ആപ്പ്ജില്ല

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; സൗദിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് 121 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ മുനിസിപ്പാലിറ്റി താല്‍ക്കാലികമായി പൂട്ടിച്ചിരുന്നു.

Samayam Malayalam 10 Apr 2021, 12:58 pm
റിയാദ്: കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദിയിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ബാബ് ഷെരീഫ് സെന്‍ട്രല്‍ മാര്‍ക്കറ്റ് ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ഇവിടെയുള്ള മിക്കവാറും ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാസ്‌ക് ധരിക്കാതെയാണ് പലരും മാര്‍ക്കറ്റിലെത്തുന്നതെന്നും വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും മറ്റുമുള്ള പരാതികള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യാപകമാണെന്നും തങ്ങളുടെ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായും അല്‍ ബലദ് മേയര്‍ ബാസില്‍ ഫെലെംബാന്‍ അറിയിച്ചു.
Samayam Malayalam saudi central market shuts after covid rules violations
കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; സൗദിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു



​121 വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് 121 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ മുനിസിപ്പാലിറ്റി താല്‍ക്കാലികമായി പൂട്ടിച്ചിരുന്നു. 5000ത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്. ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയുമുണ്ടായി.

​കൊവിഡ് പ്രതിദിന കേസുകള്‍ 900 കടന്നു

സൗദിയില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 904 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതുതായി 19 പേര്‍ കൊവിഡ് ബാധ മൂലം മരണപ്പെടുകയുമുണ്ടായി. ഇതിനകം 396,758 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സൗദിയില്‍ 6737 പേരാണ് ഇതുമൂലം മരണപ്പെട്ടത്. റിയാദ് മേഖലയിലാണ് കൊവിഡ് ബാധ രൂക്ഷം. ഇവിടെ കഴിഞ്ഞ ദിവസം മാത്രം 401 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 169 കേസുകളാണ് മക്ക മേഖലയാണ് റിയാദിന്റെ തൊട്ടുപിന്നില്‍.

വാക്സിന്‍; 75 കഴിഞ്ഞവര്‍ക്ക് അപ്പോയിന്‍മെന്റ് വേണ്ട

75 വയസ്സ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിനെടുക്കാന്‍ മുന്‍കൂട്ടിയുള്ള അപ്പോയിന്‍മെന്റിന്റെ ആവശ്യമില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ നേരെ വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതി. നിലവില്‍ 587 കേന്ദ്രങ്ങളില്‍ നിന്നാണ് സൗദിയില്‍ വാക്സിന്‍ വിതരണം നടക്കുന്നത്. രാജ്യത്തെ വാക്സിന്‍ എടുത്തവരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കാന്‍ പോവുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം സിഹത്തീ ആപ്പ് വഴി അത് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

Video-സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത... കുറുവാ ദ്വീപ് തുറക്കുന്നു

ആര്‍ട്ടിക്കിള്‍ ഷോ