ആപ്പ്ജില്ല

ദുബായില്‍ ഇത്തവണത്തെ റമദാനിന് ഇഫ്ത്താര്‍ ടെന്‍റുകളില്ല

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകള്‍ ഇത്തരം ഇഫ്ത്താര്‍ ടെന്‍റുകളിലെത്തിയാണ് നോമ്പ് തുറക്കാറ്. എന്നാല്‍ നിരവധി പേര്‍ ഒരിടത്ത് ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കുന്നത് കൊവിഡ് കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Lipi 3 Mar 2021, 1:17 pm

ഹൈലൈറ്റ്:

  • സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം
  • പുണ്യ മാസം സുരക്ഷിതമായി കടന്നുപോകണമെന്നാണ് ആഗ്രഹമെന്ന് അധികൃതര്‍
  • റമദാനില്‍ ഭക്ഷണ സാധനങ്ങളും മറ്റും ആവശ്യമുള്ളവര്‍ക്ക് അത് സൗജന്യമായി ലഭ്യമാകും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Ramadan (1)
പ്രതീകാത്മക ചിത്രം
ദുബായ്: കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ റമദാനില്‍ ഇഫ്ത്താര്‍ ടെന്റുകള്‍ ഉണ്ടാവില്ല. സമൂഹവ്യാപന സാധ്യത മുന്നില്‍ക്കണ്ട് എല്ലാ ഇഫ്ത്താര്‍ ടെന്റുകള്‍ക്കുമുള്ള അനുമതി റദ്ദാക്കിയതായി ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇഫ്ത്താര്‍ വേളയില്‍ തൊഴിലാളികള്‍ക്കും മറ്റുമായി ഒരുക്കുന്ന പ്രത്യേക ടെന്റുകളില്‍ ധാരാളം ആളുകള്‍ ഒരുമിച്ചുകൂടാനും അതുവഴി കൊവിഡിന്റെ സാമൂഹ്യവ്യാപനം ശക്തിപ്പെടാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് ദര്‍വീശ് അല്‍ മുഹൈരി അറിയിച്ചു.
ഒമ്പത് മാസത്തിനിടെ ഖത്തര്‍ ജനസംഖ്യ ഒന്നര ലക്ഷത്തോളം കുറഞ്ഞു
സാധാരണ ഗതിയില്‍ പള്ളികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും ജീവകാരുണ്യ സംഘടനകളുടെ വകയായും വിവിധ ഭാഗങ്ങളില്‍ സമൂഹ നോമ്പ്തുറകള്‍ സംഘടിപ്പിക്കാറുണ്ട്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകള്‍ ഇത്തരം ഇഫ്ത്താര്‍ ടെന്റുകളിലെത്തിയാണ് നോമ്പ് തുറക്കാറ്. എന്നാല്‍ നൂറുകണക്കിനാളുകള്‍ ഒരിടത്ത് ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കുന്നത് കൊവിഡ് കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പുണ്യ മാസം സുരക്ഷിതമായി കടന്നുപോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അല്‍ മുഹൈരി അറിയിച്ചു.

ഖത്തറിലെ ഡ്രൈവ് ത്രൂ വാക്സിന്‍; സമയവും ലൊക്കേഷനും എങ്ങനെ അറിയാം
ഇഫ്ത്താറുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റമദാനില്‍ ഭക്ഷണ സാധനങ്ങളും മറ്റും ആവശ്യമുള്ളവര്‍ക്ക് അത് സൗജന്യമായി ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ചാരിറ്റി വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് മുസബ്ബിഹ് ദാഹി അറിയിച്ചു. മീല്‍സ് ഓഫ് ഹോപ്പ് പദ്ധതി വഴി ഓണ്‍ലൈനായി അവ എത്തിക്കും. ആവശ്യക്കാര്‍ക്ക് പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സൊമാറ്റോയിലൂടെ ഓര്‍ഡര്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് താമസ സ്ഥലങ്ങളില്‍ ഇഫ്ത്താര്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചുനല്‍കുന്നതിന് സൗകര്യമൊരുക്കിയതായും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ