുവിളികളും ആര്‍ത്തനാദങ്ങളും ശബ്ദഘോഷങ്ങളും നിശ്ശബ്ദതകളുമെല്ലാം മനസ്സിന്റെ സ്‌ക്രീനില്‍ കളിയെക്കറിച്ചുള്ള കൃത്യമായ ചിത്രങ്ങളായി തെളിയും. ആ മനോഹരമായ അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഇക്‌റാമി പറുന്നു. ലോകത്ത് കാഴ്ചാശേഷിയില്ലാത്ത ഒട്ടനവധി ഫുട്‌ബോള്‍ ആരാധകളെ കാണാനാവുന്നതിന്റെ രഹസ്യവും അതുതന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​ഖത്തറിലേത് സവിശേഷ മല്‍സരം


കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പും ഉള്‍പ്പെടെ 31കാരനായ ഇക്‌റാമി ഇതിനകം നൂറുകണക്കിന് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ദോഹയില്‍ നടന്ന അല്‍ അഹ്‌ലി- അല്‍ ദുഹൈല്‍ മല്‍സരം സവിശേഷമായ ഒരു അനുഭവമായിരുന്നു. കളിക്കളത്തിലെ കളികള്‍ മുഴുവന്‍ തന്റെ ചെവിയിലെത്തിക്കാന്‍ ഭാര്യ ഇമാന്‍ കൂടെയുണ്ടെന്നതായിരുന്നു പ്രധാന സവിശേഷത. കളിക്കാരുടെ ചടുല നീക്കങ്ങള്‍, തന്ത്രങ്ങള്‍, കളി രീതികള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഇത്തവണ ഇക്‌റാമിന്റെ മനസ്സിലേക്ക് പകര്‍ന്നു നല്‍കാന്‍ ഇമാനും കൂടെയുണ്ടായിരുന്നു. അല്‍ അഹ്‌ലി വിജയിച്ച മല്‍സരമായതിനാല്‍ ഇരുവര്‍ക്കും ഇരട്ടി സന്തോഷമാണ് മല്‍സം നല്‍കിയത്.

​എന്തൊക്കെ പറയണമെന്ന് ഇമാന് അറിയാം


തന്നെപ്പോലെ ഫുട്‌ബോള്‍ ഭ്രാന്തൊന്നും ഇമാന് ഇല്ലെന്ന് ഇക്‌റാമി പറയുന്നു. എന്നാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആവേശം ചോരാതെ എങ്ങനെ പറഞ്ഞുതരണമെന്ന് അവള്‍ക്ക് കൃത്യമായി അറിയാം. മല്‍സരത്തിന്റെ ഉദ്വേഗം മുഴുവന്‍ എന്നിലേക്കു പകരാന്‍ അവളുടെ വാക്കുകള്‍ക്കാവും. അവള്‍ക്ക് ഫുട്‌ബോള്‍ വലിയ ആവേശമല്ലെങ്കിലും കളി കാണുമ്പോള്‍ എന്റെ ആവേശം അവളിലേക്ക് സന്നിവേശിക്കുന്നതു പോലെ തോന്നും. എനിക്ക് വേണ്ടി അവള്‍ കളി കാണുന്ന പോലെ. അവളുടെ വാക്കുകളാണ് അതിമനോഹരമായ കളിയെക്കുറിച്ചുള്ള തെളിയമാര്‍ന്ന ചിത്രങ്ങള്‍ എന്റെ മനസ്സില്‍ വരച്ചിടുക.

​എന്തുകൊണ്ട് ഫുട്‌ബോള്‍?


എന്തുകൊണ്ടാണ് ഫുട്‌ബോളിനോട് ഇത്രയേറെ ഇഷ്ടമെന്ന ചോദ്യത്തിന് ഇക്‌റാമിയുടെ മറുപടി ഇങ്ങനെ- ' വെറും 90 മിനുട്ടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളാണ് ഫുട്‌ബോളിനെ അതിമനോഹരമായ കളിയാക്കി മാറ്റുന്നത്. അതോടൊപ്പം ക്ലബ്ബുകളോടും ടീമുകളോടുമുള്ള ആരാധകരുടെ പ്രണയവും കൂടിയാവുമ്പോള്‍ അത് നമ്മുടെ രക്തത്തില്‍ ലയിച്ചു ചേരും'. ഖത്തറിലെ തന്നെപ്പോലെയുള്ള കാഴ്ചാ വെല്ലുവിളികള്‍ നേരിടുന്നവരെ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ സഹായിക്കുകയാണ് ഖത്തര്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് ഫോര്‍ ദി ബ്ലൈന്‍ഡ്‌സില്‍ ആക്ടിവിറ്റി കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ഇക്‌റാമിയുടെ ഇപ്പോഴത്തെ മറ്റൊരു ഇഷ്ടവിഷയം.

ആര്‍ട്ടിക്കിള്‍ ഷോ