ആപ്പ്ജില്ല

റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും; ആരാധകര്‍ ആവേശത്തില്‍

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി നടത്തിയ സല്‍മാന്‍ ഷോയെ കുറിച്ചുള്ള പ്രഖ്യാപനത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടായത്.

Samayam Malayalam 29 Nov 2021, 9:53 am
റിയാദ്: റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ സ്‌റ്റേജ് ഷോ അവതരിപ്പിക്കും. ഡിസംബര്‍ 10നാണ് പരിപാടി. സല്‍മാന്‍ ഖാന്റെ ദബാംഗ് റീലോഡഡ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയില്‍ മറ്റു താരങ്ങളായ ശില്‍പ ഷെട്ടി, സുനില്‍ ഗ്രോവര്‍, സായി മഞ്ജ് രേക്കര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരും അണിനിരക്കും.
Samayam Malayalam bollywood superstar salman khan to dazzle riyadh season on december 10
റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും; ആരാധകര്‍ ആവേശത്തില്‍



​ടിക്കറ്റ് വിതരണം ഉടനെയെന്ന് സംഘാടകര്‍


ഡിസംബര്‍ 10ന് നടക്കുന്ന സല്‍മാന്‍ ഖാന്‍ ഷോയുടെ ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ സംഘാടകരായ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി തലവന്‍ തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി നടത്തിയ സല്‍മാന്‍ ഷോയെ കുറിച്ചുള്ള പ്രഖ്യാപനത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടായത്. സ്റ്റേജ് ഷോ വന്‍ വിജയമാവും എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​ബോളിവുഡ് താരങ്ങളുടെ ലൈവ് ഷോ


സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കാണികള്‍ക്കു മുമ്പില്‍ ലൈവ് ഷോ അവതരിപ്പിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി അല്‍ ശെയ്ഖിന്റെ ട്വിറ്റര്‍ പോസ്റ്റ് 2000ത്തിലേറെ തവണയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. നൂറു കണക്കിന് ആളുകള്‍ ഇതിന് കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ അന്തിം- ദി ഫൈനല്‍ ട്രൂത്ത് സൗദി തിയറ്ററുകളില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

​റിയാദ് സീസണ്‍ ഫെസ്റ്റിവല്‍


കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങി അടുത്ത മാര്‍ച്ച് വരെ തുടരുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി റിയാദിലെ 14 സോണുകളില്‍ 7500ലേറെ പരിപാടികളാണ് നടന്നുവരുന്നത്. ഇമേജിന്‍ മോര്‍ എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന പരിപാടിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ഇതിനകം സൗദിയില്‍ എത്തിയത്. സൗദിയിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക, വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍.

ആര്‍ട്ടിക്കിള്‍ ഷോ