ആപ്പ്ജില്ല

ഇരട്ട പ്രഹരം; കസ്റ്റമര്‍ കെയര്‍ ജോലികള്‍ ഇനി സൗദികള്‍ക്കു മാത്രം; കോള്‍ സെന്റര്‍ ഔട്ട്‌സോഴ്‌സിംഗിനും

പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കോള്‍ സെന്ററുകള്‍ക്ക് അവസാനമാവും.

Samayam Malayalam 2 Feb 2021, 8:42 am
സൗദിയില്‍ വിവിധ കസ്റ്റമര്‍ കെയര്‍ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കി ഹ്യൂമണ്‍ റിസോഴ്‌സ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയം. കോള്‍ സെന്ററുകള്‍ വഴി രാജ്യത്തെ കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശരാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയതായും മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി അറിയിച്ചു.
Samayam Malayalam customer care jobs are now only for saudis
ഇരട്ട പ്രഹരം; കസ്റ്റമര്‍ കെയര്‍ ജോലികള്‍ ഇനി സൗദികള്‍ക്കു മാത്രം; കോള്‍ സെന്റര്‍ ഔട്ട്‌സോഴ്‌സിംഗിനും



​ഇന്ത്യക്കുള്‍പ്പെടെ തിരിച്ചടിയാവും


നിലവില്‍ ഇന്ത്യ, പാകിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സൗദിയിലെ വിവിധ കസ്റ്റമര്‍ കെയര്‍ സേവനവുമായി ബന്ധപ്പെട്ട കോള്‍ സെന്ററുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നത്. സൗദിയിലെ ഉപഭോക്താക്കള്‍ക്ക് ഈ രാജ്യങ്ങളിലെ കോള്‍ സെന്ററുകളില്‍ നിന്നാണ് ടെലഫോണ്‍ വഴിയും മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ വഴിയും കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കോള്‍ സെന്ററുകള്‍ക്ക് അവസാനമാവും.

​എല്ലാം സൗദികള്‍ ചെയ്യും


നിലവില്‍ വിദേശരാജ്യങ്ങളിലെ കോള്‍ സെന്ററുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ സൗദിയില്‍ വച്ച് സ്വദേശികള്‍ തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍, സോഷ്യല്‍ മീഡിയ ആശയവിനിമയങ്ങള്‍ തുടങ്ങി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട എല്ലാ കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളും സൗദിയില്‍ വച്ചുതന്നെ നടത്താനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

​പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം


രാജ്യത്തിന് പുറത്തുള്ള കോള്‍ സെന്ററുകള്‍ അടച്ചുപൂട്ടുന്നതോടൊപ്പം കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം കൂടി പ്രഖ്യാപിച്ചതോടെ നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് തൊഴിലുകള്‍ നഷ്ടമാവുമെന്നും വിലയിരുത്തപ്പെടുന്നു. കമ്മ്യൂണിക്കേഷന്‍ ആന്റ് ഐടി മന്ത്രാലയം, ഐടി കമ്മീഷന്‍, നാഷനല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സൗദികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ