ആപ്പ്ജില്ല

സൗദിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു; സൗദി ചരിത്രവും പഠിപ്പിക്കണം

സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ സൗദി എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇവാല്വേഷന്‍ കമ്മീഷന്‍ നല്‍കുന്ന പ്രൊഫഷണല്‍ ടീച്ചിംഗ് ലൈസന്‍സ് നേടേണ്ടതുണ്ട്.

Samayam Malayalam 14 Dec 2022, 9:21 am
റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പുതിയ പെരുമാറ്റച്ചട്ടം വരുന്നു. ഇതിന്‍റെ അന്തിമ മിനുക്കുപണികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയമെന്ന് സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു. സൗദി അറേബ്യയിലെ സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ടീച്ചിംഗ് ലൈസന്‍സ് നിര്‍ബന്ധമാണെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്. വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ സ്‌കൂളുകള്‍ സൗദി വിദ്യാര്‍ഥികളെ പാഠ്യപദ്ധതിയിലെ ഒരു വിഷയമായി ദേശീയ ഐഡന്‍റിറ്റി പഠിപ്പിക്കും. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.
Samayam Malayalam license mandatory for private school teachers in saudi arabia
സൗദിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു; സൗദി ചരിത്രവും പഠിപ്പിക്കണം


​സ്‌കൂള്‍ തുടങ്ങാനും ലൈസന്‍സ് വേണം

സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ സൗദി എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇവാല്വേഷന്‍ കമ്മീഷന്‍ നല്‍കുന്ന പ്രൊഫഷണല്‍ ടീച്ചിംഗ് ലൈസന്‍സ് നേടേണ്ടതുണ്ട്. സൗദികള്‍ക്കോ വിദേശ നിക്ഷേപകര്‍ക്കോ വിദേശ സ്‌കൂളുകള്‍ നടത്താനുള്ള ലൈസന്‍സിന് അപേക്ഷിക്കാമെന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു. സൗദികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും സംയുക്തമായും അപേക്ഷിക്കാം. വ്യക്തികള്‍ക്കു പുറമെ, പൊതുതാത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. പുതിയ ബൈലോ അനുസരിച്ച്, സ്‌കൂള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനായുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ മുന്‍കൂറായി നേടിയിരിക്കണം. അപേക്ഷകന്‍ നേരത്തേ ഏതെങ്കിലും സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തിയാകരുതെന്നും ബൈലോയില്‍ പറയുന്നു.

​വിദേശ നിക്ഷേപകന് പ്രത്യേക അനുമതി വേണം

അപേക്ഷകന്‍ ഒരു വിദേശ നിക്ഷേപകനാണെങ്കില്‍, വിദ്യാഭ്യാസ മേഖളയില്‍ മുന്‍ പരിചയമുണ്ട് എന്നതിന്‍റെ തെളിവ് ഹാജരാക്കണം. അതിന് പുറമേ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സും നേടിയിരിക്കണം. നിക്ഷേപ ലൈസന്‍സ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ബൈലോയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിലൊന്ന് സ്ഥാപന ഉടമ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഈ നിബന്ധനകള്‍ പാലിക്കുന്ന മറ്റൊരു വ്യക്തിക്ക് ലൈസന്‍സിംഗ് അവകാശം മൂന്ന് മാസത്തിനുള്ളിലോ അതിനു മുമ്പ് അധ്യയന വര്‍ഷം അവസാനിക്കുമെങ്കിലും ആ സമയത്തോ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിയോടെ കൈമാറാം.

​ഫീസ് ഘടന സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം

സ്‌കൂളിന്‍റെ വലുപ്പത്തിനനുസരിച്ച് പ്രിന്‍സിപ്പലിനെയും യോഗ്യതയുള്ള വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെയും നിയമിക്കാനും ട്യൂഷന്‍ ഫീസും അവ പിരിക്കുന്നതിനുള്ള സംവിധാനവും സംബന്ധിച്ച് ചട്ടങ്ങള്‍ രൂപീകരിക്കാനും പുതിയ ബൈലോ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി അക്കാദമിക് കലണ്ടറില്‍ ഭേദഗതി ആവശ്യപ്പെടാന്‍ സ്വകാര്യ സ്‌കൂളിന് അനുവാദമുണ്ടായിരിക്കും. സ്‌കൂളുകള്‍ക്ക് ഇന്‍സെന്‍റീവുകളോ സബ്സിഡികളോ സാമ്പത്തിക വായ്പകളോ ലഭിക്കുന്നുണ്ടെങ്കില്‍ വരുമാനത്തിന്‍റെയും ചെലവിന്‍റെയും ബാലന്‍സ് ഷീറ്റ് തയ്യാറാക്കി ഒരു പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം.

​നിയമ ലംഘനത്തിന് കടുത്ത ശിക്ഷ

ബൈലോയിലെ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും ലംഘനം, ഇസ്ലാം മതത്തെയും സൗദി അറേബ്യയെയും അതിന്‍റെ നേതാക്കളെയും പൊതു വ്യക്തികളെയും അവഹേളിക്കല്‍, സമൂഹത്തിന്‍റെ ബൗദ്ധിക, ആരോഗ്യ സുരക്ഷകള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ കുറ്റകരമാണ്. കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ സാഹചര്യം കണക്കിലെടുത്ത് ഒന്നോ അതിലധികമോ പിഴകള്‍ ഉണ്ടാകും. നിയമ ലംഘനം ശരിയാക്കുന്നതുവരെ പുതിയ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കല്‍, അഞ്ചു ലക്ഷം റിയാലില്‍ കൂടാത്ത പിഴ, സ്‌കൂള്‍ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പലിനെയോ അതിലെ ഏതെങ്കിലും അധ്യാപകരെയോ നാടുകടത്തല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടിവരും. നിയമലംഘനത്തിന്‍റെ ഗൗരവവും അതിന്‍റെ ആവര്‍ത്തനവും കണക്കിലെടുത്തായിരിക്കും പിഴ ചുമത്തല്‍. സ്‌കൂളിന്‍റെ വലിപ്പം, അതിന്റെ നിലവാരം, കമ്മ്യൂണിറ്റി പങ്കാളിത്തം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കപ്പെടും. പിഴയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തീരുമാനങ്ങള്‍ക്കെതിരെ ഒരു മാസത്തിനുള്ളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് അപ്പീല്‍ നല്‍കാന്‍ സ്‌കൂളുകള്‍ക്ക് അനുവാദമുണ്ടായിരിക്കുമെന്നും പുതിയ ബൈലോയില്‍ പറയുന്നു. എന്നാല്‍, എന്നു മുതലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരികയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Video- ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം ചുട്ടിപ്പാറയിൽ ഒരുങ്ങുന്നു

ആര്‍ട്ടിക്കിള്‍ ഷോ