ആപ്പ്ജില്ല

ഹാജിമാര്‍ മടങ്ങി; ഇനി ഉംറ തീര്‍ഥാടനത്തിന്റെ ദിനങ്ങള്‍, രണ്ടാഴ്ചയ്ക്കിടെ വിസ നല്‍കിയത് 20,000ത്തിലേറെ പേര്‍ക്ക്

ഉംറ ബുക്കിംഗ് നടത്താന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ എന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ നിന്നുണ്ടായ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Samayam Malayalam 2 Aug 2022, 9:50 am
മക്ക: ഹജ്ജ് തീര്‍ഥാടനം സമാപിച്ച് ഹാജിമാരെല്ലാം മക്കയില്‍ നിന്നും മദീനയില്‍ നിന്നും നാടുകളിലേക്ക് മടങ്ങിയ പശ്ചാത്തലത്തില്‍ മക്കയില്‍ ഇനി ഉംറ തീര്‍ഥാടനത്തിന്റെ നാളുകള്‍. ഉംറയ്ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയ രണ്ടാഴ്ചക്കിടെ 20,000 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം ആറായിരത്തിലേറെ ഉംറ വിസകളാണ് നല്‍കിയത്.
Samayam Malayalam 6000 umrah visas issued in three days saudi arabia
ഹാജിമാര്‍ മടങ്ങി; ഇനി ഉംറ തീര്‍ഥാടനത്തിന്റെ ദിനങ്ങള്‍, രണ്ടാഴ്ചയ്ക്കിടെ വിസ നല്‍കിയത് 20,000ത്തിലേറെ പേര്‍ക്ക്



​ഉംറ വിസ എളുപ്പത്തില്‍ ലഭിക്കാന്‍ ഇ പ്ലാറ്റ്‌ഫോം


വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം വികസിപ്പിച്ച ഇ-പ്ലാറ്റ്ഫോമുകള്‍ വഴി സൗദിക്ക് അകത്തുള്ളവര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും ഇഷ്ടാനുസരണമുള്ള പാക്കേജുകള്‍ തെരഞ്ഞെടുക്കാനും എളുപ്പത്തില്‍ ഉംറ വിസ നേടാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉംറ വിസ ലഭിച്ചു കഴിഞ്ഞാല്‍ വിദേശ തീര്‍ഥാടകര്‍ക്ക് ഇഅ്തമര്‍നാ ആപ്പ് വഴി ഉംറ പെര്‍മിറ്റിനും മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനക്കിനും റൗദ ശരീഫിലെ നമസ്‌കാരത്തിനുമുള്ള ബുക്കിംഗ് നടത്താന്‍ സാധിക്കും.

​വാക്ലസിന്‍ എടുക്കാത്തവര്‍ക്കും ഉംറയ്‌ക്കെത്താം


അതേസമയം, കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാത്തവര്‍ക്കും മക്കയിലെയും മദീനയിലെയും പള്ളികളിലും മറ്റ് പുണ്യ സ്ഥലങ്ങളിലും പ്രവേശിച്ച് ആരാധനകള്‍ നിര്‍വഹിക്കാനും ഇഅ്തമര്‍നാ ആപ്പ് വഴി ഉംറ പെര്‍മിറ്റ് നേടാനും സാധിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കോവിഡ് ബാധിച്ചവരോ കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. അല്ലാത്തവര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും പ്രവേശനം അനുവദിക്കും. ഉംറ ബുക്കിംഗ് നടത്താന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ എന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ നിന്നുണ്ടായ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

​കൊവിഡ് സ്ഥിരീകരിച്ചാല്‍ പെര്‍മിറ്റ് റദ്ദാകും

അതേസമയം, പെര്‍മിറ്റ് ലഭിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കുകയോ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന പക്ഷം അവരുടെ ഉംറ പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി റദ്ദാകും. ഹറമില്‍ കഴിയുന്ന മുഴുവന്‍ സമയവും വിശ്വാസികള്‍ മാസ്‌കു് ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഉംറ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതോടെ വിശ്വാസികള്‍ ഹറമില്‍ നിന്ന് പുറത്തുപോവുകയും വേണം. സൗദി പൗരന്മാര്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും ഇഅ്തമര്‍നാ ആപ്പ് വഴി എളുപ്പത്തില്‍ ഉംറ ബുക്കിംഗ് നടത്താനും പെര്‍മിറ്റ് നേടാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ