ആപ്പ്ജില്ല

അറബ് ഉപരോധത്തില്‍ ആരും വിജയിച്ചില്ലെന്ന് ഖത്തര്‍; എല്ലാവരും തോറ്റു

ചര്‍ച്ചയിലൂടെയല്ലാതെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാവില്ല

Samayam Malayalam 26 Sept 2021, 11:07 am
ദോഹ: ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ആര്‍ക്കും വിജയമില്ലെന്നും എല്ലാവരും പരാജയപ്പെടുകയാണുണ്ടായതെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. യുഎന്‍ ജനറല്‍ അംസബ്ലിയുടെ ഭാഗമായി നടന്ന വിദേശ ബന്ധങ്ങള്‍ക്കായുള്ള യുസ് കൗണ്‍സിലിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് പ്രതിസന്ധിയില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം, ചര്‍ച്ചയിലൂടെയല്ലാതെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാവില്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam qatar says no one has succeeded in the arab embargo
അറബ് ഉപരോധത്തില്‍ ആരും വിജയിച്ചില്ലെന്ന് ഖത്തര്‍; എല്ലാവരും തോറ്റു



​അറബ് രാജ്യങ്ങള്‍ അവസരങ്ങള്‍ പാഴാക്കി

ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിച്ച ജിസിസി രാജ്യങ്ങള്‍ പരസ്പര സഹകരണത്തിനുള്ള അവസരങ്ങളും സമയവും പാഴാക്കുകയാണ് ചെയ്തത്. ഉപരോധത്തിലൂടെ ആര്‍ക്കും ഒരു നേട്ടവുമുണ്ടായില്ല. എന്നു മാത്രമല്ല എല്ലാവര്‍ക്കും വലിയ നഷ്ടങ്ങള്‍ സംഭവിച്ചു. പ്രതിസന്ധിയില്‍ ആരും ജയിച്ചില്ലെങ്കിലും അനുരഞ്ജനത്തിന് വിജയം കാണാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ നമ്മള്‍ പഠിച്ചു. ഖത്തറിനു മാത്രമല്ല, മറ്റു രാജ്യങ്ങള്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ഇതിലൂടെ പഠിക്കാനായി. അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്കു മുമ്പ് നടപടികള്‍ കൈക്കൊള്ളാന്‍ പാടില്ലെന്ന പാഠമായിരുന്നു ഏറ്റവും വലുത്.


​അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കണം

ഗള്‍ഫ് പ്രതിസന്ധി നല്‍കിയ അനുഭവങ്ങളില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു. മേഖലയ്ക്ക് പുറത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ പൊതുവായ സുരക്ഷാ സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി രൂപപ്പെടുത്തേണ്ടതുണ്ട്. അറബ് രാജ്യങ്ങള്‍ കൂടുതല്‍ പൊതു മണ്ഡലങ്ങള്‍ സൃഷ്ടിക്കുകയും പൊതുവായ ലക്ഷ്യങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിനെതിരേ ഉണ്ടായ ഉപരോധം പോലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.


​ഖത്തറിന്റെ മധ്യസ്ഥ റോളിനെ കുറിച്ച്

രാജ്യത്തിന്റെയും മേഖലയുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് ഖത്തര്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി മധ്യസ്ഥന്റെ റോളില്‍ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഒരു പാട് പ്രതിസന്ധികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. ഈ അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചത്, നാം ഒന്നും ചെയ്യാതെ നിര്‍വികാരമായി ഇരുന്നാല്‍ പ്രതിസന്ധികള്‍ അതേപടി തുടരുമെന്നാണ്. നമുക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്തുതരാന്‍ മറ്റാരുമുണ്ടാവില്ല. അവ നാം തന്നെ പരിഹരിക്കേണ്ടതായിട്ടുണ്ട്. ഈ തിരിച്ചറിവാന്‍ മധ്യസ്ഥന്റെ കുപ്പായമിടാന്‍ ഖത്തറിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.


​ഖത്തറിനെതിരായ അറബ് ഉപരോധം


2017 ജൂണ്‍ അഞ്ചിനായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരേ നയതന്ത്ര ഉപരോധത്തിനു പുറമെ എല്ലാ അതിര്‍ത്തികളും അടയ്ക്കുകയും ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ സൗദിയെയും യുഎഇയെയും ആശ്രയിച്ചിരുന്ന ഖത്തറിന് പെട്ടെന്നുണ്ടായ ഉപരോധം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇറാന്‍, തുര്‍ക്കി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ഖത്തര്‍ ഈ വെല്ലുവിളികളെ അതിജീവിച്ചത്. ഖത്തര്‍ ഇറാനുമായും ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായും ബന്ധം വിച്ഛേദിക്കണം, അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം, ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആവശ്യങ്ങള്‍ അന്യായവും ആരോപണങ്ങള്‍ അടിസ്ഥാന രഹിതവുമാണെന്ന് പറഞ്ഞ ഖത്തര്‍, ഉപരോധ രാജ്യങ്ങള്‍ക്ക് വഴങ്ങുന്നതിന് പകരം അതിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. അമേരിക്കയില്‍ ഉണ്ടായ ഭരണമാറ്റം ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജനുവരി ഒന്നിന് സൗദിയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ തയ്യാറാവുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്