ആപ്പ്ജില്ല

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ പിടിവീഴും; 3 വര്‍ഷം വരെ തടവ്, ഖത്തറിലെ പുതിയ നിബന്ധനകള്‍

ഗതാഗത സൈന്‍ ബോര്‍ഡുകള്‍ നശിപ്പിക്കുക, മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക, ബോര്‍ഡില്‍ എഴുതിയിരിക്കുന്ന വിവരങ്ങളില്‍ കേടുപാടുകളോ മാറ്റങ്ങളോ വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഒത്തുതീര്‍പ്പില്ല.

Samayam Malayalam 19 Jan 2021, 4:53 pm
ദോഹ: ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ വിട്ടുവീഴ്ചകളോ ഉണ്ടാകില്ലെന്ന് അധികൃതര്‍. നിയമലംഘകര്‍ കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. കുറഞ്ഞത് 1 മാസം മുതല്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ഉണ്ടാകും.
Samayam Malayalam Qatar  (1)
ഫയല്‍ ചിത്രം


Also Read: നോല്‍ കാര്‍ഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ പരിശോധന; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

10,000 റിയാല്‍ മുതല്‍ പരമാവധി 50,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് ഒരാഴ്ച മുതല്‍ പരമാവധി മൂന്നാഴ്ച വരെ തടവുശിക്ഷയും 20,000 റിയാല്‍ മുതല്‍ പരമാവധി 50,000 റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ഗതാഗത ബോധവത്കരണം വിഭാഗം ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖുവാരി പറഞ്ഞു.

ഗതാഗത നിയമങ്ങളെ കുറിച്ച് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വെര്‍ച്വല്‍ ബോധവത്കരണ സെമിനാറിലാണ് ഗതാഗത ലംഘനങ്ങളിലെ ശിക്ഷാ നടപടികളെ കുറിച്ച് വിശദീകരിച്ചത്. ഗതാഗത സൈന്‍ ബോര്‍ഡുകള്‍ നശിപ്പിക്കുക, മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക, ബോര്‍ഡില്‍ എഴുതിയിരിക്കുന്ന വിവരങ്ങളില്‍ കേടുപാടുകളോ മാറ്റങ്ങളോ വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഒത്തുതീര്‍പ്പില്ല. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഒരു മാസം മുതല്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ചുമത്തും. രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഓടിക്കല്‍, വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കാതെ ഓടിക്കുക തുടങ്ങിയ ലംഘനങ്ങളില്‍ ഒതുതീര്‍പ്പ് സാധ്യമാണ്.

Also Read: അബുദാബിയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു പ്രവാസി മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

ഇത്തരം കേസുകളില്‍ പരമാവധി 1,500 മുതല്‍ 3,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. എതിര്‍ വശത്തേക്ക് വാഹനം ഓടിച്ചാല്‍ 6,000 റിയാല്‍ ആണ് പിഴ. ട്രക്കുകളും ട്രെയിലറുകളും സെമി- ട്രെയിലറുകളും വലതുവശത്തു കൂടി ഓടിക്കാതിരിക്കുകയോ മറ്റ് വാഹനങ്ങളെ മറികടക്കുകയോ ചെയ്താല്‍ 3,000 റിയാല്‍ പിഴ നല്‍കേണ്ടി വരും. അതിവേഗതയില്‍ ഗതാഗതത്തിന് തടസ്സം വരുന്ന രീതിയില്‍ വാഹനം ഓടിച്ചാല്‍ 300 റിയാലാണ് പിഴ. അനുവദിച്ചിട്ടില്ലാത്ത പാതകളിലൂടെ ടിപ്പറുകള്‍, ബുള്‍ഡോസറുകള്‍ എന്നിവ ഓടിച്ചാല്‍ 3,000 റിയാല്‍, മുന്‍കരുതല്‍ പാലിക്കാതെ കാല്‍നടയാത്രക്കാര്‍ റോഡ് കുറുകെ കടന്നാല്‍ 200 റിയാല്‍ എന്നിങ്ങനെയാണ് പിഴ ചുമത്തുക.

ആര്‍ട്ടിക്കിള്‍ ഷോ