ആപ്പ്ജില്ല

'ഹായ്, അയാം സോറി' വാട്ട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍; ജാഗ്രത വേണമെന്ന് യുഎഇ

ഒരു സാഹചര്യത്തിലും നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന കോഡ് അക്കങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

Samayam Malayalam 16 Jan 2021, 9:52 am
ദുബായ്: തട്ടിപ്പിന്റെ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് ഹാക്കര്‍മാര്‍. നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കാനും അതുവഴി രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനും മറ്റുമാണ് ഇതിലൂടെ ഹാക്കര്‍മാര്‍ പദ്ധതിയിടുന്നത്. ഇത്തരമൊരു തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി.
Samayam Malayalam uae alert in hi i am sorry hackers message using to access whatsapp account for scam
'ഹായ്, അയാം സോറി' വാട്ട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍; ജാഗ്രത വേണമെന്ന് യുഎഇ


​എന്താണ് തട്ടിപ്പിന്റെ രീതി?

നിങ്ങളോട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന നമ്പര്‍ നിങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ പുതിയ ഫോണിലേക്ക് മാറ്റുന്നതിനുള്ള വെരിഫിക്കേഷന്‍ കോഡാണ്. തട്ടിപ്പുകാരന്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്ട്സാപ്പ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ തന്നെയാണ് അത് എന്ന് ഉറപ്പുവരുത്തുന്നതിനാണ് കമ്പനി നിങ്ങളുടെ മൊബൈലിലേക്ക് വെരിഫിക്കേഷന്‍ കോഡ് അയക്കുന്നത്. ആ കോഡ് നിങ്ങള്‍ തട്ടിപ്പുകാരന് പറഞ്ഞുകൊടുക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ട് അയാളുടെ ഫോണില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. അതോടെ നിങ്ങളുടെ മൊബൈലില്‍ വാട്ട്സാപ്പ് ലഭിക്കാതെ വരികയും ചെയ്യും.

​ഹൈ, അയാം സോറി...

വാട്ട്സാപ്പില്‍ വരുന്ന ഒരു മെസേജിലൂടെയായിരിക്കും തട്ടിപ്പിന്റെ തുടക്കം. ഹൈ, അയാം സോറി എന്നു തുടങ്ങുന്ന മെസേജില്‍ പറയുന്നത് നിങ്ങളുടെ മൊബൈലിലേക്ക് അബദ്ധത്തില്‍ ഒരു ആറക്ക കോഡ് എസ്എംഎസ്സായി അയച്ചുപോയിട്ടുണ്ടെന്നും അത് ഒന്ന് പറഞ്ഞുകൊടുക്കണമെന്നുമാണ്. ഈ കോഡ് നിങ്ങള്‍ പറഞ്ഞുകൊടുക്കുന്നതോടെ നിങ്ങളുടെ വാട്ട്സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാവും. അതിലുള്ള രഹസ്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയെടുക്കുക മാത്രമല്ല, നിങ്ങളുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാനും ഇത് ഉപയോഗിക്കും.

​യുഎഇയില്‍ വാട്ട്സാപ്പ് തട്ടിപ്പ് വ്യാപകം

ഇത്തരം തട്ടിപ്പ് യുഎഇയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പലര്‍ക്കും തങ്ങളുടെ അക്കൗണ്ടും അതിലെ വിവരങ്ങളുടെ നഷ്ടമായി. എന്നു മാത്രമല്ല, വാട്ട്സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കളില്‍ നിന്നും മറ്റും പണം തട്ടിയ സംഭവങ്ങളുണ്ടായി. നിങ്ങള്‍ക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും ഇന്ന അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് സന്ദശങ്ങളയച്ചാണ് വാട്ട്സാപ്പ് കോണ്‍ടാക്ടുകളില്‍ നിന്ന് പണം പിടുങ്ങിയത്.

Twitter-WhatsApp

ഒരിക്കലും കോഡ് നമ്പറുകള്‍ കൈമാറരുത്

ഒരു സാഹചര്യത്തിലും നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന കോഡ് അക്കങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കാരണം ഈ കോഡ് ഇല്ലാതെ ആര്‍ക്കും നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയില്ല. അതേസമയം, ആരാണ് ഇത്തരത്തില്‍ കോഡ് വാങ്ങി തട്ടിപ്പുനടത്തിയതെന്ന് കണ്ടെത്താന്‍ വാട്ട്സാപ്പിന് സാധിക്കുകയുമില്ല. ഇതാണ് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

​തട്ടിപ്പിനിരയായാല്‍ എന്തു ചെയ്യണം?

അബദ്ധവശാല്‍ നിങ്ങള്‍ വെരിഫിക്കേഷന്‍ കോഡ് കൈമാറുകയും നിങ്ങളുടെ അക്കൗണ്ട് മറ്റൊരാള്‍ ആക്സസ് ചെയ്തതിനാല്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ എന്തു ചെയ്യണമെന്നും യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. ഇടയ്ക്കിടെ നിങ്ങളുടെ വാട്ട്സാപ്പ് റിമൂവ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുകയെന്നതാണ് അതിലൊന്ന്. support@whatsapp.comലേക്ക് വാട്ട്സാപ്പിന്റെ ടെക്നിക്കല്‍ സപ്പോര്‍ട്ട് ടീമിന് ഇമെയില്‍ അയച്ച് വിവരങ്ങള്‍ ധരിപ്പിക്കുകയാണ് മറ്റൊരു വഴി. 'Lost/Stolen: Please deactivate my account.' എന്ന സന്ദേശവും +9715xxxxxxxx എന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമാണ് ഇമെയിലില്‍ അയക്കേണ്ടത്. അതോടൊപ്പം നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളോട് ആന്വേഷിക്കുക പോലും ചെയ്യാതെ പണം അയച്ചുകൊടുക്കാന്‍ സാധ്യതയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് മുന്നറിയിപ്പ് നല്‍കുകയും വേണം.

ആര്‍ട്ടിക്കിള്‍ ഷോ