ആപ്പ്ജില്ല

സൗദി സ്വകാര്യ സ്‌കൂളുകള്‍ക്ക് ക്ലാസ് സമയം സ്വന്തം നിലയ്ക്ക് തീരുമാനിക്കാന്‍ അനുമതി

സൗദി അറേബ്യയിൽ സ്വകാര്യ സ്‌കൂളുകള്‍ക്ക് ക്ലാസ് സമയം സ്വന്തം നിലയ്ക്ക് തീരുമാനിക്കാന്‍ അനുമതി. ക്ലാസ് സമയത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും സ്‌കൂള്‍ പ്രവൃത്തി ദിവസം ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനുമുള്ള സമയം ക്രമീകരിക്കാനുമാണ് അനുമതി. 

Samayam Malayalam 27 Jan 2023, 11:42 am
ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അഫിലിയേറ്റഡ് സ്വകാര്യ, അന്താരാഷ്ട്ര സ്‌കൂളുകള്‍ക്ക് ക്ലാസ് സമയത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും സ്‌കൂള്‍ പ്രവൃത്തി ദിവസം ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനുമുള്ള സമയം ക്രമീകരിക്കാനും അനുമതി. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ, അന്തര്‍ദേശീയ സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം.
Samayam Malayalam permission for private schools in saudi arabia to decide class timings
സൗദി സ്വകാര്യ സ്‌കൂളുകള്‍ക്ക് ക്ലാസ് സമയം സ്വന്തം നിലയ്ക്ക് തീരുമാനിക്കാന്‍ അനുമതി


ക്ലാസ് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം


പ്രൈവറ്റ്, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ക്ലാസ് സമയത്തിന്റെ ദൈര്‍ഘ്യം നിര്‍ണയിക്കുന്നതിനുള്ള അനുമതി മന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, സ്‌കൂളുകളിലെ പ്രാഥമിക, ഇന്റര്‍മീഡിയറ്റ് തലങ്ങളില്‍ ക്ലാസ് സമയത്തിന്റെ ദൈര്‍ഘ്യം 35 മിനിറ്റിനേക്കാളും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 40 മിനിറ്റിനേക്കാളും കുറയരുത്. അതായത് ക്ലാസ് സമയം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് പൊതു വിദ്യാലയങ്ങളിലെ പഠന സമയത്തേക്കാള്‍ യഥാക്രമം മുപ്പത്തിഅഞ്ചോ നാല്‍പതോ മിനുട്ട് വരെ അത് കുറയ്ക്കാം.

ക്ലാസുകള്‍ തുടങ്ങുന്ന സമയത്തിലും മാറ്റം അനുവദിക്കും


സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സമയത്തിന്റെ കാര്യത്തിലും ഈ സ്വാതന്ത്ര്യം സ്വകാര്യ, അന്താരാഷ്ട്ര സ്‌കൂളുകള്‍ക്ക് മന്ത്രാലയം നല്‍കിയിട്ടുണ്ട്. എന്നാല്‍ അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സമയത്തില്‍നിന്ന് അര മണിക്കൂര്‍ മുന്നോട്ട് പോകാനോ ഒരു മണിക്കൂര്‍ വൈകാനോ മാത്രമേ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. പൊതു സ്‌കൂളുകളിലെ ഓരോ ക്ലാസിനും പിന്തുടരുന്ന ദൈനംദിന, പ്രതിവാര ക്ലാസ് സമയത്തിന് അനുസൃതമായി സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന, പരിഷ്‌ക്കരണ അവസരങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാറ്റങ്ങള്‍ മുന്‍കൂട്ടി ഗുണഭോക്താക്കളെ അറിയിക്കണം


ഈ രീതിയില്‍ പഠന സമയത്തിലോ ക്ലാസുകള്‍ ആരംഭിക്കുന്ന സമയത്തിലോ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകള്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെയോ അവ അഫ്‌ലിയേറ്റ് ചെയ്തിരിക്കുന്ന ബന്ധപ്പെട്ട അന്താരാഷ്ട്ര വിദ്യാഭ്യാസ ഓഫീസുകളെയോ അറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. സെമസ്റ്റര്‍ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പോ അല്ലെങ്കില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ വേളയിലോ സമയ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അറിയിക്കാന്‍ സംവിധാനം ഒരുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ