ആപ്പ്ജില്ല

നടുറോഡില്‍ വാഹനം ബ്രേക്ക് ഡൗണായാല്‍ എന്തു ചെയ്യണം? നിര്‍ദേശങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്

വാഹനം നടുറോഡില്‍ വെച്ച് പണിമുടക്കിയാല്‍ എന്തു ചെയ്യും? ഇതുമായി ബന്ധപ്പെട്ട വീഡിയോ അബുദാബി പോലീസ് പുറത്തുവിട്ടു. വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

Samayam Malayalam 29 Oct 2022, 10:36 am
അബുദാബി: റോഡിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാഹനം നടുറോഡില്‍ വെച്ച് പണിമുടക്കിയാല്‍ എന്തു ചെയ്യും, പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍? ഇതുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പോലീസ്. ഹൈവേകളില്‍ പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് ഗുരുതരമായ ട്രാഫിക് ലംഘനവും വലിയ അപകടങ്ങള്‍ക്ക് കാരണമാകാവുന്ന കാര്യവുമാണ്. എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നടുറോഡില്‍ ബ്രേക്ക് ഡൗണായാല്‍ വാഹനത്തില്‍ ഉള്ളവരുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യമാണ് അബുദാബി പോലീസിന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം 500 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
Samayam Malayalam abu dhabi police releases video on car breaks down on highway
നടുറോഡില്‍ വാഹനം ബ്രേക്ക് ഡൗണായാല്‍ എന്തു ചെയ്യണം? നിര്‍ദേശങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്


​അപകടം ഒഴിവാക്കാന്‍ ആറ് കാര്യങ്ങള്‍

ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതരാവാനും അപകടങ്ങള്‍ ഒഴിവാക്കാനും ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് അബുദാബി പോലീസ് വീഡിയോയില്‍ പറയുന്നത്. ഇങ്ങനെ വാഹനം വഴി മധ്യേ ബ്രേക്ക് ഡൗണ്‍ ആയാല്‍ ആദ്യം ചെയ്യേണ്ടത് വാഹനം റോഡില്‍ നിന്ന് പുറത്തേക്ക് മാറ്റി എമര്‍ജന്‍സി ഏരിയയിലേക്ക് നീക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് റോഡിന്റെ വലതു ഭാഗം ഉപയോഗിക്കുന്നതാണ് നല്ലത്. അപകട മുന്നറിയിപ്പ് നല്‍കുന്ന ഹസാഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തു വേണം വാഹനം റോഡരികിലേക്ക് മാറ്റാന്‍. മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വാഹനത്തിന് പുറകിലായി റിഫ്‌ളെക്റ്റീവ് ട്രയാങ്കിള്‍ സ്ഥാപിക്കുകയും വേണം. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങണമെന്നും വീഡിയോയില്‍ പറയുന്നു. അതിനു ശേഷം 999 എന്ന എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ നമ്പറില്‍ സഹായത്തിനായി വിളിച്ചാല്‍ ഉടന്‍ പോലീസ് അധികൃതര്‍ സഹായത്തിനായി സ്ഥലത്തെത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇനി ഏതെങ്കിലും കാരണത്താല്‍ വാഹനം റോഡില്‍ നിന്ന് പുറത്തേക്ക് മാറ്റാനാവാത്ത സാഹചര്യമുണ്ടായാല്‍ അക്കാര്യം എമര്‍ജന്‍സി നമ്പറില്‍ ഉടനെ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

​നടുറോഡില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴ

എന്തു കാരണത്താലാണെങ്കിലും റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഇങ്ങനെ റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പോലീസ് പുറത്തുവിട്ടിരുന്നു. ഒരാള്‍ ഹസാഡ് ലൈറ്റുകള്‍ ഓണാക്കി വാഹനം റോഡിന് മധ്യേ നിര്‍ത്തിയിടുന്നതും മറ്റു വാഹനങ്ങള്‍ ഇത് കണ്ട് ഇരുലശങ്ങളിലൂടെ മാറിപ്പോകുന്നതും എന്നാല്‍ വേഗതയില്‍ വരുന്ന ഒരു വാഹനം നിയന്ത്രണം കിട്ടാതെ നിര്‍ത്തിയ വാഹനത്തിന്റെ പിറകില്‍ ഇടക്കുന്നതുമായ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.

​ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു

അതിനിടെ, അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. നിയമ ലംഘനമുണ്ടായി 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് നല്‍കുമെന്നാണ് അബുദാബി പോലീസിന്റെ അറിയിപ്പ്. ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ട്രാഫിക് പിഴ അടയ്ക്കാന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ദാഹി അല്‍ ഹുമൈരി അറിയിച്ചു. അബുദാബി സര്‍ക്കാരിന്റെ താം ഡിജിറ്റല്‍ ചാനല്‍, പോലീസിന്റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്‌ഫോം യുഎഇയിലെ അഞ്ച് ബാങ്കുകളുടെ മൊബൈല്‍ ആപ്പ് എന്നിവ വഴി പിഴയടക്കാന്‍ സൗകര്യമുണ്ട്. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് തവണകളായി പിഴയടക്കാനും സൗകര്യമുണ്ടാകുമെന്നും അബുദാബി പോലീസ് അറിയിച്ചു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മശ്‌റിഖ് അല്‍ ഇസ്ലാമി, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളിലാണ് ഈ സൗകര്യമുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ