ആപ്പ്ജില്ല

ഖത്തറില്‍ ഒറ്റനാള്‍ കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന് കെനിയക്കാരന്‍ 'മെട്രോ മാന്‍'

സൂഖ് വാഖിഫിനെ സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് നയിക്കുകയെന്നതായിരുന്നു കെനിയന്‍ യുവാവിന്റെ ദൗത്യം.

Samayam Malayalam 28 Nov 2022, 9:57 am
ദോഹ: ഫിഫ ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടയിലും ഖത്തറിലെ സാമൂഹിക മാധ്യമങ്ങളിലെ പുതിയ താരമാണ് കെനിയന്‍ സ്വദേശിയായ മെട്രോ മാന്‍. ഇദ്ദേഹം ദോഹ മെട്രോയുടെ ശില്‍പിയൊന്നും അല്ലെങ്കിലും 23കാരനായ അബൂബക്കര്‍ അബ്ബാസ് ഖത്തരികളുടെയും സന്ദര്‍ശകരുടെയും പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സര്‍ഗാത്മകമായ രീതിയിലൂടെ ദോഹ മെട്രോയിലേക്ക് ആളുകളെ ക്ഷണിച്ചതാണ് ഇദ്ദേഹത്തെ ജനങ്ങളുടെ പ്രയങ്കരനാക്കിയത്.
Samayam Malayalam Kenyan man goes viral for showing way to Doha Metro


സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിലേക്ക് ഇവിടെയെത്തുന്ന സന്ദര്‍ശകരെ നയിക്കാന്‍ ഇദ്ദേഹം സ്വീകരിച്ച നവീനമായി രീതി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഒരു ടെന്നീസ് അമ്പയര്‍ ഇരിക്കുന്നതു പോലെ കസേരയില്‍ ഇരുന്ന് വലിയൊരു ചൂണ്ടുകൈയുടെ മാതൃകയിലുള്ള ബോര്‍ഡ് സൂഖ് വാഖിഫ് സ്റ്റേഷന്റെ ഭാഗത്തേക്ക് തിരിച്ചുവച്ച് തന്റെ മെഗാഫോണിന്റെ സഹായത്തോടെ 'മെട്രോ ദിസ് വേ, മെട്രോ ദിസ് വേ, മെട്രോ ദിസ് വേ' എന്ന് താളത്തില്‍ വിളിച്ചുപറയുന്ന ഈ കെനിയന്‍ യുവാവ് ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയ സെന്‍സേഷനായി വളരുകയായിരുന്നു.

Also Read: ഉത്സവഛായയില്‍ ഫിഫ ലോകകപ്പ്; വിമര്‍ശകര്‍ക്കു മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി ഖത്തര്‍

യുവാവിന്റെ ഈ സഹായ ദൗത്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇദ്ദേഹത്തെ കാണാന്‍ നിരവധി പേരാണ് സൂഖ് വാഖിഫിലേക്ക് എത്തുന്നത്. ഇദ്ദേഹത്തോടൊത്ത് സെല്‍ഫി എടുക്കാനും കുശലം പറയാനുമായി എത്തുന്നവരുടെ തിരക്കില്‍ സെലിബ്രിറ്റി പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അബൂബക്കര്‍ അബ്ബാസ്. തന്നെ കാണാന്‍ കൂടിനിന്നവരോട് മെട്രോ എന്ന് തന്റെ മെഗാ ഫോണിലൂടെ വിളിച്ചുപറയുമ്പോല്‍ ദിസ് വേ എന്ന കൂടിനിന്നവര്‍ ഏറ്റുപറയുന്ന വീഡിയോയും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

Also Read: സൗദിയില്‍ ഓണ്‍ലൈന്‍ ഭിക്ഷാടനം നടത്തിയാല്‍ അര ലക്ഷം റിയാല്‍ പിഴയും ആറു മാസം തടവും

താരമൂല്യം കൂടിയതോടെ ചടങ്ങുകളിലെ അതിഥിയായി മാറിയിരിക്കുകയാണ് ഈ യുവാവ്. അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ഇംഗ്ലണ്ട്- യുഎസ് മല്‍സരത്തില്‍ മുഖ്യാതിഥികളില്‍ ഒരാള്‍ അബൂബക്കര്‍ അബ്ബാസായിരുന്നു. ലോകകപ്പിനായി ഒരുക്കിയ പ്രധാന പൊതുഗതാഗത സംവിധാനമായ ദോഹ മെട്രോയെ സന്ദര്‍ശകര്‍ക്കിടയില്‍ ഹിറ്റാക്കാന്‍ സഹായിച്ചതിന് നന്ദി സൂചകമായാണ് ഇദ്ദേഹത്തെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകര്‍ അതിഥിയായി സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചത്. അബ്ബാസിന്റെ സേവനത്തിന് നന്ദി പറഞ്ഞ സംഘാടകര്‍ സ്റ്റേഡിയത്തില്‍ നിന്ന് അബ്ബാസിനോടൊപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ